ഓഹരിവില ഉയര്‍ന്നത് 8%; ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പിന് പിന്നിലെന്ത്?

  • നിലവില്‍ 1,52,582 കോടി രൂപയാണ് വിപണി മൂല്യം

Update: 2023-04-12 04:15 GMT

വെള്ളിയാഴ്ച ആഗോള മൊത്തവില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇന്നലെ ഓഹരി വില എട്ട് ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് ആഗോള മൊത്തവ്യാപാരത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇതിനുപിന്നാലെയാണ് ഓഹരി വിപണിയിലും ടാറ്റ മോട്ടോഴ്‌സ് ഉയര്‍ന്നത്.

വ്യാഴാഴ്ച 437.15 രൂപയില്‍ എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ച ടാറ്റ മോട്ടോഴ്‌സ് തുടര്‍ വ്യാപാര ദിവസമായ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത് 470 രൂപയിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്നനിലയും ഇതാണ്. അതേസമയം ഇന്ന് നേരിയ ഇടിവോടെ 459,30 രൂപയിലാണ് ടാറ്റ മോട്ടോഴ്‌സ് വ്യാപാരം അവസാനിപ്പിച്ചത്.

നിലവില്‍ 1,52,582 കോടി രൂപയാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിപണി മൂല്യം. 494.40 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്നനില.

ആഗോളതലത്തില്‍ 8 ശതമാനം വര്‍ധന

മാര്‍ച്ച് പാദത്തില്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ 3,61,361 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ എട്ട് ശതമാനം വര്‍ധന. ജനുവരി-മാര്‍ച്ച് കാലയളവിലെ ആഗോള പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും ടാറ്റ നേട്ടമുണ്ടാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 1,35,654 പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ ഇക്കാലയളവില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധന. 5,499 യൂണിറ്റ് ജാഗ്വറും 91,887 യൂണിറ്റ് ലാന്‍ഡ് റോവറും ഉള്‍പ്പെടെ മാര്‍ച്ച് പാദത്തില്‍ 1,07,386 വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ആലോളതലത്തില്‍ വിറ്റഴിച്ചത്.

അതിനിടെ കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര വിപണിയില്‍ 44,044 പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയാണ് ടാറ്റ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 4.1 ശതമാനം വര്‍ധനവാണിത്. എന്നിരുന്നാലും വിപണന നിരീക്ഷകരുടെ പ്രവചനങ്ങളേക്കാള്‍ കുറവാണിത്.

Tags:    

Similar News