പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

  • പോപ്പ് എത്തിയത് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ അകമ്പടിയോടെ
  • നിരവധി ലോകനേതാക്കള്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Update: 2024-06-14 15:53 GMT

ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. മാര്‍പ്പാപ്പയുടെ അടുത്തെത്തിയ മോദി അദ്ദേഹത്തെ ആശ്ലേഷിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. 2021 ഒക്ടോബറില്‍ വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തില്‍ ഒരു സ്വകാര്യ സദസ്സിനിടെയാണ് പ്രധാനമന്ത്രി ഇതിനുമുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ടത്. ആ സമയത്ത്, രണ്ട് നേതാക്കളും കോവിഡ്19 പകര്‍ച്ചവ്യാധിയെക്കുറിച്ചും ലോകമെമ്പാടുമുള്ള അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിരുന്നു.

ജി 7 ഉച്ചകോടിയില്‍ ഇതാദ്യമായാണ് മാര്‍പ്പാപ്പ പങ്കെടുക്കുന്നത്.വീല്‍ചെയറില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ അകമ്പടിയോടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വേദിയിലെത്തിയത്. ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണും യൂറോപ്യന്‍ പാര്‍ലമെന്റ് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയനും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യന്റെ അന്തസ് പ്രഥമസ്ഥാനത്ത് നിലനിര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ സമ്പന്ന ജനാധിപത്യ നേതാക്കളെ ഉദ്‌ബോധിപ്പിച്ചു. അത്തരം ശക്തമായ സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ വെറും അല്‍ഗോരിതങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.എഐയുടെ അപകടങ്ങളെയും മികവിനെയും കുറിച്ച് വാര്‍ഷിക ഉച്ചകോടിയില്‍ ഒരു പ്രത്യേക സെഷനില്‍ അഭിസംബോധന ചെയ്യാന്‍ ആതിഥേയരായ ഇറ്റലിയാണ് മാര്‍പ്പാപ്പയെ ക്ഷണിച്ചത്.

എഐ മനുഷ്യ കേന്ദ്രീകൃതമാണെന്ന് ഉറപ്പാക്കാന്‍ നേതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് പോപ്പ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ശരിയായ മനുഷ്യ നിയന്ത്രണത്തിനുള്ള ഇടം നാം ഉറപ്പാക്കുകയും സംരക്ഷിക്കുകയും വേണം. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ നിരോധിക്കണമെന്നും മനുഷ്യന്റെ അന്തസ്സ് തന്നെ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News