ജനന സര്‍ട്ടിഫിക്കറ്റ് പ്രധാന രേഖ, വിദേശ ഇടപാടുകള്‍ക്ക് ടിസിഎസ് ഒക്ടോബര്‍ ഒന്നുമുതല്‍ ഇങ്ങനെയാണോ?
ഒക്ടോബര്‍ ഒന്നുമുതല്‍ ചില കാര്യങ്ങളില്‍ മാറ്റം വരികയാണ്. അതെന്തൊക്കെയാണെന്ന് കൃത്യമായി അറിഞ്ഞ് ഓര്‍മ്മയില്‍ സൂക്ഷിക്കാം. ഭാവിയലെ ഇടപാടുകള്‍ക്ക് ഇത് ഉപകരിക്കും.
വിദേശ ഇടപാടുകള്‍ക്ക് ടിസിഎസ്
ഒക്ടോബര്‍ ഒന്നു മുതല്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പ്രകാരം വിദേശ പണമടയ്ക്കുന്നതിന് പുതിയ നികുതി ഘടന നിലവില്‍ വരും. ഒരു വ്യക്തി ഒരു സാമ്പത്തിക വര്‍ഷം ഏഴ് ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നടത്തുന്നതെങ്കില്‍ ടിസിഎസ് (ടാക്‌സ് അറ്റ് സോഴ്‌സ്) നല്‍കേണ്ടതില്ല. എന്നാല്‍ വിദേശ ടൂര്‍ പാക്കേജുകള്‍ക്കായാണ് ചെലവഴിക്കുന്നതെങ്കില്‍ ഏഴ് ലക്ഷം രൂപവരെയുള്ളതിന് അഞ്ച് ശതമാനം ടിസിഎസ് നല്‍കണം. അതിനു മുകളിലേക്കുള്ള തുകയ്ക്ക് 20 ശതമാനവും ടിസിഎസ് നല്‍കണം.
എന്നാല്‍, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി വിദേശത്ത് ചെലവഴിക്കുന്ന പണത്തിന്റെ നികുതിയില്‍ മാറ്റമൊന്നുമില്ല. നിലവില്‍ ഇത്തരം ചെലവുകള്‍ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അഞ്ച് ശതമാനമാണ് ടിസിഎസ്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെലവഴിക്കലിന് നികുതയില്ല. എന്നാല്‍, ഡെബിറ്റ് കാര്‍ഡ്, ഫേറക്‌സ് കാര്‍ഡ്, വയര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള ചെലവഴിക്കലിന് ഏഴ് ലക്ഷം രൂപവരെ ടിസിഎസ് ഇല്ല. ഏഴ് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് അഞ്ച് ശതമാനമായിരുന്നത് 20 ശതമാനമായി ഉയര്‍ത്തി.
ആര്‍ബിഐ സ്റ്റാറ്റസ് ക്വോ നിലനിര്‍ത്തുമോ
ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ് മൂന്ന് പണനയ അവലോകന യോഗങ്ങളിലും ആര്‍ബിഐ റീപോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇത് ഭവന വായ്പയടക്കമുള്ള വായ്പകളുള്ളവര്‍ക്ക് ആശ്വാസവുമായിരുന്നു. എന്നാല്‍, ഒക്ടോബറിലെ പണനയത്തില്‍ 6.5 ശതമാനം എന്ന റീപോ നിരക്കില്‍ മാറ്റം വരുത്താതെ സ്റ്റാറ്റസ് ക്വോ നിലനിര്‍ത്തുമോ അതോ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ നിരക്കുയര്‍ത്തുമോ എന്നതാണ് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നത്. നിരക്കുയര്‍ത്തിയാല്‍ അത് ഭവന വായ്പ, വാഹന വായ്പ എന്നിങ്ങനെ റീപോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വായ്പകളുടെയൊക്കെ നിരക്ക് വര്‍ധിക്കാന്‍ കാരണമാകും.
ജനന സര്‍ട്ടിഫിക്കറ്റ് പ്രധാന രേഖയാകുന്നു
കഴിഞ്ഞ വര്ഷകാല സമ്മേളനത്തില് പാര്‌ലമെന്റ് ജനന മരണ രജിസ്‌ട്രേഷന് (ഭേദഗതി) നിയമം, 2023 പാസാക്കിയിരുന്നു. അതിനാല്‍, ഒക്ടോബര്‍ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുക, ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടാനുള്ള രേഖ, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിര്‍ണായക സേവനങ്ങള്‍ക്ക് ഹാജരാക്കേണ്ട ഒരേയൊരു രേഖ ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരിക്കും. സര്‍ക്കാര്‍ ജോലികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സിനും അപേക്ഷിക്കാനും ഇത് ഉപയോഗിക്കാം.
ഉത്സവ കാല ഷോപ്പിംഗില്‍ ശ്രദ്ധ വേണം
ഒക്ടോബറില്‍, നവരാത്രി, ദസറ എന്നിങ്ങനെ ഉത്സവകാലമാണ്. അതിനോടനുബന്ധിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ബിഗ്ബില്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരുകളില്‍ അവരുടെ ഓഫറുകളും, ഷോപ്പിംഗ് ഫെസ്റ്റിവലുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഓഫറുണ്ടല്ലോ വാങ്ങാം, ക്രെഡിറ്റ് കാര്‍ഡുണ്ടല്ലോ വാങ്ങാം എന്ന് കരുതി ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങരുത്. ഒരു ബജറ്റ് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ അത്യാവശ്യം, ആവശ്യം എന്നിങ്ങനെ വാങ്ങാനാഗ്രഹിക്കുന്നവയെ അല്ലെങ്കില്‍ ഓഫറുള്ളവയെ തരംതിരിക്കാം. അതിനു ശേഷം വേണം ഷോപ്പിംഗ് ചെയ്യാന്‍. അതിനൊപ്പം ഷോപ്പിംഗ് ചെലവുകള്‍ ട്രാക്കുചെയ്യാം. അധിക കിഴിവുകള്‍ക്കും ക്യാഷ്ബാക്കുകള്‍ക്കുമായി പങ്കാളിത്ത ബാങ്കുകളില്‍ നിന്നുള്ള കാര്‍ഡുകള്‍ ഉപയോഗിക്കുക. അധിക സമ്പാദ്യത്തിനായി റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാം. ഉടനെയൊന്നും ആവശ്യമില്ലാത്ത വസ്തുക്കളെ സീറോ-കോസ്റ്റ് ഇഎംഐ സ്‌കീമില്‍ വാങ്ങി കടക്കെണിയിലാകാതെ സൂക്ഷിക്കുക.