വളർച്ച നിഗമനം കുറഞ്ഞു; ആശങ്കകൾ കൂടി

  • രാജ്യത്തെ ജിഡിപി വളർച്ച കുറഞ്ഞു
  • നാലു വർഷത്തിനു ശേഷം ജിഡിപി വളർച്ച ഏഴു ശതമാനത്തിനു താഴെയായി

Update: 2025-01-07 14:04 GMT

ആശങ്കകൾ ശരിയാണെന്നു തെളിഞ്ഞു. രാജ്യത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം) വളർച്ച കുറഞ്ഞു. നാലു വർഷത്തിനു ശേഷം ജിഡിപി വളർച്ച ഏഴു ശതമാനത്തിനു താഴെയായി. 2024-25 ലെ ജിഡിപി സംബന്ധിച്ച ഒന്നാമത്തെ അഡ്വാൻസ് എസ്റ്റിമേറ്റിൽ പ്രതീക്ഷിക്കുന്ന വളർച്ച 6.4 ശതമാനം മാത്രം.

റിസർവ് ബാങ്ക് 6.5 ശതമാനവും സർക്കാരിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് 6.5% നും 7% നും ഇടയിൽ എന്നു കഴിഞ്ഞ ആഴ്ചകളിൽ പറഞ്ഞിരുന്നതു പോലും പാളിപ്പോയി. 2023-24 ൽ 8.2 ശതമാനം വളർന്ന സ്ഥാനത്താണ് അതിൽ നിന്ന് 1.8 ശതമാനം താഴ്ന്ന വളർച്ച. സർവേകളിൽ സാമ്പത്തിക വിദഗ്ധർ 6.8 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു.

ബജറ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ കണക്കിനു വേണ്ടി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ആണ് അഡ്വാൻസ് എസ്റ്റിമേറ്റ് തയാറാക്കിയത്.

സ്ഥിരവിലയിലെ വളർച്ച 6.4 ശതമാനം ഉള്ളപ്പോൾ തന്നാണ്ടു വിലയിലെ വളർച്ച 9.7 ശതമാനമാണ്. വിലക്കയറ്റം മൂലമാണ് അതു കൂടി നിൽക്കുന്നത്. സ്ഥിരവിലയിൽ ജിഡിപി 184.88 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 173.82 കോടി രൂപയായിരുന്നു.

കൃഷിയും അനുബന്ധ മേഖലകളും 3.8 ശതമാനം വളരും. കഴിഞ്ഞ വർഷം 1.4 ശതമാനമായിരുന്നു കാർഷിക വളർച്ച. ഫാക്ടറി ഉൽപാദന വളർച്ച 9.9 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി ഇടിഞ്ഞു. നിർമാണ മേഖലയുടെ വളർച്ച 9.9 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി താണു. സേവന മേഖലയുടെ വളർച്ച 7.6 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞു.

ഗവണ്മെൻ്റ് ഇതുവരെ സമ്മതിച്ചിരുന്നതിനേക്കാൾ കൂടിയ ക്ഷീണമാണു സമ്പദ്ഘടനയ്ക്ക് ഉണ്ടായിരിക്കുന്നത് എന്ന് എസ്റ്റിമേറ്റ് കാണിക്കുന്നു. കേവലം ചാക്രിക തളർച്ചയല്ല എന്നാണ് അതിൽ നിന്നു മനസിലാക്കേണ്ടത്. സർക്കാർ നയപരമായ തിരുത്ത് നടത്തേണ്ടി വരും എന്നർഥം.

വളർച്ച കുറഞ്ഞത് ബജറ്റ് വരുമാനത്തിലും കമ്മിയിലും പ്രതിഫലിക്കും. കുറഞ്ഞ വളർച്ച 2025-26 ലെ വളർച്ച പ്രതീക്ഷ താഴ്ത്താൻ കാരണമാകും. ഏഴു ശതമാനത്തിലേക്കു വളർച്ച തിരിച്ചു കയറ്റലും പ്രയാസമാകും.

Tags:    

Similar News