ക്രെഡിറ്റ് കാർഡ് ശ്വാസം മുട്ടിക്കുന്നോ? ഇതാ മോചന വഴികൾ
- ആഗ്രഹ പൂർത്തിക്ക് അമിതമായി ചെലവഴിക്കുന്നതാണ് റിവെൻജ് സ്‌പെൻഡിങ്
- ഡെബിറ്റ് സ്നോബോൾ മെത്തേഡ് വേഗത്തിൽ കടങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും
- ഡെബിറ്റ് അവലാഞ്ച് മെത്തേഡ് വഴി പലിശ ചാർജുകൾ ഒഴിവാക്കാം
നമ്മുടെ ദൈനംദിന ജീവിതത്തിൽ സാമ്പത്തിക ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡുകൾ വളരെ സൗകര്യപ്രദമായ ഒരു ഉപാധിയാണ്. എന്നാൽ അത് അശ്രദ്ധമായി ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. അമിതമായ ചെലവും, പലിശ നിരക്കുകളും കൂടിച്ചേരുമ്പോൾ, ക്രെഡിറ്റ് കാർഡ് വലിയൊരു ഭാരമായി മാറുന്നു. ഇത്തരത്തിൽ നിങ്ങൾ ക്രെഡിറ്റ് കാർഡ് കടത്തിൽ കുടുങ്ങിയ ഒരു വ്യകതി ആണെങ്കിൽ, നിരാശപ്പെടേണ്ട. ചില തന്ത്രങ്ങളും, സാമ്പത്തിക അച്ചടക്ക മാർഗ്ഗങ്ങളും പിന്തുടർന്ന് അതിൽ നിന്ന് മോചനം നേടാം.
റിവെൻജ് സ്‌പെൻഡിങ് ഒഴിവാക്കുക
വികാരങ്ങളെ അടിസ്ഥാനമാക്കി കടം വാങ്ങി അമിതമായി ചെലവഴിക്കുന്ന പ്രവണതയാണ് റിവെൻജ് സ്‌പെൻഡിങ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്ന ഒന്നാണ് റിവെൻജ് സ്‌പെൻഡിങ് എന്ന് തിരിച്ചറിയുക. ആവശ്യങ്ങളെക്കാൾ ആഗ്രഹങ്ങൾക്കായി അമിതമായി ചെലവഴിക്കുന്നതാണ് റിവെൻജ് സ്‌പെൻഡിങ്. ഇത് പലപ്പോഴും കടം വാങ്ങിയാണ് നിറവേറ്റുന്നത്. ഒരു നഷ്ടം അല്ലെങ്കിൽ മാനസിക വേദന നികത്താനുള്ള ഒരു മാർഗമായി ആഡംബര വസ്തുക്കളിലോ, ലക്ഷറി അനുഭവങ്ങളിലോ മുഴുകാനുള്ള പ്രവണത നിങ്ങളെ റിവെൻജ് സ്‌പെൻഡിങ്ങിൽ കൊണ്ടെത്തിക്കുന്നു. ഇത് നിയന്ത്രിക്കാതെ പോയാൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പെട്ടെന്ന് തെറ്റിപ്പോകും.
ഒരിക്കൽ മാത്രമേ ജീവിക്കൂ- എന്ന മനോഭാവം, ദീർഘകാല സാമ്പത്തിക സുരക്ഷയെ കുറിച്ചുള്ള അലംഭാവമുള്ള സമീപനം, ബ്രേക്കപ്പ് മുതലായ കാരണങ്ങളാൽ വിഷാദങ്ങളെ അതിജീവിക്കാനും മറ്റും അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചിലവഴിക്കുക, ഇവയൊക്കെയാണ് റിവെൻജ് സ്‌പെൻഡിങ്ങിന്റെ പിന്നിലെ ചതികൾ. ഇത് പലപ്പോഴും വേണ്ടാത്ത ചെലവുകളിലെക്ക് നയിക്കുകയും കടുത്ത കടബാധ്യതയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ പലിശനിരക്ക് വർദ്ധിക്കുകയും, ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇപ്രകാരം ചെലവഴിക്കുന്നത് ഒഴിവാക്കാൻ, സ്വന്തം ബജറ്റിൽ ഒതുങ്ങി നിൽക്കണം. മാനസിക സമ്മർദ്ദം കുറക്കാൻ കുറഞ്ഞ ചെലവിലുള്ള സാമൂഹിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതും, നിങ്ങളുടെ സമ്പാദ്യം ഓട്ടോമേറ്റ് ചെയ്യുന്നതും സഹായിക്കും.
