ലോജിസ്റ്റിക്സ്, ഇവി, അഗ്രി, ഇ-കൊമേഴ്സ് എന്നീ മേഖലകളില്‍ തൊഴില്‍ കുതിച്ചുചാട്ടം

  • ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ തൊഴില്‍ വിപണി 7.1 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നു
  • ലോജിസ്റ്റിക്‌സ്, ഇവി, ഇ-കൊമേഴ്‌സ് മേഖലകളിലെ 69% കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു
  • ഓട്ടോമോട്ടീവ് വ്യവസായത്തിന് 8.5ശതമാനം വളര്‍ച്ച

Update: 2024-11-25 09:52 GMT

ഇന്ത്യയില്‍ ലോജിസ്റ്റിക്‌സ്, ഇവി, ഇ-കൊമേഴ്‌സ് എന്നീ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളെന്ന് പഠനം. ഇന്ത്യന്‍ തൊഴില്‍ വിപണിക്ക് വന്‍ വളര്‍ച്ചാ സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.

2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ തൊഴില്‍ വിപണി 7.1 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2024 ഏപ്രില്‍ മുതല്‍ സെപറ്റംബര്‍ വരെയുള്ള കാലയളവില്‍ 6.33 ശതമാനമായിരുന്നു ഇന്ത്യയുടെ തൊഴില്‍ മേഖലയുടെ വളര്‍ച്ച. ടീം ലീസ് സര്‍വീസസ് 1300 ലധികം കമ്പനികളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. 23 വ്യവസായങ്ങളിലെ സര്‍വേയില്‍ പങ്കെടുത്ത 59% തൊഴിലുടമകളും വരും മാസങ്ങളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പദ്ധതിയിടുന്നതായി അഭിപ്രായപ്പെട്ടു.

ലോജിസ്റ്റിക്‌സ്, ഇവി, ഇവി ഇന്‍ഫ്രാസ്ട്രക്ചര്‍, അഗ്രികള്‍ച്ചര്‍ & അഗ്രോകെമിക്കല്‍സ്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളാണ് വളര്‍ച്ചയെ നയിക്കുന്നത്. ലോജിസ്റ്റിക്‌സ്, ഗ്രീന്‍ സപ്ലൈ ചെയിന്‍ സംരംഭങ്ങള്‍, ദേശീയ ലോജിസ്റ്റിക്‌സ് നയം നടപ്പിലാക്കുന്നതില്‍ നിന്നുള്ള നേട്ടങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഈ മേഖലയിലെ 69% കമ്പനികളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു.

ഓട്ടോമോട്ടീവ് വ്യവസായവും 8.5% വളര്‍ച്ച കൈവരിക്കുന്നു. അതേസമയം റീട്ടെയില്‍ മേഖല 8.2% വളര്‍ച്ച കൈവരിച്ചു.

ബെംഗളൂരു (53.1%), മുംബൈ (50.2%), ഹൈദരാബാദ് (48.2%) എന്നിവ തൊഴില്‍ മേഖലയില്‍ മുന്‍പന്തിയിലാണ്. കോയമ്പത്തൂര്‍, ഗുഡ്ഗാവ്, ജയ്പൂര്‍, ലഖ്‌നൗ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലെ ആവശ്യം ഇന്ത്യയിലുടനീളമുള്ള തൊഴില്‍ വളര്‍ച്ചയുടെ വിശാലമായ വ്യാപനത്തെ സൂചിപ്പിക്കുന്നു. കോയമ്പത്തൂര്‍ (24.6%), ഗുഡ്ഗാവ് (22.6%) തുടങ്ങിയ സ്ഥലങ്ങള്‍ തൊഴില്‍ കേന്ദ്രങ്ങളായി മാറുകയാണ്.

Tags:    

Similar News