വിപ്രോയില്‍ യുവാക്കള്‍ക്ക് വന്‍ തൊഴിലവസരം
- 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 12000വരെ തുടക്കക്കാരെ നിയമിക്കാനാണ് തീരുമാനം
- നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിയമനം 10,000ത്തോളമാകുമെന്നും കമ്പനി
- ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാര്യക്ഷമത നിലനിര്‍ത്താന്‍ നൈപുണ്യ അവസരങ്ങള്‍ നല്‍കണം
പ്രമുഖ ഐടി കമ്പനിയായ വിപ്രോയില്‍ യുവാക്കള്‍ക്ക് വന്‍ തൊഴിലവസരം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 10,000 മതല്‍ 12,000 വരെ ഫ്രെഷര്‍മാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം.
വിപ്രോയുടെ മന്ദഗതിയിലുള്ള നിയമനങ്ങള്‍ക്കും, പിരിച്ചുവിടലുകള്‍ക്കും, ആഭ്യന്തര മാറ്റങ്ങള്‍ക്കും ശേഷമാണ് ഇത്ര വലിയൊരു അവസരം ഒരുങ്ങുന്നത്. കമ്പനിയുടെ വരുമാന റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ചീഫ് എച്ച് ആര്‍ ഓഫീസര്‍ സൗരവ് ഗോവില്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് നടത്തുന്ന നിയമനങ്ങള്‍ വ്യവസായത്തില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 7,000 പേര്‍ പുതുതായി ജോയിന്‍ ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10,000ത്തോളം പുതുമുഖങ്ങളെ നിയമിക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷം അവസാന പാദത്തില്‍ 2,500 മുതല്‍ 3,000 പേര്‍ വരെ പുതുതായി ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണനിലവാരവും കാര്യക്ഷമതയും നിലനിര്‍ത്തുന്നതിന്, പുനര്‍മൂല്യനിര്‍ണയ പ്രക്രിയകള്‍ അവതരിപ്പിക്കേണ്ടതിന്റെയും നൈപുണ്യ അവസരങ്ങള്‍ നല്‍കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.