വ്യാജ വാടകച്ചീട്ട് പണിയാകും; ശമ്പളക്കാരുടെ ഐടി റിട്ടേണുകളില്‍ സൂക്ഷ്‍മ പരിശോധന
- ട്രസ്റ്റുകളുടെ റിട്ടേണിലെ വിവരങ്ങളും വ്യക്തികള്‍ സമര്‍പ്പിച്ച സംഭാവനാ വിവരങ്ങളും ഒത്തുനോക്കും
- റെഡ് ഫ്ളാഗ് ചെയ്യപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി
- ഐടിആർ തയ്യാറാക്കി നല്‍കിയ വിദഗ്ധരുടെ വിവരങ്ങളും തേടുന്നു
ആദായ നികുതിയില്‍ നിന്ന് ഇളവു തേടി റിട്ടേണ്‍ സമര്‍പ്പണത്തില്‍ തെറ്റായ വിവരങ്ങളും രേഖകളും സമര്‍പ്പിക്കുന്ന ശമ്പളക്കാര്‍ കരുതിയിരിക്കണമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്ത ബന്ധുക്കളിൽ നിന്നുള്ള വ്യാജ വാടക രസീതുകൾ, ഭവനവായ്പകളുടെ പേരിലുള്ള അധിക ക്ലെയിമുകൾ, വ്യാജ സംഭാവന രസീതുകള്‍ എന്നിങ്ങനെ നികുതിവെട്ടിപ്പിനുള്ള അധാർമ്മികമായ പല മാർഗങ്ങളും ശമ്പളക്കാരുടെ ആദായനികുതി റിട്ടേണുകളില്‍ (ഐടിആർ) ഉണ്ടെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള റിട്ടേണുകള്‍ ആദായനികുതി (ഐടിആർ) വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അടക്കേണ്ട നികുതി കുറയ്ക്കുന്നതിനും റീഫണ്ട് ഉയര്‍ത്തുന്നതിനുമായി ഇത്തരം മാര്‍ഗങ്ങള്‍ പിന്തുടരാന്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ ഉപദേശിക്കുന്ന നിരവധി വിദഗ്ധരും ഉണ്ട്. സാങ്കേതിക സംവിധാനങ്ങളുടെ പ്രയോഗം ഇത്ര ശക്തമാകാതിരുന്ന ഘട്ടത്തില്‍ ഇത്തരം വ്യാജ വിവരങ്ങള്‍ നികുതി അധികാരികളുടെ കണ്ണില്‍പ്പെടാതെ രക്ഷപെടുന്നത് താരതമ്യേന എളുപ്പമായിരുന്നു. എന്നാൽ നിലവിൽ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നിരവധി റിട്ടേണുകൾ റെഡ് ഫ്ലാഗ് ചെയ്തിട്ടുണ്ട്. ഇത് പല ശമ്പളക്കാരെയും വിവിധ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വകുപ്പ് നടപടി തുടങ്ങി
ക്ലെയിം ചെയ്യുന്ന നികുതി ഇളവിനായി ഡോക്യുമെന്ററി തെളിവുകൾ സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് ഇത്തരം നികുതിദായകർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ശമ്പളക്കാരായ വ്യക്തികൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 (13A) പ്രകാരം അവര്‍ക്ക് ലഭിക്കുന്ന വീട്ടു വാടക അലവൻസിന് നികുതി ഇളവുണ്ട്; സെക്ഷൻ 24 (ബി) പ്രകാരം ഭവന വായ്പകള്‍ക്ക് നല്‍കുന്ന പലിശയ്ക്കും ഇളവ് നല്‍കും. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് ഒരു സഹായിയെ നിയമിക്കുന്നതിനായി ലഭിക്കുന്ന അലവന്‍സിനും സെക്ഷൻ 10 (14) പ്രകാരം ഈ ആനുകൂല്യമുണ്ട്. ഇവയാണ് നികുതി വെട്ടിപ്പിനായി ശമ്പളക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് എന്നാണ് വകുപ്പ് വിലയിരുത്തുന്നത്.
50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ശമ്പളക്കാരായ വ്യക്തികളുടെ കാര്യത്തില്‍ റിട്ടേണുകളില്‍ 10 വര്‍ഷത്തിനുള്ളില്‍ റീഅസെസ്സ്മെന്‍റ് നടത്താവുന്നതാണ്. 50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികളുടെ കാര്യത്തില്‍ 8 വര്‍ഷം വരെ റിട്ടേണുകളുടെ പുനഃപരിശോധന നടത്താം. കൂടാതെ ഡാറ്റകളുടെ കംപ്യൂട്ടറൈസേഷന്‍റെ ഫലമായി, രാഷ്ട്രീയ പാർട്ടികളോ ചാരിറ്റബിൾ ട്രസ്റ്റുകളോ അവരുടെ നികുതി റിട്ടേണുകളിൽ പരാമർശിച്ചിരിക്കുന്ന ഡാറ്റയും വ്യക്തികൾ അവരുടെ റിട്ടേണുകളില്‍ സൂചിപ്പിച്ച സംഭാവന വിശദാംശങ്ങളുമായി ഒത്തുപോകുന്നുണ്ടോയെന്ന് പരിശോധിക്കാനാകും. 2019-ലെ ബജറ്റ് നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍, ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് ഇപ്പോള്‍ ഒരു യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ അനിവാര്യമാണ്, കൂടാതെ ഈ യുണീക് ഐഡികളുള്ള ട്രസ്റ്റുകൾക്ക് നൽകുന്ന സംഭാവനകൾ മാത്രമേ 2019 -20 സാമ്പത്തിക വർഷം മുതൽ സെക്ഷൻ 80 G അനുസരിച്ചുള്ള നികുതി ഇളവിന് അര്‍ഹമാകുന്നുള്ളു.
ഐടിആർ തയ്യാറാക്കി ഫയൽ ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റ്, അഭിഭാഷകൻ അല്ലെങ്കിൽ ഐടി പ്രൊഫഷണലിന്റെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവ വെളിപ്പെടുത്തുന്നതിന് ആദായനികുതി വകുപ്പ് സൂക്ഷ്മ പരിശോധന നേരിടുന്ന നികുതിദായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലെയിമുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഐടിആർ ഡാറ്റ, ഫയൽ ചെയ്യുന്നവരിൽ നിന്നുള്ള സ്ഥിരീകരണങ്ങൾ, ബാഹ്യ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ സമഗ്രമായ പ്രൊഫൈലിംഗ് നികുതി അധികാരികൾ നടത്തുന്നുവെന്നാണ് ടാക്സ് ആൻഡ് റെഗുലേറ്ററി കൺസൾട്ടൻസി സ്ഥാപനമായ അസൈർ കൺസൾട്ടിംഗിന്റെ മാനേജിംഗ് പാർട്ണർ രാഹുൽ ഗാർഗ് പറയുന്നത്.