
ഡാറ്റയും സാമ്പത്തിക വിവരങ്ങളും വൈവിധ്യമാര്‍ന്ന ഡാറ്റാ പോയിന്‍റുകള്‍ അവലോകനം ചെയ്യാനുള്ള കഴിവുകളുമെല്ലാം ബിസിനസിനെ മുന്നോട്ടു നയിക്കുന്ന ഇന്നത്തെ കാലത്ത് അക്കൗണ്ടിങ് രംഗത്തെ കരിയറിനു തുടക്കം കുറിക്കുന്നത് വലിയ സാധ്യതകളാണു തുറന്നു കൊടുക്കുന്നത്. ബിസിസിനെ കൂടുതലായി അറിയുന്ന അക്കൗണ്ടിങ്, ഫിനാന്‍സ് പശ്ചാത്തലമുള്ളവര്‍ കൂടുതലായി സിഇഒമാരായി വരുന്നതും ഭാവിയില്‍ ഈ രംഗത്തെ അവസരങ്ങള്‍ തന്നെയാണു സൂചിപ്പിക്കുന്നത്.
ഈയൊരു മേഖലയിലേക്ക് കടന്നു ചെല്ലുന്നതിനു മുന്‍പായി മികച്ച തയ്യാറെടുപ്പും പ്രവൃത്തി പരിചയവും ആവശ്യമാണ്. ഈ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്ന വേളയിലും ഇന്‍റേണ്‍ഷിപ് കാലത്തും തങ്ങളുടെ പ്രതിദിന ചുമതലകളെ കുറിച്ചുളള കൃത്യമായ ഉള്‍ക്കാഴ്ച നേടിയിരിക്കണം. നെറ്റ് വര്‍ക്കിങാണ് അടുത്ത സുപ്രധാന ഘടകം. വ്യാവസായിക പരിപാടികളില്‍ പങ്കെടുക്കുകയും ഈ രംഗത്തെ കഴിവു തെളിയിച്ച പ്രൊഫഷണലുകളുമായി ബന്ധമുണ്ടാക്കുകയും അവരില്‍ നിന്ന് വിലയേറിയ അറിവകള്‍ നേടുകയും മെന്‍റര്‍ഷിപ്പിന് അവസരം നേടുകയും ജോലിക്കായുള്ള റഫറന്‍സുകള്‍ കരസ്ഥമാക്കുകയും വേണം.
അടിസ്ഥാനപരമായ കാര്യങ്ങളില്‍ അടിയുറച്ച അറിവു വേണം
ബിസിനസിന്‍റെ ഭാഷയാണ് അക്കൗണ്ടിങ് എന്നു പറയാം. ഇതില്‍ അടിസ്ഥാനപരമായ അറിവുകള്‍ നേടിയ ശേഷമായിരിക്കണം ജോലിയിലേക്കു പ്രവേശിക്കാന്‍. ഔപചാരിക വിദ്യാഭ്യാസം ഈ അറിവുകള്‍ സ്വായത്തമാക്കുന്നതിന്‍റെ ആദ്യ പടിയാണ്. അക്കൗണ്ടിങ്, ഫിനാന്‍സ്, അനുബന്ധ മേഖലകള്‍ എന്നിവയിലെ ബാച്ചിലേഴ്സ് ബിരുദം ഇക്കാര്യത്തില്‍ ശക്തമായ അടിത്തറ നല്‍കും. ഇതിലൂടെ നികുതി നിയന്ത്രണങ്ങള്‍ മുതല്‍ ഓഡിറ്റിങ് രീതികള്‍ വരെയുള്ള വിവിധ വിഷയങ്ങളില്‍ അടിസ്ഥാനപരമായ അറിവ് നേടാം. ഇതിനു പുറമേ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മികവിലേക്കും അതുവഴി കൂടുതല്‍ അവസരങ്ങളിലേക്കുമുള്ള വാതിലുകള്‍ തുറന്നു നല്‍കും.
ഡിജിറ്റല്‍ അറിവുകള്‍ അനിവാര്യം
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികവിദ്യാ പരിജ്ഞാനമെന്നത് ഒഴിവാക്കാനാവാത്ത യോഗ്യതയാണ്. പുതുതലമുറ കമ്പനികള്‍ നവീനമായ ചിന്തകളും ചിന്താ പ്രക്രിയകളുമാണ് ആവശ്യപ്പെടുന്നത്. അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍, സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമുകള്‍, ഇആര്‍പി സിസ്റ്റം (എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) തുടങ്ങിയവയിലെ അറിവ് ഏറെ പ്രധാനപ്പെട്ടതാണ്. ഈ രംഗത്ത് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതില്‍ മികച്ച അറിവും ഉണ്ടാകണം. ഐഎഫ്ആര്‍എസ്, ജിഎഎപി തുടങ്ങിയ അടിസ്ഥാന അക്കൗണ്ടിങ് സംവിധാനങ്ങളിലെ അറിവും അനിവാര്യവുമാണ്. വളരുന്ന ബിസിനസുകള്‍ക്കൊപ്പം അക്കൗണ്ടിങ് രീതികളും തുടര്‍ച്ചയായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതും മനസിലുണ്ടാകണം.
