ടേം ഇന്‍ഷൂറന്‍സ് എടുക്കും മുമ്പ് ഇതൊക്കെ അറിഞ്ഞിരിക്കാം
റിട്ടേണ്‍ ഓഫ് പ്രീമിയം പ്ലാന്‍,കണ്‍വര്‍ട്ടബിള്‍ ടേം പ്ലാന്‍,ഇന്‍ക്രീസിങ് സം അഷ്വേര്‍ഡ് പ്ലാന്‍,സ്റ്റാഗേര്‍ഡ് പേഔട്ട് പ്ലാന്‍ തുടങ്ങിയവയൊക്കെ വിവിധ വാഗ്ദാനങ്ങള്‍ ഉറപ്പുതരുന്നവയാണ്.
നമ്മള്‍ പലപ്പോഴും ലൈഫ് ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്നത് നികുതി ലാഭിക്കാന്‍ വേണ്ടിയാണ്. ടേം ഇന്‍ഷൂറന്‍സിനെ സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള സൊലൂഷനായി പൊതുവേ കാണുന്നില്ല. വര്‍ഷാവസാനം വരുമാനം നികുതിയിലേക്ക് പോകുന്നത് കുറയ്ക്കാന്‍ വേണ്ടി മാത്രമായാണ് നമ്മള്‍ ഈ പോളിസി ചേരുന്നതിനെയൊക്കെ കാണുന്നത്.
എന്തുകൊണ്ടാണ് മറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സ് പോലെ തന്നെ പലവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും പ്ലാന്‍ ചെയ്യാനുമുള്ള ഒരു ഫിനാന്‍ഷ്യല്‍ സൊലൂഷനായി ഇതിനെ കാണാത്തത്? ഈ മനോഭാവം തിരുത്തണം. കാരണം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കുന്ന പലവിധ ടേം പ്ലാനുകള്‍ ഇന്‍ഷൂറന്‍സ് വിപണിയില്‍ ലഭ്യമാണ്. കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും പെരുകികൊണ്ടിരിക്കുന്ന ബാധ്യതകളും ഒക്കെ മുമ്പില്‍ കണ്ടുകൊണ്ട് വേണം പോളിസിയെടുക്കുന്നത്. ഒരു ടേം ഇന്‍ഷൂറന്‍സ് പോളിസിയില്‍ അംഗമാകുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ പരിശോധിച്ചു വേണമെന്നത് നമ്മള്‍ ആലോചിക്കണം.
പലവിധ ടേം പ്ലാനുകളുണ്ട്. റിട്ടേണ്‍ ഓഫ് പ്രീമിയം പ്ലാന്‍, കണ്‍വര്‍ട്ടബിള്‍ ടേം പ്ലാന്‍, ഇന്‍ക്രീസിങ് സം അഷ്വേര്‍ഡ് പ്ലാന്‍, സ്റ്റാഗേര്‍ഡ് പേഔട്ട് പ്ലാന്‍ തുടങ്ങിയവയൊക്കെ വിവിധ വാഗ്ദാനങ്ങള്‍ ഉറപ്പുതരുന്നവയാണ്.
ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പോളിസികള്‍
പോളിസി എടുക്കുമ്പോള്‍ നമ്മുടെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് ബോധ്യം ഉണ്ടായിരിക്കണം. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസികള്‍ക്ക് ഒരു തുക ഗ്യാരണ്ടി നല്‍കുന്ന പ്രീമിയം പ്ലാനുകള്‍ ആളുകള്‍ക്ക് താല്‍പ്പര്യം കൂടുതലാണ്. കാരണം ഇവയുടെ നിശ്ചിത ശതമാനം റിട്ടേണ്‍ ഉറപ്പാണ്. എന്നാല്‍ 'ഇന്‍ക്രീസിങ് സം അഷേര്‍ഡ് പ്ലാനുകള്‍' കൂടുതലായി പരിഗണിക്കാനാണ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാരണം ഈ പ്ലാനുകളില്‍ സം അഷേര്‍ഡ് ആയി കിട്ടുന്ന തുകയിലേക്ക് ഒരു നിശ്ചിത ശതമാനം എല്ലാ വര്‍ഷവും കൂടിക്കൊണ്ടിരിക്കും. എന്നാല്‍ സം അഷേര്‍ഡ് കൂടുന്നതിന് അനുസരിച്ച് പ്രീമിയം കൂടില്ല. ദീര്‍ഘകാലത്തില്‍ സാമ്പത്തിക ബാധ്യതകളും ചെലവുമൊക്കെ കൂടിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ നല്ലതാണ്. 35 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പ്ലാന്‍ നല്ലത്.
അതേപോലെ ഭവന വായ്പയുള്ളവര്‍ക്ക് പറ്റിയ ഒരു പോളിസിയാണ് 'ഡിക്രീസിങ് സം അഷ്വേര്‍ഡ് ടേം പ്ലാന്‍'. ഭാവിയില്‍ ഭവന വായ്പ അടച്ചുതീര്‍ക്കാനായി ഈ പോളിസിയുടെ തുക ഉപയോഗിക്കാം. പോളിസിയുടെ ടേം വെട്ടിക്കുറച്ചാല്‍ മതി. ഈ സവിശേഷത ഉള്ളതുകൊണ്ട് തന്നെ ഭാവിയില്‍ ക്ലോസ് ചെയ്യേണ്ട സാമ്പത്തിക ബാധ്യതയുള്ളവര്‍ ഇപ്പോള്‍ തന്നെ 'ഡിക്രീസിങ് സം അഷ്വേര്‍ഡ് ടേം പ്ലാന്‍' എടുക്കുന്നത് നല്ലതാണ്.
ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരാളുടെ കുടുംബത്തെ സംരക്ഷിക്കുകയാണ്. പോളിസി വാങ്ങുന്ന സമയത്ത് വ്യക്തികള്‍ തിരഞ്ഞെടുക്കുന്ന കവറേജ് തുകയാണ് സം അഷ്വേര്‍ഡ്.
പോളിസി ഹോള്‍ഡര്‍ മരിച്ചാല്‍ കുടുംബത്തെ സംരക്ഷിക്കാന്‍ മതിയായ തുകയായിരിക്കണം ഇത്. അതുകൊണ്ട് ഒരു പോളിസിയെടുക്കുമ്പോള്‍ ഇതൊക്കെ നോക്കിവേണം തീരുമാനമെടുക്കാന്‍.
45 വയസിന് താഴെ പ്രായമുള്ള ഒരാളാണ് പോളിസിയെടുക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ 15 ശതമാനവും 45 വയസിന് മുകളിലുള്ളവര്‍ വാര്‍ഷിക വരുമാനത്തിന്റെ പത്ത് മടങ്ങ് എത്ര തുകയാണോ ആ തുകയായിരിക്കണം കവറേജ് തുകയായി കാണേണ്ടത്.