സ്വര്‍ണം പറക്കുന്നു, അമേരിക്കയിലേക്ക്
ന്യൂയോര്‍ക്കില്‍ നടക്കുന്ന സ്വര്‍ണ അവധിവ്യാപാരത്തിന് ഈടായി വേണ്ട സ്വര്‍ണമാണ് യുഎസിലേക്ക് പോകുന്നത്;
സ്വര്‍ണം അചിന്ത്യമായ വിലയിലേക്കു കയറുന്നു. 2025 ല്‍ മാത്രം 13.5 ശതമാനമാണു സ്വര്‍ണവിലയിലെ കയറ്റം. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യാന്തര അവധിവില ഔണ്‍സിന് 3017.10 ഡോളറും സ്‌പോട്ട് വില 3005.04 ഡോളറും എത്തിയിട്ട് അല്‍പം താഴ്ന്ന് ക്ലോസ് ചെയ്തു. ഒരു വര്‍ഷം മുന്‍പത്തെ വിലയിലും 38.15 ശതമാനം കൂടുതലാണ് ഇപ്പോള്‍. 2024-ല്‍ രാജ്യാന്തര സ്വര്‍ണവില 26.3 ശതമാനമാണു കൂടിയത്. കേരളത്തില്‍ പവന്‍ വില ഒരു വര്‍ഷം കൊണ്ട് 36 ശതമാനം കയറി 66,000 രൂപയിലെത്തി.
അനിശ്ചിതകാലങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണു ധനകാര്യ വിപണികള്‍ സ്വര്‍ണത്തെ കാണുന്നത്. ഡൊണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ വിപണികള്‍ അനിശ്ചിതത്വത്തിലാണ്. തീരുവയുദ്ധവും അനുബന്ധ നടപടികളും എങ്ങോട്ടു നയിക്കും എന്നറിയില്ല. സ്വാഭാവികമായി സ്വര്‍ണ ഡിമാന്‍ഡ് കുതിച്ചു കയറി. വിലയും.
ഇതോടൊപ്പം വേറൊരു വലിയ മാറ്റം സ്വര്‍ണവിപണിയില്‍ നടക്കുന്നുണ്ട്. ലണ്ടനിലും സ്വിറ്റ്‌സര്‍ലന്‍ഡിലും നിന്ന് നൂറുകണക്കിനു ടണ്‍ സ്വര്‍ണം അമേരിക്കയിലേക്കു നീങ്ങുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന സ്വര്‍ണ അവധിവ്യാപാരത്തിന് ഈടായി വേണ്ട സ്വര്‍ണമാണ് ഇങ്ങനെ അറ്റ്‌ലാന്റിക്കിനു മീതേ വിമാനങ്ങളില്‍ പറക്കുന്നത്.
തീരുവ അമേരിക്കന്‍ നിലവാരത്തിലേക്കു കുറയ്ക്കാത്ത എല്ലാ രാജ്യങ്ങളിലും നിന്നുള്ള എല്ലാ ഇറക്കുമതിക്കും തീരുവ ചുമത്തും എന്നു ട്രംപ് പല തവണ പറഞ്ഞു കഴിഞ്ഞു. അതില്‍ സ്വര്‍ണം പെട്ടാല്‍ സ്വര്‍ണ അവധിവ്യാപാര മേഖല വലിയ തകര്‍ച്ചയിലാകും.
രാജ്യാന്തര സ്വര്‍ണ വ്യാപാരത്തില്‍ ലണ്ടനും ന്യൂയോര്‍ക്കുമാണു പ്രധാന കേന്ദ്രങ്ങള്‍. ലണ്ടനില്‍ സ്‌പോട്ട് വ്യാപാരത്തിനാണ് പ്രാധാന്യം. ലണ്ടന്‍ ബുള്ളിയന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും (എല്‍ബിഎംഎ) ബാങ്കുകളും സ്വര്‍ണം സൂക്ഷിക്കുന്നു. ഖനനകമ്പനികളും വ്യാപാരികളും ബാങ്കുകളും ലണ്ടനിലെ വ്യാപാരത്തില്‍ പങ്കു ചേരുന്നു.
ന്യൂയോര്‍ക്ക് കോമെക്‌സ് പ്രധാനമായും അവധിവ്യാപാര വിപണിയാണ്. അവയിലെ നടപ്പുരീതി വച്ച് കാര്യമായി ഉല്‍പന്നം കൈമാറുന്നില്ല. കണക്ക് തീര്‍പ്പാക്കുന്നതാണു പതിവ്. അതുകൊണ്ടു തന്നെ അവിടത്തെ വലിയ ഇടപാടുകാര്‍ സ്വര്‍ണക്കട്ടികളില്‍ സിംഹഭാഗവും ലണ്ടനിലാണു സൂക്ഷിച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഇല്ലാത്തത് ആര്‍ക്കും പ്രശ്‌നമല്ലായിരുന്നു.
ന്യൂയോര്‍ക്കിലെ വ്യാപാരത്തില്‍ ഷോര്‍ട്ട് പൊസിഷന്‍ ഉള്ളവര്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ സ്വര്‍ണം ലണ്ടനില്‍ നിന്നു കൊണ്ടുവരാന്‍ തടസമില്ലായിരുന്നു. ചുങ്കം വന്നാല്‍ കഥ മാറും. വലിയ ചുങ്കം നല്‍കേണ്ടി വന്നാല്‍ നഷ്ടം വരും. നഷ്ടസാധ്യത ആശങ്ക വളര്‍ത്തി. വിപണി തകര്‍ച്ചയുടെ സാധ്യത ഒഴിവാക്കാന്‍ സ്വര്‍ണക്കട്ടികള്‍ ന്യൂയോര്‍ക്കിലെ വോള്‍ട്ടുകളില്‍ വേണമെന്നു കോമെക്‌സ് ആവശ്യപ്പെട്ടു.
നവംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ 2000 ടണ്‍ സ്വര്‍ണം ന്യൂയോര്‍ക്കിലേക്കു നീങ്ങി എന്നാണു കണക്കാക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ജെപി മോര്‍ഗന്‍ ചേയ്‌സ്, ലണ്ടന്‍ ആസ്ഥാനമായ എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകള്‍ ശതകോടിക്കണക്കിനു ഡോളറിന്റെ സ്വര്‍ണം ഇങ്ങനെ നീക്കി. കപ്പലിനു പകരം വിമാനങ്ങളിലാണ് സ്വര്‍ണം അറ്റ്‌ലാന്റിക് കടത്തുന്നത്.
മുമ്പേ തന്നെ ഏറ്റവും വലിയ ഔദ്യോഗിക സ്വര്‍ണശേഖരമുള്ള യുഎസ് ഇനി വാണിജ്യ സ്വര്‍ണ ശേഖരത്തിലും ഒന്നാമതായേക്കും. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന (മാഗ) ഒരു വഴി.