സാമ്പത്തിക അച്ചടക്കത്തിന് ഇക്കാര്യങ്ങളൊക്കെ ചെയ്യാറുണ്ടോ? ഇല്ലെങ്കില്‍ ഇന്നു തന്നെ തുടങ്ങാം
- സാമ്പത്തിക അച്ചടക്കമാണ് സാമ്പത്തികാസൂത്രണത്തിന്റെ അടിത്തറ
- ആവശ്യങ്ങളും അത്യാവശ്യങ്ങളും അറിഞ്ഞ് പെരുമാറുക
- ജീവിതം വിരസമാകരുത്. സ്വയം സന്തോഷിച്ചും സന്തോഷിപ്പിച്ചും വേണം മുന്നോട്ട് പോകാന്‍
നിങ്ങള്‍ക്ക് കോടീശ്വരനാകണോ എങ്കില്‍ ഇവിടെ നിക്ഷേപിക്കൂ, അവിടെ നിക്ഷേപിക്കൂ എന്നിങ്ങനെ സാമ്പത്തിക ഉപദേശകരുടെ ബഹളമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും. ഓരോ ഉപദേശം കേള്‍ക്കുമ്പോഴും അങ്ങനെ ചെയ്താലോ ഇങ്ങനെ ചെയ്താലോ എന്ന് ചിന്തിക്കുന്നവരും ചുരുക്കമല്ല. ചിലര്‍ ചിന്തിച്ചിരിക്കാതെ പ്രവര്‍ത്തിക്കും. ചിലരാകട്ടെ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമത്തിലുമാകും. എന്തായാലും സാമ്പത്തിക ആസൂത്രണത്തിന് ഈ ടിപ്‌സുകളൊന്നു നോക്കാം. ആദ്യമായി വരുമാനം നേടുന്നവര്‍ക്കും. സാമ്പത്തിക അച്ചടക്കം വേണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഈ പൊടിക്കൈകളൊന്നു പരീക്ഷിക്കാം.
പണമില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാം
ജോലിയുണ്ട് വരുമാനമുണ്ട് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നുണ്ട്. പിന്നെന്തിനാണ് സാമ്പത്തിക ആസൂത്രണം എന്നാണ് ആലോചിക്കുന്നതെങ്കില്‍ ജോലിയും വരുമാനവുമില്ലാത്ത കാലത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഭക്ഷണം, വസ്ത്രം, ഇന്റര്‍നെറ്റ്, കറന്റ് എന്നിങ്ങനെ ജീവിതത്തിലെ ഉപേക്ഷിക്കാനാകാത്ത പലതിനും പണം കണ്ടെത്താന്‍ എന്ത് ചെയ്യും. വരുമാനമില്ലാത്ത കാലത്ത് ആരെങ്കിലും കടം തരുമോ? കടം മേടിച്ചാല്‍ തന്നെ എങ്ങനെ തിരിച്ചു കൊടുക്കും. അസുഖമോ, അപകടമോ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങള്‍ കൂടി ഉണ്ടായാല്‍ എന്ത് ചെയ്യും. അത് അത്ര സുഖമുള്ള അവസ്ഥയായിരിക്കില്ല. അതുകൊണ്ട് സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ ആദ്യം ചെയ്യേണ്ടത് കയ്യില്‍ കാശില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കുകയാണ്.
വരുമാനം എത്രയാണ്
ഏതൊക്കെ വഴിയിലൂടെയാണ് വരുമാനം വരുന്നതെന്ന് കൃത്യമായി കണ്ടെത്താം. അതില്‍ സ്ഥിര വരുമാനം എത്ര, വല്ലപ്പോഴും ലഭിക്കുന്നത് എത്ര എന്നിങ്ങനെ തരംതിരിക്കാം. ഭാവിയിലുണ്ടായേക്കാവുന്ന വരുമാന വര്‍ധനവും പരിഗണിക്കാം.
