ഉപഭോക്തൃ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം, ഏപ്രില്‍ മുതല്‍ ഇ-ഫയലിംഗ് നിര്‍ബന്ധം
ഡെല്‍ഹി: ഉപഭോക്തൃ പരാതികളുടെ ഇ-ഫയലിംഗ് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുന്നു. ഇത് പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. നിലവില്‍, ഉപഭോക്തൃ കമ്മീഷനുകളിലോ കോടതികളിലോ പരാതികള്‍ നല്‍കുന്നത്് എഴുതി തയ്യാറാക്കിയോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ രീതിയിലോ ആണ്.
2020 സെപ്റ്റംബറിലാണ് ഉപഭോക്തൃ പരാതികള്‍ക്കുള്ള ഇലക്ട്രോണിക് ഫയലിംഗ് (ഇ-ഫയലിംഗ്) ഓപ്ഷന്‍ അവതരിപ്പിച്ചത്. പക്ഷെ നിര്‍ബന്ധമാക്കിയിരുന്നില്ല.
പരാതികള്‍ ഇ-ഫയലിംഗ് വഴി നല്‍കുമ്പോള്‍ ഉപഭോക്താവിന് പരാതികള്‍ അവരുടെ ഇഷ്ടപ്രകാരം അഭിഭാഷകന്റെ സഹായമില്ലാതെ നേരിട്ട് ഫയല്‍ ചെയ്യാം. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിന്, ത്രിതല സംവിധാനമാണുള്ളത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം (ഡിസിഡിആര്‍എഫ്) ഏറ്റവും താഴെ. സംസ്ഥാന തലത്തില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍, ദേശീയ തലത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എന്നിവയാണ് ഉയര്‍ന്ന ഫോറങ്ങള്‍.