കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങള്‍ക്കായി കുടുക്ക നിറയ്ക്കാം

  • എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് പണത്തെക്കുറിച്ചു അറിവ് ഉണ്ടായി തുടങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
  • മിഠായി വാങ്ങാനും പെന്‍സിലും പേനയും ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം വാങ്ങാനും പണം വേണമെന്ന് അവര്‍ മനസിലാക്കണം
  • പുസ്തകങ്ങളിലെ അറിവ് മാത്രമല്ല വളരാന്‍ സഹായിക്കുന്നത് പ്രായോഗിക അറിവും പ്രധാനമാണ്

Update: 2024-03-21 07:48 GMT

കൂട്ടുകാര്‍ക്കൊ സൈക്കിളുണ്ട്. എനിക്കും വേണം ഒരു സൈക്കിള്‍... അപ്പുവിന്റെ ഈ ആഗ്രഹം തുടങ്ങിയിട്ട് കുറച്ചു നാളായി. അടുത്തമാസം വാങ്ങിതരാം എന്നുള്ള അച്ഛന്റെയും അമ്മയുടെയും മറുപടി തുടങ്ങിയിട്ടും കുറച്ചായി. അച്ഛന്റെ കയ്യില്‍ കാശില്ലാഞ്ഞിട്ടാകും വാങ്ങാത്തത്. കോവിഡ് കാലത്ത് അച്ഛന് ജോലി പോയിരുന്നു. അതിനുശേഷം വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരുന്നതേയുള്ളു. അതുകൊണ്ടാണ് ആഗ്രഹം നീണ്ട് നീണ്ട് പോകുന്നതെന്ന് അപ്പുവിനറിയാം. പക്ഷേ, കൂട്ടുകാരെല്ലാം സൈക്കിളില്‍ സ്‌കൂളില്‍ വരുന്നു. വൈകുന്നേരം എല്ലാവരും സൈക്കിളുമെടുത്ത് തന്റെ വീടിന്റെ മുന്നിലൂടെ ഓടിക്കുന്നു. ഇതൊക്കെ കണ്ട് അപ്പു ആകെ സങ്കടത്തിലാണ്. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ അച്ഛനോട് അപ്പു പറഞ്ഞു. അച്ഛാ, കയ്യില്‍ പണമില്ലാഞ്ഞിട്ടാണ് സൈക്കിള്‍ വാങ്ങിത്തരാത്തതെന്ന് അറിയാം. നമുക്ക് എന്റെ അക്കൗണ്ടിലെ പണം എടുക്കാം. അതിന് സൈക്കിള്‍ വാങ്ങാം. അപ്പുവിന്് 10 വയസ്സുള്ളുപ്പോഴാണ് അവന്റെ മാതാപിതാക്കള്‍ അപ്പുവിനായി അക്കൗണ്ട് തുറന്നത്. അന്നുമുതല്‍ പോക്കറ്റ് മണിയായും, സമ്മാനമായുമൊക്കെ കിട്ടുന്ന പണം അപ്പു അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. അച്ഛനും അമ്മയും ചെറിയ ചെറിയ തുകകളും ഇടയ്ക്ക് നല്‍കി. അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് ഒരു സൈക്കിള്‍ മേടിക്കാനുള്ള തുക അപ്പു സമ്പാദിച്ചു. ആ തുകയാണ് അപ്പു എടുക്കാമെന്ന് പറയുന്നത്.

