മാലദ്വീപുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎസ്

  • ഇന്തോ-പസഫിക് മേഖലയില്‍ മാലദ്വീപുമായുള്ള സഹകരണം അനിവാര്യം
  • യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു മാലെ സന്ദര്‍ശിച്ചു

Update: 2024-02-09 09:58 GMT

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-മാലിദ്വീപ് തര്‍ക്കത്തിനിടയില്‍, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. സ്വതന്ത്രവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതില്‍ മാലദ്വീപിനെ ഒരു പ്രധാന പങ്കാളിയായി യുഎസ് വിശേഷിപ്പിച്ചു.

മാലദ്വീപ് സന്ദര്‍ശിച്ച ദക്ഷിണ-മധ്യേഷ്യയ്ക്കായുള്ള യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു, നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ജനുവരി 29 മുതല്‍ 31 വരെയുള്ള മാലദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ലു ഇക്കാര്യം വിശദീകരിച്ചത്. ഇന്ത്യന്‍ സൈനികരെ തന്റെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന പ്രസിഡന്റ് മുയിസുവിന്റെ ആവശ്യത്തെത്തുടര്‍ന്ന് മാലദ്വീപും ഇന്ത്യയും തമ്മില്‍ നയതന്ത്ര തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തെക്കുറിച്ച് ആഗോളതലതലത്തില്‍ ഇപ്പോള്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

മാലെയില്‍ ആയിരിക്കുമ്പോള്‍, പ്രതിരോധ സഹകരണം, സാമ്പത്തിക വളര്‍ച്ച, ജനാധിപത്യ ഭരണം എന്നിവയുള്‍പ്പെടെ പങ്കിട്ട മുന്‍ഗണനകള്‍ ചര്‍ച്ച ചെയ്യാന്‍ ലു മുഹമ്മദ് മുയിസുവുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാലദ്വീപില്‍ യുഎസ് എംബസി സ്ഥാപിക്കുന്നതിന്റെ പുരോഗതിയെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

മാലദ്വീപിലെ ജനാധിപത്യ ഭരണവും സുതാര്യതയും ചര്‍ച്ച ചെയ്യാന്‍ സിവില്‍ സൊസൈറ്റി അംഗങ്ങളുമായും ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായും ലു കൂടിക്കാഴ്ച നടത്തിയിരുന്നു.

നവംബര്‍ 17-ന് മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍, മാര്‍ച്ച് 15-നകം 88 സൈനികരെ തന്റെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന് മുയിസു ഇന്ത്യയോട് ഔപചാരികമായി അഭ്യര്‍ത്ഥിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, മാലിദ്വീപില്‍ മൂന്ന് വ്യോമയാന പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് പകരം 'പ്രാപ്തരായ' ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

Tags:    

Similar News