യൂറോപ്പിന്റെ പ്രതിസന്ധിയും ജര്‍മനിയുടെ തളര്‍ച്ചയും; ഇന്ത്യക്ക് തിരിച്ചടിയാകുമോ?

  • കേരളത്തില്‍നിന്നും ജര്‍മനിയിലേക്കുള്ളത് ചെറിയതോതിലുള്ള കയറ്റുമതി
  • തുണിത്തരങ്ങള്‍, റബര്‍ ഉത്പന്നങ്ങള്‍, ചെരിപ്പ് എന്നിവയാണ് ജര്‍മനിയിലേക്കുള്ള പ്രധാന കയറ്റുമതി
  • ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചാ ദിശയിൽ
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനം

Update: 2023-06-12 08:49 GMT

ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജര്‍മനി സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. ഉക്രൈന്‍-റഷ്യ യുദ്ധമുണ്ടാക്കിയ ഇന്ധന വിലവര്‍ധനയും പണപ്പെരുപ്പവുമാണ് ഇതിനു വഴിവച്ചത്. റഷ്യയുമായി അകന്നതോടെ യൂറോപ്പ് കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്. എന്നാല്‍ യൂറോപ്പിന്റെ പ്രതിസന്ധിയും ജര്‍മനിയുടെ തളര്‍ച്ചയും ഇന്ത്യയെ ബാധിക്കുമോ? കേരളത്തെ എത്രത്തോളം ബാധിക്കും എന്നീ കാര്യങ്ങള്‍ പരിശോധിക്കാം.

പേടിക്കാനില്ലെന്ന് വിദഗ്ധര്‍

ജര്‍മനിയിലെ സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ കയറ്റുമതിയെ ചെറിയ തോതില്‍ ബാധിക്കുമെങ്കിലും കേരളത്തിന്റെ കയറ്റുമതിരംഗത്തിന് പേടിക്കാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെറിയതോതിലുള്ള കയറ്റുമതി മാത്രമാണ് കേരളത്തില്‍നിന്നും ജര്‍മനിയിലേക്കുള്ളത് എന്നതാണ് ഇതിനു കാരണം. അതില്‍തന്നെ കൂടുതലും ഭക്ഷ്യവിഭവങ്ങളായതിനാല്‍ മാന്ദ്യം കേരളത്തിലെ വ്യവസായങ്ങള്‍ക്കുമേല്‍ കാര്യമായ ആഘാതമുണ്ടാക്കില്ല.

ജര്‍മനിയുടെ വളര്‍ച്ചാനിരക്ക് നെഗറ്റീവ് ദിശയിലേക്ക് പോയിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും കേരളത്തിന് ഭയപ്പെടാന്‍ ഒന്നുമില്ലെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനായ ടി.സി മാത്യു പറയുന്നു. കഴിഞ്ഞ രണ്ട് പാദങ്ങളിലും തുടര്‍ച്ചയായി വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെയാണ് ജര്‍മനി മാന്ദ്യത്തിലേക്ക് പതിച്ചത്. ഈ പാദത്തോടെ അവര്‍ കരകയറാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഈവര്‍ഷം ആദ്യ പാദത്തില്‍ ജി.ഡി.പി 0.3 ശതമാനം ഇടിഞ്ഞതോടെയാണ് ജര്‍മനി മാന്ദ്യഭീഷണിയിലെത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനം ഇത് 0.5 ശതമാനമായിരുന്നു. പതിയെ കരകയറുന്നുവെന്നാണ് ഇതു കാണിക്കുന്നത്.

ജര്‍മനി മാത്രമല്ല, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും മാന്ദ്യഭീഷണിയിലാണ്. മാന്ദ്യം ജര്‍മനിയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് തിരിച്ചടിയാകുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള കയറ്റുമതി ഓര്‍ഡറുകളൊന്നും പിന്‍വലിക്കപ്പെട്ടിട്ടില്ലെന്നു കേരളത്തില്‍നിന്നുള്ള കയറ്റുമതിക്കാര്‍ പറയുന്നു.