പേയ്മെന്റ് പ്ലാൻ തയ്യാറാക്കുക
എല്ലാ ക്രെഡിറ്റ് കാർഡുകളും അതിൽ ബാക്കി വരുന്ന തുകകളും ലിസ്റ്റ് ചെയ്യുക. ഏറ്റവും ഉയർന്ന പലിശ നിരക്കുള്ള കാര്‍ഡുകൾ തിരിച്ചറിയുക. ഓരോ കാർഡിലും എല്ലാ മാസവും അടയ്‌ക്കേണ്ട മിനിമം തുക എഴുതുക, എല്ലാ ക്രെഡിറ്റ് കാർഡുകളുടെയും പേയ്മെന്റ് തീയതികൾ എഴുതുക. ഈ വിവരങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വിലയിരുത്താനും ഒരു തിരിച്ചടവ് പദ്ധതി തയ്യാറാക്കാനും സഹായിക്കും. എല്ലാ ചെലവുകളും ട്രാക്ക് ചെയ്യുക. ഇത് നിങ്ങളുടെ ചെലവ് പാറ്റേണുകൾ മനസ്സിലാക്കാൻ സഹായിക്കും. തുടർന്ന് അനാവശ്യ ചെലവുകൾ കുറയ്‌ക്കാൻ തീരുമാനമെടുക്കുക. ഒരു ബജറ്റ് തയ്യാറാക്കുകയും ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുക. അനാവശ്യ ചെലവുകൾ, ഇഎംഐ കൾ എന്നിവ പരമാവധി ഒഴിവാക്കുക.
കൃത്യമായി പേയ്‌മെന്റ് നടത്തുക
കടത്തിൽ നിന്ന് മുക്തി നേടുന്നതിനുള്ള ഒരു പ്രധാന പടി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തുന്ന ക്രമം ശരിയായി തിരിച്ചറിയുക എന്നതാണ്. എല്ലാ മാസവും ക്രെഡിറ്റ് കാർഡുകളുടെ മിനിമം ബാലൻസ് അടയ്ക്കുക. കൂടുതൽ തുക അടയ്ക്കാൻ കഴിയുന്നിടത്തോളം അത് ചെയ്യുക. ഓരോ കാർഡിലും മിനിമം തുക പോലും നൽകുന്നില്ലെങ്കിൽ, നിങ്ങൾക്ക് ലേറ്റ് പേയ്മെന്റ് ഫീസുകൾ വരും. അത് നിങ്ങളുടെ നിലവിലുള്ള കടം വർധിക്കാൻ ഇടയാക്കുന്നു.
ഡെബിറ്റ് അവലാഞ്ച് ഡെബിറ്റ് സ്നോബോൾ മെത്തേഡ്
കടബാധ്യതകളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ഫലപ്രദമായ രണ്ടു പ്രധാന രീതികളാണ് ഡെബിറ്റ് സ്നോബോൾ മെത്തേഡും ഡെബിറ്റ് അവലാഞ്ച് മെത്തേഡും.
