റിട്ടയര്‍ ചെയ്യുമ്പോള്‍ കോടിപതിയാകണോ! ഇതാണ് ഫോര്‍മുല റൂള്‍ 555

  • കയ്യില്‍ കാശില്ലെങ്കില്‍ നല്ല കാലത്തെക്കാള്‍ ഗുരുതരമാകും റിട്ടയര്‍മെന്റ് കാലം.
  • സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴെ നിക്ഷേപിക്കുക.
  • 30 വര്‍ഷം കൊണ്ട് അതായത് 55 വയസാകുമ്പോള്‍ കോടിപതിയാകുന്ന ട്രിക്കാണിത്.

Update: 2024-02-24 11:21 GMT

ആര്‍ക്കാണ് കോടീശ്വരാനാകാന്‍ ആഗ്രഹമില്ലാത്തത്. പരമാവധി സമ്പത്തുണ്ടാക്കണം, ജീവിതം ആസ്വദിക്കണം എന്നിങ്ങനെയൊക്കെയായിരിക്കും പലരുടെയും ആഗ്രഹം. ജോലിയുള്ളവര്‍ക്കാകട്ടെ റിട്ടയര്‍മെന്റ് കാലത്ത് ഇതുവരെയുള്ള അലച്ചിലുകളും ഓട്ടങ്ങളുമൊക്കെ മതിയാക്കി സ്വസ്ഥമായി ഇരിക്കാനാകും ആഗ്രഹം. അതിനൊപ്പം യാത്ര ചെയ്യണമെന്നോ. പണ്ടെങ്ങോ ഉപേക്ഷിച്ച എന്തെങ്കിലും ഹോബികള്‍ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടാകും. പക്ഷേ, യാത്രയൊക്ക ചെയ്ത് സ്വസ്ഥമായി ഇരിക്കണമെങ്കില്‍ കയ്യില്‍ കാശ് വേണം. കാശാണ് പ്രധാനം. ഇല്ലെങ്കില്‍ നല്ല കാലത്തെക്കാള്‍ ഗുരുതരമാകും റിട്ടയര്‍മെന്റ് കാലം.

ആഗ്രഹത്തിനൊപ്പം നിക്ഷേപവും വളര്‍ത്താം

ആഗ്രഹങ്ങളൊക്കെ പൂര്‍ത്തീകരിക്കാന്‍ എന്റെ കയ്യില്‍ പാരമ്പര്യമായി കിട്ടിയ സ്വത്തോ, സ്വര്‍ണമോ ഇല്ലെന്നു പറഞ്ഞ് വിഷമിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക നീക്കിവെച്ച് ഈ സമ്പാദ്യം ഉണ്ടാക്കാം. അതിന് അച്ചടക്കത്തോടെയുള്ള നിക്ഷേപവും നേരത്തെ നിക്ഷേപം ആരംഭിക്കാനുള്ള മനസും സ്ഥിരോത്സാഹവുമാണ് വേണ്ടത്. അതിനുള്ള മികച്ച ഓപ്ഷനാണ് റൂള്‍ 555.

എന്താണ് റൂള്‍ 555

25 വയസുള്ള ഒരാള്‍ 30 വര്‍ഷം കൊണ്ട് അതായത് 55 വയസാകുമ്പോള്‍ കോടിപതിയാകുന്ന ട്രിക്കാണിത്. മാസം 5000 രൂപയാണ് ഇതിനായി മാറ്റിവെയ്‌ക്കേണ്ടത്. ഇവിടെ അത്ഭുതമോ മന്ത്രമോ തന്ത്രമോ ഒന്നുമല്ല. മറിച്ച് ഐന്‍സ്റ്റീന്‍ എട്ടാമത്തെ ലോകാത്ഭുതമെന്ന് വിശേഷിപ്പിച്ച് സിഎജിആര്‍ (കോംപൗണ്ട് ആന്വല്‍ ഗ്രോത്ത് റേറ്റ്) ആണ്. ഉദാഹരണത്തിന് 12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) യുള്ള ഒരു മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപമാണെന്ന് കരുതുക. മാസം 5000 രൂപ നിക്ഷേപിക്കുന്നു. അതിനൊപ്പം പ്രതിവര്‍ഷം നിക്ഷേപത്തില്‍ അഞ്ച് ശതമാനം വര്‍ധനവും വരുത്തുന്നുണ്ടെങ്കില്‍ 2.64 കോടി രൂപയോളമാകും 55ാം വയസിലെ സമ്പാദ്യം.