എന്നാല്‍ യൂറോപ്പിലാകെ മാന്ദ്യം രൂക്ഷമായാല്‍ സ്ഥിതിഗതികള്‍ മാറുമെന്നും കോവിഡ് കാലത്തുണ്ടായതിനു സമാനമായ മെല്ലെപ്പോക്ക് വിപണിയില്‍ പ്രകടമാകുമെന്ന ആശങ്കയും വ്യവസായികള്‍ പങ്കുവെച്ചു. കോവിഡ് കാലത്ത് ഓര്‍ഡറുകള്‍ മരവിപ്പിച്ചതും ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ അടക്കമുള്ളവയ്ക്ക് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതും സംസ്ഥാനത്തിന്റെ കയറ്റുമതിരംഗത്തിന് തിരിച്ചടിയായിരുന്നു.

കയറ്റുമതി 10.84 കോടി ഡോളറിന്റേത് മാത്രം

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ജര്‍മനിയിലേക്കുള്ള കയറ്റുമതിയിലൂടെ 10.84 കോടി ഡോളറിന്റെ വരുമാനമാണ് കേരളം നേടിയത്. 91 ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തു. സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോല്‍പന്നങ്ങള്‍, കാപ്പി, തേയില, രാസവസ്തുക്കള്‍, കയര്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് കയറ്റിയയക്കുന്നത്. ഇതില്‍ കൂടുതലും ജര്‍മനിയിലേക്കാണ്. ജര്‍മനിയെ കൂടാതെ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഇറ്റലി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.

ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയെടുത്താല്‍ തുണിത്തരങ്ങള്‍, റബര്‍ ഉത്പന്നങ്ങള്‍, ചെരിപ്പ് എന്നിവയാണ് ജര്‍മനിയിലേക്കുള്ള പ്രധാന കയറ്റുമതി. ഇവയുടെ കയറ്റുമതിയെ മാന്ദ്യം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഉക്രൈന്‍-റഷ്യ യുദ്ധ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളും ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. യന്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ജ്വല്ലറി ആന്‍ഡ് ജെംസ്, റബര്‍ ഉല്‍പന്നങ്ങള്‍ എന്നിവയും ഇന്ത്യ കയറ്റുമതി ചെയ്യുന്നു.

2022ല്‍ ഇന്ത്യയുടെ കയറ്റുമതിയുടെ 4.4 ശതമാനമാണ് ജര്‍മനിയിലേക്കുണ്ടായത്. ഓര്‍ഗാനിക് കെമിക്കല്‍സ്, യന്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, ഇരുമ്പ്സ്റ്റീല്‍തുകല്‍ ഉല്‍പന്നങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയായിരുന്നു കയറ്റിയയച്ചത്.

ഇന്ത്യയിലെ ജര്‍മന്‍ നിക്ഷേപം

ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ 9ാം സ്ഥാനത്താണ് ജര്‍മനി. 1360 കോടി ഡോളറിന്റെ നിക്ഷേപമാണ് 2000-2022 കാലത്ത് നടന്നത്. ഗതാഗതം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ലോഹസംസ്‌കരണ വ്യവസായം, ഇന്‍ഷുറന്‍സ്, കെമിക്കല്‍സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകളിലാണു നിക്ഷേപം.

എഫ്.ഐ.ഇ.ഒയ്ക്ക് പറയാനുള്ളത്

2021-22ല്‍ 161.2 ലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് കേരളത്തില്‍നിന്നും ജര്‍മനിയിലേക്ക് കയറ്റി അയച്ചത്. 80.6 ലക്ഷം ഡോളറിന്റെ രാസപദാര്‍ഥങ്ങളും 57.8 ലക്ഷം ഡോളറിന്റെ കാപ്പിയും 57.4 ലക്ഷം ഡോളറിന്റെ കശുവണ്ടിയും സംസ്ഥാനം കയറ്റിയയച്ചു.

അതേസമയം ജര്‍മനിയിലേക്ക് കേരളത്തില്‍ നിന്ന് വളരെ കുറഞ്ഞ അളവില്‍ സുഗന്ധ വ്യഞ്ജനങ്ങളും സമുദ്രോല്‍പന്നങ്ങളും മറ്റുമാണ് കയറ്റുമതി ചെയ്യുന്നതെന്നും അവിടുത്തെ നിലവിലെ പ്രതിസന്ധി കേരളത്തെ ബാധിക്കില്ലെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍(എഫ്.ഐ.ഇ.ഒ) കേരള ഘടകം മേധാവി എം.ജി രാജീവ് മൈഫിന്‍ പോയിന്റിനോട് പറഞ്ഞു. ഉക്രൈനുമായി സംഘര്‍ഷത്തിലായ റഷ്യ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശുഭ സൂചനയുമായി യു.എസ്

