കുടിയേറ്റക്കാരെ എല്ലാം ഉള്‍ക്കൊള്ളാന്‍ കാനഡക്കാവുന്നില്ലെന്ന് ട്രൂഡോ
- ഈ വര്‍ഷം സ്റ്റഡി പെര്‍മിറ്റിനായുള്ള അപേക്ഷകളില്‍ 35% കുറവുണ്ടാകും
- താല്‍ക്കാലിക താമസക്കാരുടെ എണ്ണവും കുറക്കുന്നു
- താല്‍ക്കാലിക കുടിയേറ്റക്കാര്‍ ജനസംഖ്യയുടെ 7.5% ആയി ഉയര്‍ന്നു
താല്‍ക്കാലിക കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി കാനഡ. രാജ്യത്തേക്കുള്ള താത്കാലിക കുടിയേറ്റക്കാരുടെ കുതിച്ചുചാട്ടം അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അത് കുറയ്ക്കാന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ വ്യക്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, താല്‍ക്കാലിക കുടിയേറ്റത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അത് താല്‍ക്കാലിക തൊഴിലാളികളാണെങ്കിലും അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളായാലും അത് വളര്‍ന്നു, കാനഡക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമായ തോതില്‍-ട്രൂഡോ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധിയുണ്ടായി. ഇത് അടിസ്ഥാന സൗകര്യങ്ങളെയും സേവനങ്ങളെയും ബാധിക്കുകയും ചെയ്തു.നോവ സ്‌കോട്ടിയയിലെ ഡാര്‍ട്ട്മൗത്തില്‍ നടന്ന ഒരു പരിപാടിയിലാണ് കനേഡിയന്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2017ല്‍ താല്‍ക്കാലിക കുടിയേറ്റക്കാര്‍ അടങ്ങുന്ന മൊത്തത്തിലുള്ള ജനസംഖ്യയുടെ ശതമാനം വെറും 2 ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 7.5% ആയി ഉയര്‍ന്നു.''ഇത് ഞങ്ങള്‍ നിയന്ത്രണത്തിലാക്കേണ്ട കാര്യമാണ്,'' അദ്ദേഹം പറഞ്ഞു, ''ആ സംഖ്യകള്‍ കുറയ്ക്കാന്‍'' തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ ''ഞങ്ങളുടെ കമ്മ്യൂണിറ്റികളില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തി'' എന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത് ട്രൂഡോയുടെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാഗ്യത്തിന് കാരണമാവുകയും ചെയ്തതായി പറയപ്പെടുന്നു.
ടൂഡോ ആദ്യമായി അധികാരമേറ്റ സമയത്ത്, 2015 ല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 219,035 ആയിരുന്നു, അവരില്‍ പഠനാനുമതിയുള്ള ഇന്ത്യക്കാര്‍ 31,920 ആയിരുന്നു. 2023-ല്‍ 684,385 സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കി, അതില്‍ 278,860 ഇന്ത്യക്കാരുണ്ടായിരുന്നു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2015നുശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റത്തില്‍ വര്‍ധനവ് ഉണ്ടായത്.
സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ കണക്കുകള്‍ കുറയ്ക്കാന്‍ ശ്രമിച്ചു. മാര്‍ച്ച് 21 ന് ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍, ''അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം 5% ആയി കുറയ്ക്കുക'' എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റിനായി സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണത്തില്‍ ഇന്‍ടേക്ക് പരിധി നടപ്പിലാക്കുമെന്ന് ജനുവരിയില്‍ ഐആര്‍സിസി പ്രഖ്യാപിച്ചു. ഇത് 2023 നെ അപേക്ഷിച്ച് ഈ വര്‍ഷം ആ സംഖ്യകളില്‍ 35 ശതമാനം കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.