വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും; ഇരട്ടനേട്ടം നല്‍കുന്ന ജീവന്‍ ഉമാംഗ് പോളിസിയെന്ത്?
- വരുമാനം 100 വയസ് വരെ ലഭിക്കുന്നു എന്നൊരു പ്രത്യേകതയുള്ള പദ്ധതി
- 90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക്
- നികുതി രഹിത മെച്യൂരിറ്റി വാല്യു, മരണാനുകൂല്യം, 100 വയസ് വരെ ആജീവനാന്ത അപകട പരിരക്ഷ
പോളിസി കാലയളവില്‍ നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും അടക്കം ഇരട്ടനേട്ടം നല്‍കുന്ന പോളിസിയാണ് എല്‍ഐസി അവതരിപ്പിക്കുന്ന ജീവന്‍ ഉമാംഗ്. വരുമാനം 100 വയസ് വരെ ലഭിക്കുന്നു എന്നൊരു പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. ചെറിയൊരു തുകയില്‍ തുടങ്ങുന്ന നിക്ഷേപത്തില്‍ നിന്നു ചിന്തിക്കാവുന്നതിലും അധികം നേട്ടം ലഭിക്കുന്ന പദ്ധതിയാണിത്.
ജീവന്‍ ഉമാംഗ്
എല്‍ഐസി അവതരിപ്പിച്ച സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് എല്‍ഐസി ജീവന്‍ ഉമാംഗ് പ്ലാന്‍. പ്രീമിയം അടവ് പൂര്‍ത്തിയാകുന്നത് മുതല്‍ 100 വയസ് വരെ പോളിസിയില്‍ നിന്ന് പ്രതിവര്‍ഷം വരുമാനം ലഭിക്കും. അതോടൊപ്പം ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ മരണസമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. നികുതി രഹിത മെച്യൂരിറ്റി വാല്യു, മരണാനുകൂല്യം, 100 വയസ് വരെ ആജീവനാന്ത അപകട പരിരക്ഷ എന്നിവ പോളിസിയില്‍ നിന്ന് ലഭിക്കും.
55 വയസ് വരെ പോളിസി ചേരാം
90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാന്‍ സാധിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 2 ലക്ഷമാണ് പോളിസിയില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല.
ചുരുങ്ങിയ പോളിസി കാലയളവ് 15 വര്‍ഷമാണ്. 20 വര്‍ഷം, 25 വര്‍ഷം, 30 വര്‍ഷം എന്നിങ്ങനെ വിവിധ കാലാവധിയില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയില്‍ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലാണ് പോളിസിയില്‍ ചേരുന്നതെങ്കില്‍ വരുമാനം ലഭിക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം. 3 വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കും.
മെച്യൂരിറ്റി ബെനഫിറ്റ്
100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. പോളിസി തിരഞ്ഞെടുക്കുന്ന വ്യക്തി പ്രീമിയം കൃത്യമായി അടച്ച് പ്രീമിയം പൂര്‍ത്തിയാക്കിയാല്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ വരുമാനം ലഭിക്കും. സം അഷ്വേഡ് തുകയുടെ 8 ശതമാനം നിരക്കിലാണ് മെച്യൂരിറ്റി ബെനഫിറ്റ് നല്‍കുന്നത്. 32ാം വയസില്‍ 30 വര്‍ഷ പോളിസിയെടുത്താല്‍ 62ാം വയസ് മുതല്‍ വരുമാനം ലഭിക്കും.
30ാം വയസില്‍ പോളിസിയെടുത്താല്‍
30 വയസുകാരന്‍ 4.50 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് ജീവന്‍ ഉമാംഗ് പോളിസി വാങ്ങിയാല്‍ എങ്ങനെയിരിക്കും. 30 വര്‍ഷ പോളിസി കാലയളവ് തിരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീമിയം നികുതി അടക്കം 14,770 രൂപ വരും. മാസത്തിലാണെങ്കില്‍ 1,256 രൂപ വീതം അടയ്ക്കണം. 30 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
60ാം വയസില്‍ പ്രീമിയം കാലാവധി പൂര്‍ത്തിയാകും. ശേഷം 100 വയസ് വരെ വരുമാനം ലഭിക്കും. പോളിസി ചട്ട പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം പ്രീമിയം അടവ് കാലാവധിക്ക് ശേഷം ലഭിക്കും. 4.5 ലക്ഷത്തിന്റെ 8 ശതമാനമായി 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.