വരുമാനം പോകുന്ന വഴി കണ്ടെത്താം
കാശില്ലാത്ത കാലത്തേക്ക് കാത്തുവെക്കണമെങ്കില്‍ നിലവിലെ വരുമാനത്തെ കൃത്യമായി ഉപയോഗിക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് ഇപ്പോള്‍ കിട്ടുന്ന പണം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്ന് മനസിലാക്കുകയാണ്. ഓരോ ദിവസവും ആഴ്ച്ചയും മാസവുമൊക്കെ സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറ ശക്തമാക്കുന്നതില്‍ പ്രധാനമാണ്. അതിനായി ഓരോ ദിവസം, ആഴ്ച്ച, മാസം എന്നീ കാലയളവുകളിലെ ചെലവുകളെ കൃത്യമായി ട്രാക്ക് ചെയ്യാം.
ചെലവുകളെ തരംതരിക്കാം
അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ ചെലവുകളെ തരംതിരിക്കാം. ആദ്യം അനാവശ്യ ചെലവുകളെ കട്ട് ചെയ്യാം. അടുത്തതായി ആവശ്യ ചെലവുകളിലാണ് കൈവെക്കേണ്ടത്. ഉടനടി വേണ്ടാത്ത കാര്യങ്ങളെ ബക്കറ്റ് ലിസ്റ്റിലേക്ക് മാറ്റിവെച്ച് ഓരോന്നായി നേടിയെടുക്കാം. അത്യാവശ്യ ചെലവുകള്‍ അത് മാറ്റിവെക്കാനാവില്ലാത്തവയാണ്.
ബജറ്റ് തയ്യാറാക്കാം
വരുമാനം എത്രയാണെന്നും ചെലവുകള്‍ എത്രയാണെന്നും കണ്ടെത്തി കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുകയാണ്. വരുമാനം ദിവസേനയെന്നോണം വര്‍ധിക്കില്ല എന്നോര്‍ക്കുക. എന്നാല്‍, ചെലവുകളുടെ കാര്യമങ്ങനെയല്ല അത് എപ്പോള്‍ വേണമെങ്കിലും കൂടാം. അപ്രതീക്ഷതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതും ചെലവ് വര്‍ധിക്കാന്‍ കാരണമാകും. വരവും ചെലവും കൃത്യമായി കണക്കാക്കി വേണം ബജറ്റ് തയ്യാറാക്കാന്‍. അതിനൊപ്പം അപ്രതീക്ഷിത ചെലവുകള്‍ക്കായി ഒരു തുക നീക്കി വെയ്ക്കുകയും വേണം.
ചെലവഴിക്കല്‍ കുറയ്ക്കാം
സ്ഥിരമായി പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പതിയെ കുറച്ചു കൊണ്ടുവരാം. സിനിമ, വസ്ത്രം, പുതിയ ഗാഡ്‌ജെറ്റുകള്‍ എന്നിങ്ങനെ അമിതമായി ചെലവഴിക്കുന്ന വഴികളെ പതിയെ പതിയെ കുറച്ചു കൊണ്ടു വരാം. ഈ തുകയെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം.
നിക്ഷേപത്തിനായി മാറ്റിവെയ്ക്കാം
ചെറിയ തുകയാണെങ്കിലും അത് നിക്ഷേപത്തിനായി മാറ്റി വെയ്ക്കാം. അതിന് പോസ്‌റ്റോഫീസ് നിക്ഷേപ ഓപ്ഷനുകളോ, റെക്കറിംഗ് നിക്ഷേപമോ, മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപമോ ആരംഭിക്കാം. പോസ്‌റ്റോഫീസില്‍ 500 രൂപ മുതലുള്ള നിക്ഷേപ ഓപ്ഷനുകളുണ്ട്, റെക്കറിംഗ് നിക്ഷേപവും 500 രൂപ മുതല്‍ ആരംഭിക്കാം. ചില എസ്‌ഐപി നിക്ഷേപങ്ങള്‍ 100 രൂപ മുതല്‍ ആരംഭിക്കുന്നുണ്ട്. ഓരോരുത്തരും അവരവര്‍ക്ക് താങ്ങാനാവുന്ന നിക്ഷേപ ഓപ്ഷന്‍ കണ്ടെത്താം. നിക്ഷേപം അത് ഒരു ശീലമാക്കി മാറ്റണം. ഓരോ മാസവും അത് കൃത്യമായും അച്ചടക്കത്തോടെയും ചെയ്യണം.
