യുഎസിലേക്കാണോ? ബെംഗളൂരുവില്‍ യുഎസ് കോണ്‍സുലേറ്റ് അടുത്തമാസം മുതല്‍

  • യുഎസ് വിസകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ശ്രമം
  • 2024 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് നല്‍കിയത് 11.5 ദശലക്ഷം വിസകള്‍
  • 2025 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം വിസകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം

Update: 2024-12-20 06:53 GMT

ബെംഗളൂരുവില്‍ യുഎസ് കോണ്‍സുലേറ്റ് ഉടന്‍ സ്ഥാപിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍. ദീര്‍ഘകാലമായുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റിക്കൊണ്ട് ജനുവരിയില്‍ത്തന്നെ കോണ്‍സുലേറ്റ് തുറന്നേക്കുമെന്ന് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സ്ഥിരീകരിച്ചു.

യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) ആതിഥേയത്വം വഹിച്ച ഒരു ഇന്ററാക്ടീവ് സെഷനിലാണ് എറിക് ഗാര്‍സെറ്റി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് കോണ്‍സുലേറ്റ് ഇല്ലാത്ത ഒരേയൊരു പ്രധാന ഇന്ത്യന്‍ നഗരം ബെംഗളൂരുവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ വികസനത്തിന്റെ മുന്നോടിയായാണ് നഗരത്തിലെ ഫോറിന്‍ കൊമേഴ്സ്യല്‍ സര്‍വീസിന്റെ സാന്നിധ്യം എടുത്തുകാണിച്ചത്.

നിലവില്‍ ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് യുഎസ് കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദിലെ പുതിയ കോണ്‍സുലേറ്റ് ഉള്‍പ്പെടുന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണ് ബെംഗളൂരു കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ക്കല്‍.

ജനുവരി ഒന്നു മുതല്‍, നോണ്‍ ഇമിഗ്രന്റ് യുഎസ് വിസകള്‍ക്കുള്ള അപേക്ഷകര്‍ക്ക് അവരുടെ അഭിമുഖ അപ്പോയിന്റ്‌മെന്റുകള്‍ ഒരു തവണ ഫീസ് ഈടാക്കാതെ തന്നെ പുനഃക്രമീകരിക്കാന്‍ അനുവദിക്കും. എന്നാല്‍ അപ്പോയിന്റ്‌മെന്റ് നഷ്ടപ്പെടുകയോ രണ്ടാമത്തെ ഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ അപേക്ഷകര്‍ വീണ്ടും അപേക്ഷാ ഫീസ് അടയ്ക്കേണ്ടിവരുമെന്ന് യുഎസ് എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നത് 'എല്ലാവര്‍ക്കും ഒരു വിസ ഇന്റര്‍വ്യൂ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിന് ന്യായമായ അവസരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമാണ്' എംബസി പറഞ്ഞു.

സന്ദര്‍ശക വിസകള്‍ ബിസിനസിനും വിനോദസഞ്ചാരത്തിനും അല്ലെങ്കില്‍ രണ്ടിനും യുഎസിലേക്ക് താല്‍ക്കാലിക പ്രവേശനത്തിനുള്ളതാണ്.

നിലവിലെ വിസ കാത്തിരിപ്പ് സമയം വളരെ വലുതാണ്. അത് ഹൈദരാബാദ്: 429 ദിവസം, കൊല്‍ക്കത്ത: 436 ദിവസം, മുംബൈ: 438 ദിവസം, ഡല്‍ഹി: 441 ദിവസം, ചെന്നൈ: 479 ദിവസം എന്നിങ്ങനെയാണ്.

ഈ കാലതാമസം പരിഹരിക്കുന്നതിന്, 2025-ല്‍ വിസ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ഒരു മില്യണ്‍ വര്‍ധിപ്പിക്കാന്‍ യുഎസ് ഗവണ്‍മെന്റ് പദ്ധതിയിടുന്നു. '2025 സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ ഒരു മില്യണ്‍ വിസ അപ്പോയിന്റ്‌മെന്റുകള്‍ കൂടി ചേര്‍ക്കും. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നടത്തിയ റെക്കോഡ് അപ്പോയിന്റ്‌മെന്റുകളുടെ എണ്ണത്തിന് മുകളിലാണിത്', നവംബറില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞിരുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍, യുഎസ് 8.5 ദശലക്ഷം സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ 11.5 ദശലക്ഷം വിസകള്‍ നല്‍കി, മുന്‍ വര്‍ഷത്തേക്കാള്‍ 10% വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായത്.

2024 വേനല്‍ക്കാലത്ത്, യുഎസ് കോണ്‍സുലേറ്റ് 47,000 വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ നടത്തി, മുന്‍ വര്‍ഷം ഇത് 35,000 ആയിരുന്നു.

Tags:    

Similar News