വീണ്ടും പലിശ വര്‍ധന, എംസിഎല്‍ആര്‍ ഉയര്‍ത്തി എച്ച്ഡിഎഫ്‌സി, ഐഒബി

Update: 2023-01-10 05:00 GMT


എച്ച്ഡിഎഫ് സി ബാങ്കും, ഇന്ത്യ ഓവര്‍സീസ് ബാങ്കും (ഐഒബി ബാങ്ക് ) മാര്‍ജിനല്‍ അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍ )വര്‍ധിപ്പിച്ചു. ഇരുബാങ്കുകളും 25 ബേസിസ് പോയിന്റ് വരെയാണ് നിരക്കുയര്‍ത്തിയിട്ടുള്ളത്. എച്ച്ഡിഎഫ് സി ബാങ്കിന്റെ പുതുക്കിയ നിരക്ക് ജനുവരി 7 മുതല്‍ പ്രാബല്യത്തിലുണ്ട്. ഐഒബി ബാങ്കിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എംസിഎല്‍ആര്‍ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ ചെലവ് ഉയരാന്‍ ഇത് ഇടയാക്കും.

എച്ച്ഡിഎഫ് സി ബാങ്കിന്റെ ഏറ്റവും കുറഞ്ഞ (എംസിഎല്‍ആര്‍) നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിച്ച് 8.30 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി. ഒരു മാസത്തേക്കുള്ള എംസിഎല്‍ആര്‍ 25 ബേസിസ് പോയിന്റ് ഉയര്‍ന്ന് 8.30 ശതമാനത്തില്‍ നിന്നും 8.55 ശതമാനമായി.

ഒരു വര്‍ഷത്തെക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.60 ശതമാനത്തില്‍ നിന്നും 8.85 ശതമാനമായി.  രണ്ട് വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 8.70 ശതമാനത്തില്‍ നിന്ന് 8.95 ശതമാനവും, മൂന്ന് വര്‍ഷത്തേക്ക് 8.80 ശതമാനത്തില്‍ നിന്ന് 9 .05 ശതമാനവും വര്‍ധിച്ചു. 25 ബേസിസ് പോയിന്റ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഐഒബി വിവിധ കാലാവധിയിലേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 5 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ ബാങ്കിന്റെ നിരക്കുകള്‍ 7.70 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായി ഉയര്‍ന്നു. ആർ ബി െഎ കഴിഞ്ഞ മേയ് മാസത്തിന് ശേഷം തുടർച്ചയായി റിപ്പോ നിരക്ക് വർധന വരുത്തുന്നതിന് പിന്നാലെ ബാങ്കുകളെല്ലാം വായ്പാ പലിശ വർധയുടെ പാതയിലാണ്.


Tags:    

Similar News