സാമ്പത്തിക ലക്ഷ്യങ്ങള്‍
ഒരു വീട്, കാറ്, വിദ്യാഭ്യാസം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പൂര്‍ത്തിയാക്കേണ്ടതും നേടിയെടുക്കേണ്ടതുമായ നിരവധി ലക്ഷ്യങ്ങളുണ്ടാകും. ഓരോ ലക്ഷ്യങ്ങളെയും അവയുടെ പ്രാധാന്യം, നേടിയെടുക്കേണ്ട കാലയളവ് എന്നിവയക്കനുസരിച്ച് വേണം ക്രമീകരിക്കാന്‍. ഓരോ ലക്ഷ്യങ്ങളായി നേടിയെടുത്ത് വേണം മുന്നോട്ട് പോകാന്‍. ഓരോന്നും നേടിയെടുക്കുന്നതിനനുസരിച്ച് പുതിയ ലക്ഷ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയുമാവാം.
റിട്ടയര്‍മെന്റ് നിധി
റിട്ടയര്‍മെന്റ് കാലം വിശ്രമം, വിനോദം, യാത്ര, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കല്‍ എന്നിങ്ങനെ ആസ്വദിച്ച് തീര്‍ക്കണമെന്നാകും പലര്‍ക്കും ആഗ്രഹം. പക്ഷേ, പണമാണ് അവിടെയും വില്ലനായി എത്തുക. വരുമാനമുള്ള കാലത്ത് റിട്ടയര്‍മെന്റ് കാലത്തിനായി ചെറിയ തുക നീക്കി വെച്ചു തുടങ്ങാം. 25ാം വയസില്‍ ജോലിക്കു കയറുന്ന ഒരാള്‍ 60ാം വയസില്‍ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജോലിക്കു കയറുമ്പോള്‍ മുതല്‍ ചെറിയ തുക റിട്ടയര്‍മെന്റ് നിധിയായി സമാഹരിക്കാം. അതിന് എന്‍പിഎസ് പോലുള്ള പെന്‍ഷന്‍ പദ്ധതികളിലായാലും മതി.
കടത്തെ നിയന്ത്രിക്കാം
വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ എന്നിങ്ങനെ പലര്‍ക്കും പലവിധത്തിലുള്ള ബാധ്യതകളുണ്ടാകാം. ഒരു ബാധ്യത തീര്‍ക്കാന്‍ മറ്റൊരു ബാധ്യത ഉണ്ടാക്കുന്ന ചിലരുണ്ട്. അത് അത്ര നല്ലതല്ല. അവസാനം കടത്തിനുമേല്‍ കടമായി ബാധ്യതകള്‍ ഒഴിയാ ബാധയായി തുടരുന്ന സ്ഥിതിയിലേക്ക് എത്തിയേക്കാം. അതുകൊണ്ട് വായ്പാ തിരിച്ചടവുകള്‍ കൃത്യമായി പൂര്‍ത്തിയാക്കാം. ആദ്യം ചെറിയ കടങ്ങള്‍ തീര്‍ക്കാം.അങ്ങനെ ബാധ്യതകളെ നിയന്ത്രണത്തിലാക്കാം.
സ്വയം സന്തോഷിപ്പിക്കാം
കടം, നിക്ഷേപം, ബജറ്റിനനുസരിച്ചുള്ള ജീവിതം എന്നിങ്ങനെ ആകെ വിരസമാകരുത് ജീവിതം. അത് ഏറ്റവും മനോഹരമായി ആസ്വദിച്ച് തീര്‍ക്കാനല്ലേ ഈ ടിപ്‌സൊക്കെ. അതുകൊണ്ട് ഇടയ്‌ക്കൊക്കെ സ്വയം ചെലവ് ചെയ്ത് സന്തോഷിപ്പിക്കാം. ഒരു സിനിമയോ, പുതിയ വസ്ത്രമോ, പുറത്തു നിന്നും ഇഷ്ടപ്പെട്ട ഭക്ഷണമോ, ഇഷ്ടപ്പെട്ട സ്ഥലത്തേക്കൊരു യാത്രയോ അങ്ങനെ എന്തെങ്കിലുമാകാം.