അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ-ജപ്പാന്‍ ധാരണ
- ജി 7 ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി കൂടിക്കാഴ്ച നടത്തി
- അര്‍ദ്ധചാലകങ്ങള്‍, ക്ലീന്‍ എനര്‍ജി, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നീരംഗങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും
- ഇന്ത്യയില്‍ ജപ്പാന്‍ നിക്ഷേപം വര്‍ധിപ്പിക്കും
അടിസ്ഥാന സൗകര്യങ്ങളും സാംസ്‌കാരിക ബന്ധങ്ങളും മെച്ചപ്പെടുത്തുമെന്ന് ഇന്ത്യയും ജപ്പാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന് പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു. ത്രിദിന ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസമായി ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
മേഖലയില്‍ ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തിനും അതിന്റെ സ്വാധീനം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇടയിലാണ് മോദി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
പ്രതിരോധം, സാങ്കേതികവിദ്യ, അര്‍ദ്ധചാലകങ്ങള്‍, ക്ലീന്‍ എനര്‍ജി, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി കിഷിദയെ ക്ഷണിച്ചു.അടിസ്ഥാന സൗകര്യങ്ങളിലും സാംസ്‌കാരിക ബന്ധങ്ങളിലും ബന്ധം മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും താല്‍പ്പര്യപ്പെടുന്നു. മൂന്നാം തവണയും അധികാരത്തിലെത്തിയെ മോദിയെ ജാപ്പനീസ് പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
'ഇന്ത്യ-ജപ്പാന്‍ സ്ട്രാറ്റജിക് ആന്റ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് അതിന്റെ പത്താം വര്‍ഷത്തിലാണ്. അതിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകള്‍ കൂട്ടിച്ചേര്‍ക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
ഇന്ത്യയിലെ മൊബിലിറ്റിയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉള്‍പ്പെടെ നിരവധി സുപ്രധാന മേഖലകളില്‍ ഇന്ത്യയും ജപ്പാനും സഹകരിക്കുന്നുണ്ട്. 2022-2027 കാലയളവില്‍ ഇന്ത്യയില്‍ 5 ട്രില്യണ്‍ യെന്‍ മൂല്യമുള്ള ജാപ്പനീസ് നിക്ഷേപം, ഉല്‍പ്പാദന സഹകരണത്തിന്റെ പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ഇന്ത്യ-ജപ്പാന്‍ വ്യാവസായിക മത്സര പങ്കാളിത്തം തുടങ്ങിയവ അവലോകനം ചെയ്യാന്‍ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച അവസരമൊരുക്കി.