വീണ്ടും കുതിച്ച് സ്വര്‍ണം; പവന്റെ വില 70,000 ലേക്ക്, മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4160 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 1480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവൻ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു ദിവസത്തിനിടെ സ്വർണ വിലയിലുണ്ടായ വര്‍ധന 4,160 രൂപയാണ്.
അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് കാരണമായത്. വ്യാപാര യുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണിയും സ്വർണ്ണവില വർധിക്കുന്നതിന് മറ്റൊരു കാരണമായി. ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇന്നത്തെ വിലയനുസരിച്ച് മുക്കാൽ ലക്ഷം രൂപയിൽ അധികം നൽകണം. സീസൺ കാലമായതിനാൽ സ്വർണ്ണം വാങ്ങുന്നവരും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 150 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7200 രൂപയായി ഉയർന്നു. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 105 രൂപ എന്ന നിരക്കിലാണ് വ്യാപാരം.