യുദ്ധത്തിനിടയില്‍ ബോംബുവില്‍പ്പനക്കാരനായി യുഎസ്
- ആശങ്കയും ആയുധവില്‍പ്പനയും പതിവാക്കി അമേരിക്ക
- മാരകമായ 2000 ബോംബുകളും 25 എഫ്-35 വിമാനങ്ങളും ഇസ്രയേലിന് നല്‍കും
- പാലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ ഇതുവരെ മരണം 32,000 കടന്നു
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുഎസ് ഇപ്പോള്‍ നെതന്യാഹു ഭരണകൂടത്തിന് ബില്യണ്‍ കണക്കിന് ഡോളറിന്റെ ബോംബുകള്‍ വില്‍ക്കുന്നു. ബോംബുകള്‍ മാത്രമല്ല യുദ്ധവിമാനങ്ങളും ഇസ്രയേലിന് നല്‍കാന്‍ ജോ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. പുതിയ ആയുധ പാക്കേജുകളില്‍ രണ്ടായിരം പൗണ്ട് ബോംബുകളും 25 എഫ് -35 വിമാനങ്ങളും ഉള്‍പ്പെടുന്നു. ഇവ ഒരു വലിയ പാക്കേജിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ഇസ്രയേലിന് യുഎസ് 3.8 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക സൈനിക സഹായമാണ് നല്‍കുന്നത്. ഗാസയിലെ സംഘര്‍ഷത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അമേരിക്ക തങ്ങളുടെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇസ്രയേല്‍ എംബസിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പില്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ പേരില്‍ ടെല്‍ അവീവ് അന്താരാഷ്ട്ര വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്. പാലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ ഇതുവരെ 32,000-ത്തിലധികം ആളുകള്‍ മരിച്ചു.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് മാര്‍ച്ച് 25 ന് യുഎസ് വിട്ടുനിന്നതിന് ശേഷമാണ് ഈ സംഭവവികാസം ഉണ്ടായത്, ഇസ്രയേല്‍ വാഷിംഗ്ടണിനെതിരെ ആഞ്ഞടിക്കുകയും ''ഇന്ന് യുഎന്നിലെ തങ്ങളുടെ നയം ഉപേക്ഷിച്ചു'' എന്ന് പറയുകയും ചെയ്തു.
പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ഇസ്രയേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് അത് പരിഗണിച്ചില്ല.