നൂറ് ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിട്ട് ഇന്ത്യയും റഷ്യയും

  • ദേശീയ കറന്‍സികള്‍ ഉപയോഗിച്ച് ഉഭയകക്ഷി സെറ്റില്‍മെന്റ് സംവിധാനം സ്ഥാപിക്കും
  • വ്യാപാര സന്തുലനം ലക്ഷ്യമിട്ട് ഇന്ത്യ
  • മോസ്‌കോ റഷ്യന്‍ ക്രൂഡിന് വിലക്കിഴിവ് നല്‍കിയതോടെ 2022 മുതല്‍ ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചു

Update: 2024-07-10 02:58 GMT

ഇന്ത്യയും റഷ്യയും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. വ്യാപാരം സന്തുലിതമാക്കാനും, താരിഫ് ഇതര വ്യാപാര തടസ്സങ്ങള്‍ ഇല്ലാതാക്കാനും, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ (ഇഎഇയു)-ഇന്ത്യ ഫ്രീ ട്രേഡ് ഏരിയയുടെ സാധ്യതകള്‍ ആരായാനും ഇന്ത്യ സാധ്യതകള്‍ തേടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഒന്നിലധികം റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, ദേശീയ കറന്‍സികള്‍ ഉപയോഗിച്ച് ഉഭയകക്ഷി സെറ്റില്‍മെന്റ് സംവിധാനം സ്ഥാപിക്കാനും പരസ്പര സെറ്റില്‍മെന്റുകളില്‍ ഡിജിറ്റല്‍ സാമ്പത്തിക ഉപകരണങ്ങള്‍ അവതരിപ്പിക്കാനും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായുള്ള സംഭാവനകള്‍ പരിഗണിച്ച് പുടിന്‍ മോദിയെ 'ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തലന്‍' പുരസ്‌കാരം നല്‍കി ആദരിച്ചു.

ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് അവ്യക്തമായ സന്ദേശം നല്‍കിയ പ്രധാനമന്ത്രി, ബോംബുകളുടെയും വെടിയുണ്ടകളുടെയും ഇടയില്‍ സമാധാന ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്ന് പുടിനോട് പറഞ്ഞു. കൂടാതെ കൈവിലെ കുട്ടികളുടെ ആശുപത്രിയില്‍ മാരകമായ മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മോദിയെ റഷ്യന്‍ പ്രസിഡന്റ് അഭിനന്ദിച്ചു.

പ്രാഥമികമായി മോദിയുടെ മോസ്‌കോയിലേക്കുള്ള ദ്വിദിന പര്യടനത്തില്‍ സാമ്പത്തിക സഹകരണം, പ്രത്യേകിച്ച് ഊര്‍ജം, വ്യാപാരം, ഉല്‍പ്പാദനം, രാസവളം എന്നിവയില്‍ ചര്‍ച്ച നടന്നു.

ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയുടെ പ്രധാന ഊന്നല്‍ സാമ്പത്തിക ഇടപെടലായിരുന്നു.2030-ഓടെ 100 ബില്യണ്‍ ഡോളറിന്റെ പുതിയ ലക്ഷ്യം ഇരു നേതാക്കളും നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക സഹകരണം സംബന്ധിച്ച സംയുക്ത പ്രസ്താവനയിലും അവര്‍ യോജിച്ചു.

റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2024ല്‍ 65.6 ബില്യണ്‍ ഡോളറായിരുന്നു, ഇത് വര്‍ഷം തോറും 33 ശതമാനം വര്‍ധിച്ചു. മോസ്‌കോ റഷ്യന്‍ ക്രൂഡിന് വിലക്കിഴിവ് നല്‍കിയതോടെ 2022 മുതല്‍ ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വിശാലമാക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ മുന്നോട്ടുവച്ചു. ആണവോര്‍ജം, എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഊര്‍ജ മേഖലകളിലെ മികച്ച സഹകരണവും ഡോക്യുമെന്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

റഷ്യയിലേക്കുള്ള കയറ്റുമതി 4.2 ബില്യണ്‍ ഡോളറായതിനാല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, ഭക്ഷണം, വളം എന്നിവയുടെ വ്യാപാരത്തിന്റെ അളവ് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. 2023-24ല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 57 ബില്യണ്‍ ഡോളറായിരുന്നു.

Tags:    

Similar News