ഇനി പ്രതിവര്‍ഷം നിക്ഷേപം വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ 1.76 കോടി രൂപയായാണ് നിക്ഷേപം വര്‍ധിക്കുന്നത്. വരുമാനത്തില്‍ പ്രതിവര്‍ഷം വര്‍ധനയുണ്ടാകുമ്പോള്‍ അതിന് ആനുപാതികമായി നിക്ഷേപവും വര്‍ധിപ്പിക്കണം. അതാണ് ഇവിടെ ഉദ്ദേശിച്ചത്. ഇതില്‍ 30 വര്‍ഷത്തെ നിക്ഷേപമെന്നത് 39.83 ലക്ഷം രൂപയാണ്. ബാക്കിയുള്ള 2.23 കോടി രൂപ നിക്ഷേപത്തിനു 30 വര്‍ഷം കൊണ്ട് ലഭിച്ച റിട്ടേണാണ്.

നേരത്തെ റിട്ടയര്‍ ചെയ്യണമെങ്കില്‍

ഇനി 50ാം വയസില്‍ റിട്ടയര്‍ ചെയ്യണമെന്നാണ് ആഗ്രഹമെങ്കില്‍ അതിനും വഴിയുണ്ട് എന്നോര്‍ക്കുക. അപ്പോഴും 2.644 കോടി രൂപയാണ് സമാഹരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യേണ്ടത് ഇതാണ് എസ്‌ഐപി തുക വര്‍ധിപ്പിക്കാം. അല്ലെങ്കില്‍ വാര്‍ഷികമായി ഉയര്‍ത്തേണ്ട തുക വര്‍ധിപ്പിക്കാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന റിട്ടേണും അതുപോലെ ഉയര്‍ന്ന റിസ്‌കുമുള്ള പദ്ധതിയില്‍ നിക്ഷേപിക്കാം.

വര്‍ഷാ വര്‍ഷം അഞ്ച് ശതമാനം നിക്ഷേപം വര്‍ധിപ്പിക്കണം എന്നുള്ളത് മറക്കാതിരിക്കുക. അതായത് 5000 രൂപ എന്ന നിക്ഷേപ തുക 9700 രൂപയാക്കാം. അല്ലെങ്കില്‍ 12 ശതമാനം സിഎജിആറിനു പകരം 15 ശതമാനം സിഎജിആറുള്ളതില്‍ നിക്ഷേപിക്കുക. അപ്പോള്‍ 2.64 കോടി രൂപയില്‍ 50ാമത്തെ വയസില്‍ എത്തും. എന്നാല്‍, ദീര്‍ഘകാലത്തിലാണ് നിക്ഷേപമെങ്കിലെ ഈ നേട്ടം ലഭിക്കൂ എന്നോര്‍ക്കുക. കാരണം നിങ്ങളുടെ നിക്ഷേപത്തിന് വളരാന്‍ സമയം വേണം.

താമസിക്കരുത്

നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സമയമാണ് കൂടുതല്‍ സമയം കൂടുതല്‍ മികച്ചത് നല്‍കും. അതുകൊണ്ട് സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴെ നിക്ഷേപിക്കുക എങ്കിലെ നേട്ടമുണ്ടാക്കാനാകൂ എന്നോര്‍ക്കുക.

Tags:    

Similar News