ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കാനഡ
- ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം അവഗണിക്കാനാവില്ല
- നിജ്ജാര്‍ വിഷയത്തില്‍ ഇന്ത്യ കാനഡയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം
- കൊലപാതകത്തിനു പിന്നില്‍ ഐഎസ്‌ഐ എന്നും വാര്‍ത്തകള്‍
ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലും ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ലോക വേദിയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചൂണ്ടിക്കാട്ടി, കാനഡയും അതിന്റെ സഖ്യകക്ഷികളും ഇന്ത്യയുമായി ക്രിയാത്മകമായും ഗൗരവത്തോടെയും ഇടപഴകുന്നത് വളരെ പ്രധാനമാണെന്ന് ട്രൂഡോ പറഞ്ഞതായി നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയും സുപ്രധാന ആഗോള ശക്തിയുമാണ്. അതേസമയം, വ്യക്തമായും, നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയില്‍, ഈ വിഷയത്തിന്റെ മുഴുവന്‍ വസ്തുതകളും കാനഡയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ ഒട്ടാവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണെന്ന ട്രൂഡോ പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിക്കുന്നു. ഇന്ത്യ ഈ ആരോപണങ്ങള്‍ അസംബന്ധവും 'പ്രചോദിതവും' ആണെന്ന് തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് കാനഡയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെയും ഇന്ത്യാ വിരുദ്ധരെയും അടിച്ചമര്‍ത്താന്‍ ഇന്ത്യ ട്രൂഡോയോട് ആവശ്യപ്പെട്ടു. കനേഡിയന്‍ പൗരന്മാർക്കു നൽകുന്ന വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ട്രൂഡോ ഇതുവരെ ഒരു തെളിവും നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ട്രൂഡോയുടെ പ്രസ്താവനകള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. അതേസമയം നിജ്ജാറിന്റെ കൊലപാതകത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഐഎസ്‌ഐക്ക് പ്രിയപ്പെട്ട ഒരു നേതാവിനെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിക്കുക എന്നതും ലക്ഷ്യമായിരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന് തെളിവുകള്‍ ലഭിച്ചതായും വാര്‍ത്തകളിലുണ്ട്.
ഇന്ത്യ കാനഡ ബന്ധം വഷളായശേഷം ഐഎസ്‌ഐ ചില ഖാലിസ്ഥാന്‍ നേതാക്കളുമായി കാനഡയില്‍ കൂടിക്കാഴ്ച നടത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.