ഡെബിറ്റ് അവലാഞ്ച് മെത്തേഡ് : ഡെബിറ്റ് അവലാഞ്ച് മെത്തേഡിൽ, നിങ്ങളുടെ കടബാധ്യതകളെ പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുന്നു. ഏറ്റവും ഉയർന്ന പലിശ നിരക്കുള്ള കടത്തിൽ നിന്ന് ആരംഭിച്ച്, ആദ്യത്തെ കടം മുഴുവൻ അടച്ച് തീർക്കുന്നു. തുടർന്ന്, അടുത്ത ഉയർന്ന പലിശ നിരക്ക് ഉള്ള കടത്തിലേക്ക് കൂടുതൽ തുക അടയ്ക്കുന്നു. ഈ രീതിയിൽ, ഉയർന്ന പലിശ നിരക്ക് ഉള്ള കടങ്ങൾ ആദ്യം അടയ്ക്കുന്നതിലൂടെ, അമിതമായ പലിശ ചാർജുകൾ കുറയ്ക്കാൻ കഴിയും.
ഈ സമീപനം നിങ്ങളെ സംഘടിതമായി കടം തീർക്കാൻ സഹായിക്കുക മാത്രമല്ല, പലിശ കാരണം തിരിച്ചടവ് തുക വർദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു. മറ്റൊരു നേട്ടം, ഓരോ കാർഡിലും ഒന്നൊന്നായി കടം തീർക്കുന്നതിലൂടെ, നിങ്ങൾക്ക് കടം മുഴുവനും വീട്ടാൻ സാധിക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പഴയ നിലയിൽ തിരികെ എത്തുകയും ചെയ്യുന്നു. മറുവശത്ത്, നിങ്ങൾ എല്ലാ മാസവും ഓരോ കാർഡിലും തുല്യ തുക നൽകാൻ ശ്രമിക്കുകയാണെങ്കിൽ, പലിശ വർദ്ധിച്ചുകൊണ്ടിരിക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു.
ഡെബിറ്റ് സ്നോബോൾ മെത്തേഡ്: ഈ രീതിയിൽ, പലിശ നിരക്കുകൾ പരിഗണിക്കാതെ ഏറ്റവും ചെറുത് മുതൽ വലുത് വരെയുള്ള കടങ്ങൾ അടയ്ക്കുന്നു. നിങ്ങളുടെ എല്ലാ കടങ്ങളും ചെറുത് മുതൽ വലുത് വരെ ലിസ്റ്റ് ചെയ്യുക. എല്ലാ കടങ്ങൾക്കും മിനിമം പേയ്‌മെൻ്റുകൾ നടത്തുക. ഏറ്റവും ചെറിയ തുകയുടെ കടത്തിൽ നിന്ന് ആരംഭിച്ച്, അത് പൂർണ്ണമായും അടച്ചു തീർക്കുക. തുടർന്ന്, അതിനടുത്തുള്ള ചെറിയ തുകയുടെ കടത്തെ അടയ്ക്കുക. ഈ രീതിയിൽ, കടങ്ങളെ ഒന്നൊന്നായി അടച്ച് ബാധ്യതകൾ തീർക്കുക. ഒരു കടം തീരുമ്പോൾ, അടുത്ത ചെറിയ കടത്തിലേക്ക് നീങ്ങുക. നിങ്ങളുടെ എല്ലാ കടങ്ങളും വീട്ടുന്നത് വരെ ആവർത്തിക്കുക
ഡെബിറ്റ് സ്നോബോൾ മെത്തേഡ് കൂടുതൽ വേഗത്തിൽ കടങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു. ചെറിയ കടങ്ങൾ ആദ്യം അടച്ചുതീർക്കുന്നതിലൂടെ, നിങ്ങൾക്ക് വേഗത്തിൽ വിജയം അനുഭവപ്പെടുകയും, പ്രചോദനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതെസമയം ഡെബിറ്റ് അവലാഞ്ച് മെത്തേഡ് നിങ്ങളെ ദീർഘകാലത്തേക്ക് കൂടുതൽ പണം ലാഭിക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഉയർന്ന പലിശ നിരക്ക് ഉള്ള കടങ്ങൾ ആദ്യം അടച്ചു തീർക്കുന്നതിലൂടെ, കൂടുതൽ പണം ലാഭിക്കാൻ കഴിയുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച് ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കാം.