പണത്തെക്കുറിച്ച് അറിഞ്ഞ് വളരട്ടെ

എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് പണത്തെക്കുറിച്ചു അറിവ് ഉണ്ടായി തുടങ്ങുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിഠായി വാങ്ങാനും പെന്‍സിലും പേനയും ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം വാങ്ങാനും പണം വേണമെന്ന് അവര്‍ മനസിലാക്കിത്തുടങ്ങുമ്പോള്‍, അതിനായി സ്വരുക്കൂട്ടാനും അവരെ പ്രേരിപ്പിക്കണം. ആദ്യം ഒരു നിക്ഷേപ കുടുക്ക (പിഗ്ഗി ബാങ്ക്) അവര്‍ക്ക് വാങ്ങി നല്‍കാം. അതില്‍ കുട്ടികള്‍ പണം സൂക്ഷിക്കട്ടെ. ഓരോ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങള്‍ക്കായി കുടുക്ക നിറയ്ക്കാം. രണ്ടു വര്‍ഷം കൂടി കഴിയുമ്പോഴേയ്ക്കും ബാങ്കില്‍ അക്കൗണ്ട് തുറക്കാനുള്ള 10 വയസാകും. അപ്പോള്‍ ഒരു അക്കൗണ്ട് തുറന്ന് സമ്പാദ്യം അതിലേക്ക് മാറ്റാം. അതോടൊപ്പം അല്‍പ്പം കൂടി ഗൗരവമായി കുട്ടികളെ പണത്തെക്കുറിച്ച് പഠിപ്പിക്കാം. അനാവശ്യ ആഘോഷങ്ങളും ചെലവുകളും ഒഴിവാക്കിയോ അല്ലെങ്കില്‍ ചെലവു ചുരുക്കിയോ ഒരു തുക സമ്പാദിക്കാന്‍ നിര്‍ദ്ദേശിക്കാം. സമ്പാദിച്ച തുകയ്‌ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍സെന്റീവായി ഒരു തുക നല്‍കി അവരെ സമ്പാദിക്കാന്‍ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. സമ്മാനവുമായി മറ്റും ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം സമ്പാദിക്കാനും പ്രോത്സാഹിപ്പിക്കാം.

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താനുള്ള വഴികള്‍

1.പിഗ്ഗി ബാങ്ക് വാങ്ങി നല്‍കാം;കുഞ്ഞു നാളിലെ സമ്പാദ്യം ശീലിക്കാന്‍ പിഗ്ഗി ബാങ്കാണ് ഏറ്റവും നല്ല ഉപകരണം.ഒരു കളിപ്പാട്ടമായി ഇത് വാങ്ങി നല്‍കാം.

2.സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം; മുതിരുമ്പോള്‍ സവിംഗ്‌സ് അക്കൗണ്ട് തുറക്കാം. പലിശയെക്കുറിച്ചും പഠിക്കാം

3.കൃത്യമായ സമയം വെച്ച് സമ്പാദിക്കാം;കൃത്യമായ സമയത്തിനുള്ളില്‍ ലക്ഷ്യം നേടാനായി സമ്പാദിക്കാം.ഇത് സമ്പാദ്യ ശീലത്തെ പ്രോത്സാഹിപ്പിക്കും.

4.വീട്ടില്‍ പണത്തെക്കുറിച്ച് സംസാരിക്കാം;മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് എത്ര രൂപ വരുമാനമുണ്ടെന്നും ചെലവുകളെന്തൊക്കെയെന്നും സംസാരിക്കണം. അതോടൊപ്പം മാതപിതാക്കളുടെ സമ്പാദ്യ ശീലവും മക്കളെ അറിയിക്കാം. അവര്‍ക്ക് മാതാപിതാക്കളാകട്ടെ മികച്ച മാതൃക

5.ആവശ്യങ്ങളെയും അനാവശ്യങ്ങളെയും വേര്‍തിരിക്കാം :കുട്ടികള്‍ ഓരോ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോഴും അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ വേര്‍തിരിച്ച് പറഞ്ഞു കൊടുക്കണം. അല്ലെങ്കില്‍ വേണമെന്നു തോന്നുന്നതൊക്കെ വാങ്ങിക്കൂട്ടും. സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയതിനുശേഷം വാങ്ങിക്കുമ്പോള്‍ സ്വന്തം പണമെന്നുള്ള ചിന്തയില്‍ ആവശ്യങ്ങളും അനാവശ്യങ്ങളും അവര്‍ കണ്ടെത്തിക്കൊള്ളും.

Tags:    

Similar News