ബിസിനസുകള്‍ ആഗോള തലത്തിലേക്കു നീങ്ങുന്നു
ബിസിനസുകള്‍ ആഗോള തലത്തിലേക്ക് വളരുമ്പോള്‍ കമ്പനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും അതിന്‍റെ ഭാഗമായി വിവിധ അക്കൗണ്ടിങ് രീതികള്‍ പിന്തുടരേണ്ടി വരുന്നതും ഇക്കാലത്ത് സ്വാഭാവികമാണ്. ഐഎഫ്ആര്‍എസ്, ജിഎഎപി എന്നിവയിലെ പ്രാവീണ്യം വിവിധ രാജ്യങ്ങളിലെ സാമ്പത്തിക റിപോര്‍ട്ടിങുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാന്‍ സഹായകമാകും. മികച്ച അറിവിന്‍റെ പിന്‍ബലത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാനും അതിലൂടെ കൂടുതല്‍ നിക്ഷേപ ആത്മവിശ്വാസം നേടിയെടുക്കാനും സാധിക്കും.
സോഫ്റ്റ് സ്കില്ലുകള്‍ക്കു പ്രാധാന്യമേറുന്നു
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അറിവുകള്‍ ഈ മേഖലയിലെ തൊഴിലിന്‍റെ ആദ്യ ഘട്ടത്തില്‍ സഹായകരമാകുന്നത് പോലെ തന്നെസഹായകരമാണ് സോഫ്റ്റ് സ്കില്ലുകളും. അക്കൗണ്ടിങ് എന്നത് ഒറ്റപ്പെട്ട ഒരു മേഖലയല്ല. ആശയ വിനിമയം, സഹകരണം തുടങ്ങിയവ അക്കൗണ്ടിങ് രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വളര്‍ച്ചയിലേക്കുള്ള പാത തെളിച്ചു കൊടുക്കുന്നവയാണ്. സാമ്പത്തിക രംഗത്തെ അനുഭവ സമ്പത്തില്ലാത്ത വ്യക്തികള്‍ക്ക് സങ്കീര്‍ണമായ സാമ്പത്തിക ആശയങ്ങള്‍ വിശദീകരിച്ചു കൊടുക്കുക എന്നത് ഏറെ നിര്‍ണായകമാണ്. ഇതിനു സഹായിക്കുന്ന ഒന്നാണ് ആശയ വിനിമയ രംഗത്തെ കഴിവുകള്‍ വികസിപ്പിക്കുക എന്നത്. വിവിധ മേഖലകളിലെ അനുഭവ സമ്പത്തുള്ള സഹപ്രവര്‍ത്തകരുമായി സുഗമമായി പ്രവര്‍ത്തിച്ചു മുന്നോട്ടു പോകാന്‍ ഇതേറെ സഹായകമാകും.
മാറ്റങ്ങളെ കുറിച്ചു പഠിച്ചു മുന്നേറണം
ഒരേ രീതിയില്‍ നിലനില്‍ക്കുന്ന ഒരു പശ്ചാത്തലമല്ല അക്കൗണ്ടിങിന്‍റേത്. സാങ്കേതികവിദ്യ, നിയന്ത്രണ സംവിധാനങ്ങള്‍, ബിസിനസ് പശ്ചാത്തലം, പദ്ധതികള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇവിടേയും മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. വര്‍ക്ഷോപ്പുകളില്‍ പങ്കെടുക്കുക, സര്‍ട്ടിഫിക്കേഷനുകള്‍ നേടുക, ഏറ്റവും പുതിയ പ്രവണതകളേയും രീതികളേയും കുറിച്ചു പഠിക്കുക തുടങ്ങിയവയെല്ലാം ഇവിടെ ആവശ്യമാണ്. ഡാറ്റാ വിശകലനത്തിലെ പുതിയ വളര്‍ച്ചകളെ കുറിച്ച് സ്ഥിരമായി മനസിലാക്കേണ്ടതും അനിവാര്യമാണ്. ഓട്ടോമേഷന്‍, നിര്‍മിത ബുദ്ധി തുടങ്ങിയ രംഗങ്ങളിലെ മാറ്റങ്ങള്‍ക്ക് ഇവിടെ കൂടുതല്‍ പ്രസക്തിയുമുണ്ട്.
ധാര്‍മികത ഏറെ പ്രധാനപ്പെട്ടത്
ധാര്‍മികതയ്ക്ക് ഏറെ പ്രാധാന്യമുള്ള ഒരു തൊഴിലാണ് അക്കൗണ്ടിങ്. സാമ്പത്തിക കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും സത്യസന്ധതയുള്ള വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുക, ബന്ധപ്പെട്ടവരുടെ ആത്മവിശ്വാസം നേടിയെടുക്കുക തുടങ്ങിയവ ഈ കരിയറില്‍ തുടക്കം കുറിക്കുന്നതിനുള്ള ആദ്യ ചുവടു വെയ്പ്പുകളായിരിക്കും.
കരിയറിനു തുടക്കം കുറിക്കുന്ന വേളയിലും ഉയരങ്ങളില്‍ എത്തിയ ശേഷവുമെല്ലാം അറിവുകള്‍ തുടര്‍ച്ചയായി നേടുന്നതില്‍ ഏറെ ശ്രദ്ധ വേണം. ഇവയെല്ലാം പിന്തുടര്‍ന്നു നീങ്ങുകയാണെങ്കില്‍ വലിയ അവസരങ്ങളും നേട്ടങ്ങളുമാണ് അക്കൗണ്ടിങ് കരിയറില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
എം ഡി സാജിദ് ഖാന്‍
ഡയറക്ടര്‍, എസിസിഎ ഇന്ത്യ