ജി-7 ഉച്ചകോടി: മികച്ച ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കും: പ്രധാനമന്ത്രി
- ഇറ്റലിയിലെ അപുലിയയിലാണ് ഉച്ചകോടി നടക്കുന്നത്
- ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനില്‍ മോദി സംസാരിക്കും
ലോക നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെ അപുലിയയില്‍ വിമാനമിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നതായും അദ്ദേഹം പ്രതികരിച്ചു.
ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര സമ്പന്നമായ ബോര്‍ഗോ എഗ്‌നാസിയ റിസോര്‍ട്ടിലാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി അപുലിയയിലെ ബ്രിണ്ടിസി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ വി റാവോയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ പര്യടനമാണിത്.
നിരവധി ലോകനേതാക്കളുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ് അറിയിച്ചു. ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.