വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥിര നിക്ഷേപനിരക്ക് പോസിറ്റീവ് ആകുന്നു, കുറഞ്ഞ റിസ്‌കില്‍ നേട്ടം
കഴിഞ്ഞ മേയ് മാസം മുതല്‍ ഇതു വരെ 6 തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനമാണ് ആര്‍ ബി ഐ വര്‍ധന വരുത്തിയത്. ഇത് വായ്പകളിലേക്കും ഒപ്പം സ്ഥിര നിക്ഷേപങ്ങളിലേക്കും ബാങ്കുകള്‍ കൈമാറിയപ്പോള്‍ പലിശ 2.5-2.75 വരെ ഉയര്‍ന്നിട്ടുണ്ട്.
റിപ്പോ നിരക്കിലെ തുടര്‍ച്ചയായ വര്‍ധനവിനെ തുടര്‍ന്ന് ബാങ്കുകള്‍ വലിയ തോതില്‍ പലിശ ഉയര്‍ത്തിയതോടെ കുറെ കാലമായി നെഗറ്റീവ് റിട്ടേണ്‍ തന്നിരുന്ന സ്ഥിര നിക്ഷേപങ്ങള്‍ ആദായകരമായി മാറി. പലിശ നിരക്ക് കുറഞ്ഞിരുന്ന കുറെ വര്‍ഷങ്ങളായി പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപം പലപ്പോഴും നഷ്ടത്തിന്റെ കണക്കുകളാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്.
പൊതു മേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്ധ് ബാങ്ക് എന്നിവരെല്ലാം പ്രതിവര്‍ഷം 8 മുതല്‍ 8.50 ശതമാനം വരെ പലിശ ഇപ്പോള്‍ നല്‍കുന്നുണ്ട്. നിക്ഷേപത്തേക്കാള്‍ വായ്പ വളര്‍ച്ച അധികരിക്കുന്ന അവസ്ഥയായതിനാല്‍ ഫണ്ടിംഗ് പ്രതിസന്ധിയുണ്ടാകുന്നുണ്ട്. ഇത് ഉയര്‍ന്ന പലിശ നിരക്കില്‍ നേരിയ തോതിലെങ്കിലും ബാങ്കുകള്‍ തമ്മില്‍ മത്സരവുമുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ മേയ് മാസം മുതല്‍ ഇതു വരെ 6 തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനമാണ് ആര്‍ ബി ഐ വര്‍ധന വരുത്തിയത്. ഇത് വായ്പകളിലേക്കും ഒപ്പം സ്ഥിര നിക്ഷേപങ്ങളിലേക്കും ബാങ്കുകള്‍ കൈമാറിയപ്പോള്‍ പലിശ 2.5-2.75 വരെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയത്. നിലവില്‍ 7 ശതമാനം മുതലാണ് നിക്ഷേപ പലിശ ബാങ്കുകള്‍ നല്‍കുന്നത്. ഇത് 8 ശതമാനം വരെ വരുന്നുണ്ട്.
ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായിരുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചുരുങ്ങിയ പലിശയായ 7 ശതമാനം ലഭിച്ചാലും ഇത് കവര്‍ ചെയ്യും. 200 മുതല്‍ 800 വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 'ഇന്‍ഫ്‌ലേഷന്‍ ബിറ്റിംഗ്' നിരക്കാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.
നിലവില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 6.6 ശതമാനവും, 6.8 ശതമാനവുമാണ് പലിശ ലഭിക്കുന്നത്. 10 വര്‍ഷ കാലയളവിലേക്കുള്ള ഗവണ്മെന്റ് സെക്യുരിറ്റികള്‍ക്ക് 7.35 ശതമാനവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുതലായ ബാങ്കുകളെല്ലാം വിവിധ കാലാവധികളിലേക്കായി 7 ശതമാനത്തിന് മുകളില്‍ പലിശ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
എച്ച്ഡിഎഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക് മുതലായ സ്വകാര്യ ബാങ്കുകളും വിവിധ കാലാവധികളിലേക്ക് 7 ശതമാനം പലിശ നല്‍കുന്നുണ്ട്.