വിദേശ യാത്രക്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റാണോ? എൽആർഎസ് പരിധിയിൽ വരും
ഉറവിട നികുതിയുടെ പരിധിയിൽ നിന്ന് ഇത്തരം ചെലവുകൾ ഒഴിവാകുന്നില്ലെന്ന് ഉറപ്പു വരുത്തും
വിദേശ യാത്രയ്ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ (എല്‍ആര്‍എസ്) പരിധിയില്‍ കൊണ്ട് വരുന്നത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ. ഇത്തരം ചെലവുകള്‍ ഉറവിട നികുതിയില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. വിദേശ യാത്രയ്ക്കായി നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ എല്‍ആര്‍എസിന്റെ പരിധിയില്‍ കൊണ്ടു വരുന്ന കാര്യം ശ്രദ്ധിക്കണമെന്ന് ആര്‍ബി ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിനാന്‍സ് ബില്‍ അവതരണ വേളയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശ യാത്രകള്‍ക്കുള്ള പേയ്‌മെന്റ് എല്‍ ആര്‍ എസിന് കീഴില്‍ വരാത്തതിനാല്‍ ഉറവിട നികുതിയില്‍ നിന്ന് രക്ഷപ്പെടുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 2023 ബജറ്റില്‍ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കല്ലാതെ വിദേശത്തേക്ക് പണമയക്കുന്നതിന് 20 ശതമാനം ഉറവിട നികുതി ബാധകമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂലായ് 1 മുതലാണ് ഇതിന് പ്രാബല്യം. ഇതിന് മുമ്പ് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണകൈമാറ്റത്തിന് 5 ശതമാനം ഉറവിട നികുതിയാണ് ബാധകമായിരുന്നത്.
2004 ലാണ് എല്‍ ആര്‍ എസ് നടപ്പാക്കുന്നത്. 25,000 ഡോളറായിരുന്നു പരിധി. കറണ്ട് അല്ലെങ്കില്‍ കാപിറ്റല്‍ അക്കൗണ്ടിലൂടെ 2.05 കോടി രൂപ വരെ വിദേശത്തേയ്ക്ക് അയക്കാന്‍ ഈ സംവിധാനം ഇന്ത്യന്‍ പൗരനെ അനുവദിക്കുന്നു. ഈ ലിമിറ്റ് കഴിയുന്നുവെങ്കില്‍ പിന്നീട് ആര്‍ബി ഐ അനുമതി തേടേണ്ടി വരും.