ലോകത്തെ ഏറ്റവും വലിയ എക്കോണമിയായ അമേരിക്കയില്‍ വളര്‍ച്ചാ നിരക്ക് കുറവാണെങ്കിലും കൊവിഡാനന്തരം വളര്‍ച്ച കാണിക്കുന്നുണ്ട്. ജര്‍മനിയില്‍ ഈവര്‍ഷം ആദ്യ പാദത്തില്‍ ജി.ഡി.പി 0.3 ശതമാനം ഇടിവു രേഖപ്പെടുത്തിയപ്പോള്‍ യു.എസ് ജി.ഡി.പി 1.3 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2022 അവസാന പാദത്തില്‍ യു.എസ് ജി.ഡി.പി 2.6 ശതമാനം വര്‍ധിച്ചിരുന്നു.

അതേസമയം രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയില്‍ ചെറിയ തളര്‍ച്ച പ്രകടമാണ്. ഇത് ചൈനയിലേക്ക് കയറ്റുമതി നടത്തുന്ന രാജ്യങ്ങളെ ബാധിക്കും.

പ്രതീക്ഷയോടെ ഇന്ത്യ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചാ ദിശയിലാണെന്നാണ് ഐ.എം.എഫ് പറയുന്നത്. 2023 ജനുവരിയില്‍ 6.52% ആയിരുന്നു ഇന്ത്യയിലെ പണപ്പെരുപ്പം. ഇത് ഏപ്രിലില്‍ 4.70% ആയി കുറഞ്ഞു. 2022 ഏപ്രിലില്‍ 7.79% എന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ഇത് പടിപടിയായി കുറഞ്ഞുവരുകയായിരുന്നു. ഈ സാമ്പത്തികവര്‍ഷം പണപ്പെരുപ്പം 4.9% ആകുമെന്നാണ് ഐ.എം.എഫ് പ്രവചനം. അടുത്തവര്‍ഷമിത് 4.4% ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ സാമ്പത്തികവര്‍ഷം ഇന്ത്യ 30 അടിസ്ഥാന പോയിന്റ് ഉയര്‍ന്ന് 6.3% ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിക്കുന്നത്. നവംബറിലെ പ്രവചനം 5.9% വളര്‍ച്ച നേടുമെന്നായിരുന്നു.

അതേസമയം യു.എസിന്റെയും മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകള്‍ക്കും വളര്‍ച്ചാ പ്രവചനം ഉയര്‍ത്തിയ ലോക ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കുറയുമെന്നാണ് നീരിക്ഷിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രവചനം 6.3 ശതമാനമായാണ് ലോക ബാങ്ക് താഴ്ത്തിയത്. 2023 ജനുവരിയിലെ 6.6 ശതമാനത്തില്‍ നിന്ന് 0.3 ശതമാനം പോയിന്റ് താഴോട്ടാണ് വളര്‍ച്ചയെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.

ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം, സര്‍ക്കാറിന്റെ ചെലവ് ചുരുക്കുല്‍, വര്‍ധിച്ച് വരുന്ന കടമെടുപ്പ് ചെലവുകള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രവചനം വെട്ടിക്കുറച്ചതിന് ലോക ബാങ്ക് മുന്നോട്ട് വയ്ക്കുന്ന കാരണങ്ങള്‍. 2023 മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുകയും മുന്‍വര്‍ഷത്തേക്കാള്‍ കുറയകയും ചെയ്തു.

ഇന്ധന വില കുറച്ചേക്കും

ഉക്രൈനുമായുള്ള യുദ്ധ സാഹചര്യത്തില്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ വാങ്ങിക്കൂട്ടുന്നത്. ഇത് രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് കൊവിഡ് കാലത്തുണ്ടായ നഷ്ടം നികത്തുന്നതിന് അവസരമൊരുക്കി. അടുത്ത മാസത്തോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ നഷ്ടം നികത്തി ലാഭത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതോടെ ഇന്ധനവിലയില്‍ കുറവുവരുത്താനും സര്‍ക്കാര്‍ തയാറായേക്കും.

Tags:    

Similar News