ഈ രീതികളിലൊന്ന് തിരഞ്ഞെടുത്ത്, കൃത്യമായ പ്ലാനിഗിലൂടെ, നിങ്ങളുടെ ധനകാര്യ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രവർത്തിക്കാം. അതെസമയം, ഏത് രീതി തിരഞ്ഞെടുത്താലും, കൃത്യമായ ബജറ്റിംഗ്, ചെലവ് കുറയ്ക്കൽ, അധിക വരുമാനം സൃഷ്ടിക്കൽ എന്നിവ പോലുള്ള സാമ്പത്തിക ശീലങ്ങൾ സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്.
ജീവിത ശൈലിയിൽ മാറ്റം വരുത്തുക
സമ്പാദ്യം ഓട്ടോമേറ്റ് ചെയ്യുക: നിങ്ങളുടെ ശമ്പളം പെൻഷൻ അല്ലെങ്കിൽ അടിയന്തര സമ്പാദ്യത്തിനായി ഓട്ടോമേറ്റ് ചെയ്യുക. ഇത് അമിതമായി ചെലവഴിക്കാനുള്ള പ്രലോഭനം കുറയ്ക്കും.
പണം റീഡയറക്റ്റ് ചെയ്യുക : നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ചെലവഴിക്കുന്ന എല്ലാ പണവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് തുക തീർക്കുന്നതിനായി റീഡയറക്റ്റ് ചെയ്യുക.
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യുക: മാനസിക സമ്മർദ്ദം കുറയ്ക്കാൻ മെഡിറ്റേഷൻ, മോട്ടിവേഷൻ ടിപ്സ് എന്നിവ പരിശീലിക്കുക.
സുഹൃത്തുക്കളുമായി സംസാരിക്കുക: മാനസിക സമ്മർദ്ദം കുറയ്ക്കാൻ സുഹൃത്തുക്കളുമായി നിങ്ങളുടെ പ്രശ്നങ്ങൾ പങ്കിടുക.
സാമ്പത്തിക ഉപദേശം തേടുക: നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്താനും, ഏറ്റവും നല്ല പദ്ധതി നിർദ്ദേശിക്കാനും ഒരു സാമ്പത്തിക ഉപദേശകന്റെ സഹായം തേടുക.
നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക
ഒരു ജോലിയിൽ നിന്നുള്ള വരുമാനം മാത്രം ആശ്രയിക്കാതെ, ഒന്നിലധികം വരുമാന സ്രോതസ്സുകൾ വളർത്തി എടുക്കുന്നതിലൂടെ പെട്ടെന്ന് കട ബാധ്യതകൾ ഒഴിവാക്കാനും, സാമ്പത്തിക സ്വാതന്ത്ര്യം നേടാനും നിങ്ങളെ സഹായിക്കും.
നിങ്ങളുടെ എല്ലാ കഴിവുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി സാധ്യതയുള്ള അവസരങ്ങൾക്കായി ഗിഗ്-വർക്ക് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക. അക്കൗണ്ടിംഗ്, എഴുത്ത്, എഡിറ്റിംഗ്, ഓൺലൈൻ ടീച്ചിംഗ്, ഡിസൈനിങ് തുടങ്ങിയ കഴിവുള്ള ഗിഗ് വർക്കർമാർക്ക് ഓൺലൈനിൽ നിരവധി പാർട്ട് ടൈം ജോബ് അവസങ്ങൾ ലഭ്യമാണ്.
കടബാധ്യത ഒഴിവാക്കാനും, സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തി ഭാവിയിലേക്കുള്ള നിക്ഷേപം നടത്താനും, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ മാർഗ്ഗങ്ങൾ നിങ്ങളെ സഹായിക്കും. ശരിയായ പദ്ധതികളും, ദൃഢനിശ്ചയവും, സമയബന്ധിതമായ പേയ്‌മെന്റുകളും ഉപയോഗിച്ച് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കടങ്ങളിൽ നിന്ന് സ്വാതന്ത്ര്യം വീണ്ടെടുക്കാൻ കഴിയും. ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല. സഹായം തേടുക, പോസിറ്റീവ് ആയിരിക്കുക.