പോരുന്നോ, കൂടെ? കാനഡയോട് ട്രംപ്
- കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ട്രംപ്
- ട്രൂഡോയുടെ രാജിക്ക് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ട്രംപ് വീണ്ടും ഇക്കാര്യമറിയിച്ചത്
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള തന്റെ വാഗ്ദാനം പുതുക്കി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്ക് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്.
53 കാരനായ ട്രൂഡോയെക്കതിരെ ജനരോഷം വര്‍ധിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താന്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
2017-2021 കാലയളവിലെ തന്റെ ആദ്യ ടേമില്‍ പോലും ട്രൂഡോയുമായി ട്രംപ് നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല. നവംബര്‍ 5 ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രൂഡോയെ കണ്ടത് മുതല്‍ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ടുവെച്ചു. പിന്നീട് പലതവണ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
കാനഡയിലെ ജനങ്ങള്‍ക്ക് യുഎസിന്റെ സംസ്ഥാനമാകുക എന്നത് താല്‍പ്പര്യമുള്ള കാര്യമാണ്-ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
''കാനഡ യുഎസുമായി ലയിച്ചാല്‍, താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ കുറയും, കൂടാതെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് അവര്‍ പൂര്‍ണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിക്കുമ്പോള്‍ ഇത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും!'' തിങ്കളാഴ്ച ട്രൂഡോയുടെ രാജിക്ക് ശേഷം നിയുക്ത പ്രസിഡന്റ് പറഞ്ഞു.
ട്രംപിന്റെ നിര്‍ദേശത്തോട് കാനഡയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല. യുഎസുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള അനധികൃത മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാന്‍ ടൊറന്റോയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.