ബൈഡന്‍-ഷി കൂടിക്കാഴ്ച യുഎസ് സ്ഥിരീകരിച്ചു
- സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക
- അപെക് ലീഡര്‍ഷിപ്പ് ഉച്ചകോടിക്കാണ് ഷി യുഎസില്‍ എത്തുന്നത്
- ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിക്കും ക്ഷണം
ജോ ബൈഡന്‍ - ഷി ജിന്‍പിംഗ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ഈ മാസം അവസാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഏഷ്യ പസിഫിക് ഇക്കണോമിക് കോഓപ്പറേഷന്‍(ൾ അപെക്) ലീഡര്‍ഷിപ്പ് ഉച്ചകോടിക്കിടെയാണ് യുഎസ്, ചൈനീസ് പ്രസിഡന്റുമാര്‍ ചര്‍ച്ചനടത്തുക.
ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചക്കായി പ്രസിഡന്റ് ഉറ്റുനോക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി തന്റെ ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപെക് നേതൃത്വ ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രസിഡന്റ് ബൈഡന്‍ ക്ഷണിച്ചു. എന്നാല്‍ ക്യാബിനറ്റ് തലത്തിലുള്ള ഒരു മന്ത്രിയാകും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
'ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത് ക്രിയാത്മകമായ ഒരു മീറ്റിംഗ് ആയിരിക്കും,' ജീന്‍-പിയറി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടിട്ടില്ല.
ഇരു നേതാക്കളും തമ്മില്‍ ക്രിയാത്മകമായ സംഭാഷണം നടത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന് അയവുണ്ടാകുന്ന തലത്തിലേക്കുള്ള ചര്‍ച്ചകള്‍ക്ക് അവിടെ തുടക്കമിടുമോ എന്ന് ലോകവും ഉറ്റുനോക്കുകയാണ്. ചൈനയുമായി എങ്ങനെ മുന്നോട്ട് പോകണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയം മാറിയിട്ടില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
'യുഎസ്, ചൈനയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നു. ഇത് തീവ്രമായ മത്സരം തന്നെയാണ്. അത് നയതന്ത്രതലത്തില്‍ ആയിരിക്കും. അതാണ് പ്രസിഡന്റ് ചെയ്യാന്‍ പോകുന്നത്',പിയറി പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സെക്രട്ടറിമാരും മന്ത്രിമാരും പരസ്പരം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. അതില്‍ വലിയ തീരുമാനം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എങ്കിലും കൂടിക്കാഴ്ചക്ക് ഇരു നേതാക്കളും തീരുമാനിച്ചത് തന്നെ ഒരു വലിയ മഞ്ഞുരുക്കത്തിന്റെ തുടക്കമാകാമെന്ന് വിലയിരുത്തപ്പെടുന്നു.