ആറ് മാസത്തിനിടെ 44 ശതമാനത്തിന്റെ കയറ്റം; ഈ ബിസ്‌ക്കറ്റ് കമ്പനി പൊളിയാണ്
അന്താരാഷ്ട്ര വിപണികളിലെ പ്രതിസന്ധിയും റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷവും മാന്ദ്യഭീതിയും കാരണം ഏതാനും കാലങ്ങളായി ശക്തമായ ചാഞ്ചാട്ടത്തിലാണ് ഓഹരി വിപണി മുന്നോട്ടുപോകുന്നത്. എന്നാലും ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച നിരവധി കമ്പനികളുമുണ്ട്. അത്തരത്തില്‍ നിക്ഷേപകര്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അപ്രതീക്ഷിച്ചിത നേട്ടം സമ്മാനിച്ചിരിക്കുകയാണ് മിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ് കമ്പനി.
രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് കയറ്റുമതിക്കാരായ മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ് ആറ് മാസത്തിനിടെ 44 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, കഴിഞ്ഞ ഓഗസ്റ്റ് 23ന് 358 രൂപയായിരുന്ന ഓഹരിവില ഇന്ന് എത്തിനില്‍ക്കുന്നത് 515 രൂപയില്‍. ഓഹരി വില ഉയര്‍ന്നത് 156 രൂപയോളം. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 1.21 ശതമാനം മാത്രം ഉയര്‍ന്നപ്പോഴാണ് മിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസിന്റെ മിന്നും പ്രകടനം.
അതിനിടെ, 52 ആഴ്ചക്കിടയിലെ ഉയര്‍ന്ന നിലയായ 557 രൂപയിലും ഓഹരിവില തൊട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 10 ശതമാനത്തിലധികം നേട്ടമാണ് ബിസ്‌ക്കറ്റ് കയറ്റുമതി കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഈ വര്‍ഷം ഇതുവരെയായി 19 ശതമാനത്തിന്റെയും ഒരു വര്‍ഷത്തിനിടെ 66 ശതമാനത്തിന്റെയും വര്‍ധനവും മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസിന്റെ ഓഹരി വിലയിലുണ്ടായി. നിലവില്‍ 3,041 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ബിസ്‌ക്കറ്റ് വിപണിയിലെ വമ്പന്‍
രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് കയറ്റുമതി കമ്പനിയായ മിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ് പ്രീമിയം, മിഡ് പ്രീമിയം ബിസ്‌ക്കറ്റ് വിഭാഗത്തിലും മുന്‍നിരയിലാണ്. കമ്പനിയുടെ ഫല്‍ാഗ്ഷിപ്പ് ബ്രാന്‍ഡായ കെമിക്രയുടെ കീഴിലാണ് പ്രീമിയം ബിസ്‌ക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നത്. കമ്പനിയുടെ ബേക്കറി ബ്രാന്‍ഡായ ഇംഗ്ലീഷ് ഓവനും വിപണിയില്‍ മുന്‍നിരയിലുണ്ട്. അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നാണിത്.
വരും വര്‍ഷങ്ങളില്‍ വന്‍ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡ, രാജ്പുര എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍നിന്ന് നാല് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനി ഒരുങ്ങുന്നു.
ശക്തമായ ബിടുബി ബിസിനസ്
സ്വന്തം ബ്രാന്‍ഡുകളുടെ ബിസിനസിന് പുറമെ ശക്തമായ ബിടുബി ബിസിനസും മിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസിനുണ്ട്. കാഡ്ബറിക്ക് വേണ്ടി ഓറിയോ ബിസ്‌ക്കറ്റും ചോക്കോബേക്കുകളും കമ്പനിയാണ് നിര്‍മിക്കുന്നത്. കൂടാതെ, ബര്‍ഗര്‍ കിംഗ്, കെഎഫ്സി തുടങ്ങിയവയുടെ ബണ്‍ വിതരണക്കാരും കമ്പനിയാണ്.
മികച്ച പാദഫലം
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രേഖപ്പെടുത്തിയത്. 2021 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവിലെ 264.851 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം നേടിയത് 370.984 കോടി രൂപയുടെ വരുമാനമാണ്. അതായത്, 40 ശതമാനത്തിന്റെ വര്‍ധന. അറ്റാദായവും മുന്‍വര്‍ഷത്തെ കാലയളവിലെ 15.510 കോടി രൂപയില്‍ നിന്ന് 79 ശതമാനം ഉയര്‍ന്ന് 27.775 കോടി രൂപയിലെത്തി.