താല്‍ക്കാലിക ജോലിക്കാരുടെ പങ്കാളികള്‍ക്കും കാനഡയില്‍ ഇനി ജോലി ലഭിക്കും
- പുതിയ അവസരം വഴി 2023 ജനുവരി മുതല്‍, വിവധ വൈദഗ്ധ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പങ്കാളികള്‍ക്കും, ജോലി ചെയ്യാന്‍ പ്രായമായ കുട്ടികള്‍ക്കും ഘട്ടം ഘട്ടമായി കാനഡയില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും
- 2022 ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ കാനഡ 645,000-ലധികം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
കാനഡയിലെത്തുന്ന താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് 2023 മുതല്‍ നീട്ടുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നടപടിയാണിതെന്നും അവര്‍ വ്യക്തമാക്കുന്നു. തൊഴിലിനായി രാജ്യത്തേക്ക് എത്തുന്ന ആളുടെ കുടുംബാംഗങ്ങള്‍ക്കു കൂടി ജോലി ചെയ്യാനുള്ള അവസരം നല്‍കുന്നതിലൂടെ കാനഡ നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍, വിദേശത്തു നിന്നും ജോലിക്കെത്തുന്നയാള്‍ക്ക് (പ്രധാന അപേക്ഷകന്‍) ഉയര്‍ന്ന ജോലിയുണ്ടെങ്കില്‍ മാത്രമേ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുള്ളൂ. എന്നാല്‍, ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ കാനഡയിലെ ഏത് തൊഴിലുടമയുടെ കീഴിലും ഏതു തൊഴിലും ചെയ്യാന്‍ നിയമപരമായി വിദേശ പൗരന്മാരെ അനുവദിക്കുന്നുണ്ട്.
പുതിയ അവസരം വഴി 2023 ജനുവരി മുതല്‍, വിവധ വൈദഗ്ധ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പങ്കാളികള്‍ക്കും, ജോലി ചെയ്യാന്‍ പ്രായമായ കുട്ടികള്‍ക്കും ഘട്ടം ഘട്ടമായി കാനഡയില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ആരോഗ്യ പരിപാലനം, വ്യാപാരം, ഹോസ്പിറ്റാലിറ്റി എന്നിവയിലെ തൊഴിലാളികളുടെ കുടുംബങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുന്നത്. ഈ പുതിയ നീക്കത്തിലൂടെ, 200,000-ത്തിലധികം വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് കാനഡയില്‍ ജോലി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ഒന്നാമത്തേത്, താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന്റെയോ ഇന്റര്‍നാഷണല്‍ മൊബിലിറ്റി പ്രോഗ്രാമിന്റെയോ ഉയര്‍ന്ന വേതന സ്ട്രീം വഴി കാനഡയിലേക്ക് വരുന്ന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. രണ്ടാമത്തേത് കുറഞ്ഞ വേതനത്തില്‍ തൊഴില്‍ ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ ലക്ഷ്യമിടുന്നു. മൂന്നാമത്തേത്, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ കുംബാംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള സാധ്യതകള്‍ കാര്‍ഷിക മേഖലയിലെ തൊഴില്‍ ദാതാക്കളുമായി കൂടിയാലോചിച്ച് നടപ്പില്‍ വരുത്തണം.
2022 ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ കാനഡ 645,000-ലധികം വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. 2021-ല്‍ ഇതേ കാലയളവില്‍ നല്‍കിയ 163,000 എണ്ണത്തേക്കാള്‍ ഏകദേശം നാല് മടങ്ങ് കൂടുതലാണിത്. ഏറ്റവും പുതിയ തൊഴില്‍ ഒഴിവുകളുടെ ഡാറ്റ കാണിക്കുന്നത് ഓഗസ്റ്റില്‍ കാനഡയില്‍ 958,500 ഓപ്പണ്‍ റോളുകളും ഒരു ദശലക്ഷം തൊഴിലില്ലാത്തവരുമുണ്ടായിരുന്നുവെന്നാണ്. രൂക്ഷമായ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിനായി, 2025-ഓടെ ഓരോ വര്‍ഷവും അരലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിനായി കാനഡ അതിന്റെ ഇമിഗ്രേഷന്‍ പദ്ധതി കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു.