രാജ്യം കോളിനി ഭരണത്തിൽ നിന്ന് പുറത്തു വരുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അനേകം ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ തിളങ്ങി നിന്നിരുന്നു. അതിൽ മഹാഭൂരിപക്ഷവും നമ്മുടെ ഓർമകളിൽ ചേക്കേറിക്കഴിഞ്ഞു. പലതും അവിടെ നിന്നും പറന്നകന്നു. എന്നാൽ ഇപ്പോഴു രണ്ടു ബ്രാൻഡുകൾ വിപണിയിൽ ഉണ്ട്. അതിൽ ഒന്ന് വിപണിയിൽ ഒരു മഹാവൃക്ഷമായി പൂത്തുലഞ്ഞു നിൽക്കുമ്പോൾ, മറ്റേതു ഇന്ത്യയിലേയും, പാകിസ്ഥാനിലേയും വ്യാപാരശാലകളിൽ ഒഴിഞ്ഞ കോണുകളിൽ നാളുകൾ എണ്ണി കഴിയുന്നു. അവയുടെ ജീവിത യാത്രകളിലൂടെ. .
ഇന്ന് പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ ഒരു കപ്പ് ചായയില്‍ ഒരു ബിസ്‌കറ്റ് മുക്കി കഴിച്ചുകൊണ്ടാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയില്‍ അങ്ങനെ ഒരു പതിവില്ലായിരുന്നു.. രാജ്യം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാർ ആയിരുന്നതു കൊണ്ട് തന്നെ , ഇന്ത്യൻ ബിസ്‌കറ്റ് വിപണി ഭരിച്ചിരുന്നതും അവരുടെ ബ്രാന്‍ഡുകളായിരുന്ന യുണൈറ്റഡ് ബിസ്ക്കറ്റും , ഹന്റ്‌ലി ആന്‍ഡ പാംമേഴ്സും, ബ്രിട്ടാനിയയും . സ്വാതന്ത്ര്യപൂർവ്വ .ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സാധാരണക്കാരന്റെ കീശക്കു താങ്ങാൻ കഴിയുന്നവ ആയ്യിരുന്നില്ല അവ.
നരോത്തം മോഹന്‍ലാല്‍ ചൗഹാൻ എന്ന മനുഷ്യന്‍ ഇതിനൊരു മാറ്റം വേണം എന്ന് ആഗ്രഹിച്ചു. ഇന്ത്യക്കും പറയാൻ ഒരു ബിസ്ക്കറ്റ് ബ്രാൻഡ് വേണം എന്ന് അദ്ദേഹം അതിയായി മോഹിച്ചു. ഒരു സ്വദേശി ബിസ്‌ക്കറ്റ്.
അന്നത്തെ ബോംബെയിലെ ഒരു കുഗ്രാമമായിരുന്ന പാര്‍ലയില്‍ അദ്ദേഹത്തിനും സഹോദരങ്ങള്‍ക്കും ഒരു മിഠായി ബ്രാന്‍ഡുണ്ടായിരുന്നു. 1929 ല്‍ സ്ഥാപിക്കപ്പെട്ട ഈ ബ്രാന്‍ഡ് ഓറഞ്ച് മിഠായികളും, ടോഫികളുമായിരുന്നു നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഭക്ഷ്യ ബിസിനസിനെക്കുറിച്ച് അവര്‍ക്ക് ഏകദേശ ധാരണയുണ്ടായിരുന്നു.
1938 ല്‍ ഒരു ബിസ്‌കറ്റ് ഫാക്ടറി വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ സഹോദരങ്ങളുടെ മനസിലെ ആഗ്രഹം അവർ ഒന്ന് കൂടെ പൊടി തട്ടിയെടുത്തു. ഫാക്ടറി വാങ്ങാം എന്ന തീരുമാനത്തിലേക്ക് അവർ എത്തി. പക്ഷേ, ബിസ്‌കറ്റ് നിര്‍മിക്കാന്‍ മുന്‍ പരിചയം ഇല്ലല്ലോ. പക്ഷേ, തോല്‍ക്കാന്‍ തയ്യാറല്ലായിരുന്ന നരോത്തം ജർമ്മനിയിലേക്ക് കപ്പൽ കയറി. ബിസ്‌കറ്റ് നിര്‍മിക്കാനുള്ള പരിചയം മാത്രമല്ല ആവശ്യമായ യന്ത്രങ്ങളുമായിട്ടായിയിരുന്നു നരോത്ത൦ തിരിച്ചു ബോംബയിൽ കപ്പലിറങ്ങിയത്.
അതേ വര്‍ഷം അവരുടെ ആദ്യത്തെ ഗോതമ്പ് ബിസ്‌കറ്റ് അവര്‍ പുറത്തിറക്കി. പേര് പാര്‍ലെ ഗ്ലൂക്കോ. അതെ, പാര്‍ലെ ജി എന്ന ജനപ്രിയ ബിസ്‌കറ്റിന്റെ പിറവി.
പക്ഷേ, ഭാഗ്യം അധികനാള്‍ തുണച്ചില്ല. കാലക്കേട് രണ്ടാം ലോക മഹായുദ്ധത്തിന്റെ രൂപത്തിലാണ് എത്തിയത്. അതോടെ കഥ ആകെ മാറി. വിപണിയിൽ ഒരു വസ്തു കിട്ടാതെയായി, ഉള്ളതിനൊക്കെ തീപിടിച്ച വിലയു. ബിസ്‌കറ്റ് നിര്‍മാണത്തിനാവശ്യമായ ഗോതമ്പിനു കടുത്ത ക്ഷാമ൦. ആര്‍മിക്കു വേണ്ടി ബിസ്‌കറ്റ് നിര്‍മിക്കാന്‍ കുറഞ്ഞയളവില്‍ ഗോതമ്പ് ലഭിക്കും. പക്ഷേ, പൊതുജനങ്ങള്‍ക്ക് എങ്ങനെ ബിസ്‌കറ്റ് നല്‍കും. ഗോതമ്പിന് പകരം ബാര്‍ലി ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തി. പക്ഷേ, രുചി അസഹനീയമായിരുന്നുവെന്ന് ചൗഹാന്റെ കൂടെ അന്ന് പരീക്ഷണത്തിന് കൂട്ടുനിന്ന അദ്ദേഹത്തിന്റെ ഒരു സുഹൃത്തു പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. . അക്കാലത്ത് ബിസ്‌കറ്റ് പൊതിയാന്‍ പത്രം പോലും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് കമ്പനിക്ക്.
യുദ്ധം അവസാനിക്കേണ്ടി വന്നു പാര്‍ലെയ്ക്ക് ഗോതമ്പ് ഉപയോഗിച്ചുള്ള ഗ്ലൂക്കോസ് ബിസ്‌കറ്റിന്റെ രുചി ഇന്ത്യക്കാര്‍ക്ക് തിരികെ നല്‍കാന്‍. പക്ഷേ, അതും അധികകാലം നീണ്ടുനിന്നില്ല. അപ്പോഴേക്കും ഇന്ത്യ വിഭജിക്കപ്പെട്ടു. വിശാലമായ ഗോതമ്പ് പാടങ്ങൾ നിറഞ്ഞ പടിഞ്ഞാറന്‍ പഞ്ചാബും, ബംഗാളിന്റെ കിഴക്കൻ ഭാഗവും ( ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. അതോടെ കമ്പനിയുടെ ആവശ്യത്തിന്റെ 60 ശതമാനം ഗോതമ്പ് വിതരണം ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ അവശേഷിച്ചത്.
വീണ്ടും കമ്പനിക്ക് ഗ്ലൂക്കോ ബിസ്‌കറ്റിന്റെ ഉ്തപാദനം താത്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. എല്ലാം ശരിയാകുന്നതുവരെ ബാര്‍ലി ബിസ്‌കറ്റ് വാങ്ങാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ വരെ കമ്പനി പുറത്തിറക്കി.
പിന്നെ നടന്നതെല്ലാം ചരിത്ര൦. മറ്റു ബിസ്കറ്റുകളുമായുള്ള മത്സരത്തില്‍ പാര്‍ലെ ജി പെട്ടെന്ന് ഉപഭോക്താക്കളുടെ കണ്ണിൽപെടാൻ 1960 ല്‍ ഒരു തുടുത്ത ചെറിയ പെണ്‍കുട്ടിയുടെ പടമുള്ള മഞ്ഞ പുറംചട്ടയുമായി പാർലെ ജി വിപണിയിൽ അവതരിച്ചു. അത് പിന്നീട് ജനപ്രീതിയാര്‍ജ്ജിച്ച കവറായി മാറി. ഇന്ന് പ്രതിവര്‍ഷം 1.2 ദശലക്ഷം ടണ്‍ ബിസ്‌കറ്റാണ് പാര്‍ലെ വില്‍ക്കുന്നത്. സ്വദേശി ബിസ്‌കറ്റ് എന്ന ആഗ്രഹത്തില്‍ നിന്നും 12 ജോലികക്കാരുമായി ഒരു കുഗ്രാമത്തിൽ ഉയര്‍ന്നു വന്ന പാര്‍ലെ ഇന്ന് 8000 കോടി വിറ്റുവരവുമായി ലോകത്തിലെ ഏറ്റവും വലിയ ബിസ്‌കറ്റ് ബ്രാന്‍ഡാണ്. ഇന്ത്യയെ കൂടാതെ, യു കെ, യു എസ്, കാനഡ, ന്യൂ സിലൻഡ് , മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ എന്നിവടങ്ങളിലും പാർലെക്കു ബിസ്കറ്റ് നിർമ്മാണ ശാലകളുണ്ട്.
മറ്റൊരു രസകരമായ കാര്യം പാർലെ ജി യുടെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി , ബിസ്ക്കറ്റ് പുതിയ കവറിൽ വിപണിയിൽ എത്തിയപ്പോൾ തന്നെ, ഇന്ത്യക്കാരുടെ മനസ്സിലേക്കും നടന്നു കയറി എന്നതാണ്. അവർ അവളെ എത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് അവൾ ആരാണെന്നു അറിയാനുള്ള അവരുടെ അന്വേഷണം. ഇൻഫോസിസ് മുൻ ചെയർമാൻ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയുടെ കുട്ടിക്കാല ചിത്രമാണെന്ന് ഒരു കൂട്ടർ, അതല്ല ആരാണെന്നോ , ഏതു ദേശക്കാരി ആണെന്നോ അറിയാൻ വയ്യാത്ത നീരു ദേശ് പാണ്ഡെയുടെ ചിത്രമാണെന്ന് മറ്റൊരു കൂട്ടർ. ഇവർ രണ്ടുമല്ല,ഗുൻജൻ ഗുണ്ടാനിയയുടെ ചിത്രമാണെന്ന് മൂന്നാമത് ഒരു കൂട്ടർ. കക്ഷിയും ആരാണെന്നു ആർക്കും വലിയ പിടിയില്ല. മാധ്യമങ്ങൾ ഈ കഥകൾ വെച്ചലക്കി എന്ന് പറയേണ്ടല്ലോ. അവസാനം പാർലെ . കമ്പനിയുടെ പ്രോഡക്റ്റ് മാനേജർ മായങ്ക് ഷായുടെ വെളിപ്പെടുത്തൽ എല്ലാ അവകാശവാദങ്ങളും പൊളിച്ചടുക്കി . `` ഇത് ഞങ്ങളുടെ പരസ്യ ഏജൻസി ആയ എവറെസ്റ് ക്രിയേറ്റിവിലെ ഡിസൈനർ മഗൻലാൽ ദാഹിയ പുതിയ മഞ്ഞ കവർ ഡിസൈൻ ചേർത്തപ്പോൾ വരച്ചു ചേർത്ത ചിത്രമാണ് .'' അതോടെ എല്ലാവരുടെയും വായടഞ്ഞു.
ബിസ്ക്കറ്റ് ഉണ്ടാക്കുന്ന തിരക്കിൽ ചൗഹാൻമാർ കമ്പനിക്കു പേരിടാൻ മറന്നു പോയി. അവസാനം ഒരു പേര് അത്യാവശ്യമായ ഘട്ടമെത്തിയപ്പോൾ ഒരു പേരിനു വേണ്ടി അവർ വല്ലാതെ തലപുകച്ചു. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. ഈ സൗഭാഗ്യങ്ങളെല്ലാം കൊണ്ടുവന്നത് പാർലെ എന്ന ഈ ഗ്രാമമല്ലേ. അതുകൊണ്ടു ആ പേര് തന്നെ കമ്പനിക്കു നൽകാം. ഇപ്പോൾ കമ്പനിയുടെ പേര് പാർലെ പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. പാർലെ എന്ന അന്നത്തെ കുഗ്രാമം ഇപ്പോൾ മുംബൈ മഹാനഗരത്തിലെ വളരെ തിരക്കുള്ള വിലെ പാർലെ എന്ന ഉപനഗരമാണ്.
ജനപ്രീതിയും, ആഗോള ബ്രാന്‍ഡിംഗുമൊക്കെ നേടിയ പാര്‍ലെയെ സംബന്ധിച്ച് മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന പാര്‍ലെ-ജി ബിസ്‌കറ്റിന്റെ പാക്കറ്റുകള്‍ ഭൂമിക്ക് ചുറ്റും വെച്ചാല്‍, 192 തവണ ഭൂമിയെ വലം വച്ചുവരാനുള്ളത്രയുമുണ്ട്.
ഇനിയും ഡാല്‍ഡയുടെ കഥ
കൃഷ്ണന്റെയും പശുക്കളുടെയും നാടായ ഇന്ത്യയിൽ, വെണ്ണയും, നെയ്യും എന്നും അവിടിത്തെ ജനങ്ങളുടെ രസമുകുളങ്ങളുടെ ലഹരി ആണല്ലോ.. എന്നാൽ വെണ്ണ ഉരുക്കി എടുക്കുന്ന നെയ്യ്ക്കു ഭക്ഷ്യ എണ്ണയേക്കാള്‍ നാലിരട്ടി വിലയാണ്. സ്വാതന്ത്ര്യത്തിനു മുമ്പും, പിമ്പും അതാണ് കഥ. പ്രത്യേക വിഭവങ്ങള്‍ക്കും, വിശേഷാവസരങ്ങളിലും മാത്രമാണ്, പ്രത്യേകിച്ചു സ്വാതന്ത്ര്യത്തിനു മുൻപ്, നെയ്യ് ഇന്ത്യയിലെ വീട്ടമ്മമാർ ഉപോയോഗിച്ചിരുന്നത്. ഡച്ച് കമ്പനിയായ ഡാഡ അതിൽ വലിയൊരു അവസരം ഒളിച്ചിരിപ്പുണ്ടന്നു മനസിലാക്കി. കാഴ്ചയിൽ ഏതാണ്ട് നെയ്യ്ക്കു സമാനമായ, എന്നാൽ വില ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റിനു താങ്ങാൻ കഴിയുന്ന ഒരു ബദൽ ഉൽപന്നം വിപണിയിൽ ഇറക്കാൻ കഴിഞ്ഞാൽ പണം കൊയ്യാം എന്ന് ഡാഡ തീർച്ചയാക്കി. പിന്നെ അതിനു വേണ്ടിയുള്ള അന്വേഷണമായി. അവസാനം ഡാഡ വിജയിച്ചു. സസ്യഎണ്ണ തണുപ്പിച്ചു കട്ടിയാക്കിയാൽ ഏതാണ്ട് നെയ്യ് പോലെ തോന്നിക്കും എന്നവർ കണ്ടെത്തി.
പിന്നെ താമസിച്ചില്ല ഈ പുതിയ ഉൽപ്പന്നത്തിന് ഡാഡ വനസ്പതി നെയ്യ് എന്ന് പേരിട്ട് സാധനം 1930 ൽ അവർ നേരെ ഇന്ത്യയിലേക്കു കയറ്റി വിട്ടു. ഡാഡയുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. സംഗതി മാർക്കറ്റിൽ ക്ലച്ചു പിടിച്ചു. ``വനസ്പതി നെയ്യ്'' മധ്യ വർഗത്തിന്റെ പ്രിയപ്പെട്ട പാചക എണ്ണയായി മാറാൻ താമസമുണ്ടായില്ല. ഡാഡ പുതിയ ബിസിനസിൽ നിന്ന് പണം വാരാൻ തുടങ്ങി.
പുതിയ ബിസിനസിൽ നിന്ന് ഡാഡ ഇന്ത്യയിൽ കൊയ്ത്തു തുടങ്ങിയതോടു, നമ്മുടെ ഹിന്ദുസ്ഥാൻ ലിവറിന്റെ മുത്തച്ഛനായ ലിവർ ബ്രദേഴ്സിന് ഇരിക്ക പൊറുതി ഇല്ലാതായി. അപ്പൻ തുടങ്ങി വെച്ച പലചരക്കു കടയിൽ നിന്ന് ഒരു മഹാ ബിസിനസ് സാമ്രാജ്യം തീർത്ത അണ്ണൻ മാരാണു വില്യം ലിവറും, ജെയിംസ് ലിവറും. 1885 ൽ അവർ അപ്പന്റെ പലചരക്കു കടയെ ലിവർ ബ്രദേഴ്‌സ് എന്ന കമ്പനി ആക്കി മാറ്റി. ഡാഡ ഇന്ത്യയിൽ വനസ്പതി ബിസിനസ് തുടങ്ങുമ്പോൾ, .ലിവർ ബ്രദേഴ്‌സ് സോപ്പ്, തലമുടിയിൽ തേക്കുന്ന വാസന തൈലങ്ങൾ തുടങ്ങി പേർസണൽ കെയർ പ്രൊഡക്ടുകളിൽ ആറു ഭൂഖണ്ഡങ്ങളിലേയും വിപണികളിലെ മുടിചൂടാമന്നന്മാരായിരുന്നു. 1929 ൽ ഡച്ചു കമ്പനിയായ മാർഗ്ഗറിനെ യൂനിസ്, ലിവർ ബ്രദേഴ്‌സുമായി ലയിച്ചു. അതോടെ ലിവർ ബ്രദേഴ്‌സ് യൂണിലിവറായി മാറി. ഇന്ത്യയിൽ നിയമം മാറിയപ്പോൾ യൂണിലിവറിന്റെ ഇന്ത്യൻ ശാഖാ ഹിന്ദുസ്ഥാൻ ലിവറായി.
യൂണിലിവർ വനസ്പതി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കനലുള്ള സമ്മതപത്രം ഡാഡ ഇന്ത്യയിൽ വനസ്പതി കച്ചവടം തുടങ്ങി ഒരു വര്ഷം കഴിഞ്ഞപ്പോൾ തന്നെ, അതായത് 1931 ൽ തന്നെ , ഒരു വിധത്തിൽ ഡാഡയിൽ നിന്ന് സംഘടിപ്പിച്ചു. അതിനു അവർ ഒരു പുതിയ കമ്പനി തന്നെ തുടങ്ങി, ഹിന്ദുസ്ഥാന്‍ വനസ്പതി മാനുഫാക്ച്ചറിംഗ് കമ്പനി എന്നായിരുന്നു അതിന്റെ പേര്. അതോടെ ലിവർ പതിയെ ഭക്ഷ്യോത്പന്നങ്ങളിലേക്കു കൂടി ചിറകു വിടർത്തി.
ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയെങ്കിലും, തങ്ങളുടെ പേരും പ്രോഡക്റ്റിനോടൊപ്പം ഉണ്ടാകണമെന്ന് ഡാഡ നിർബന്ധം പിടിച്ചു.. അവസാനം ഇലക്കും മുള്ളിനും കേടുവരാത്തവിധം ലിവർ സംഗതി പരിഹരിച്ചു. തങ്ങളുടെ പേരിലെ ``L '' എടുത്തു ഡാഡയുടെ നടുക്കെടുത്തിട്ടു ( DA -L -DA = Dalda ). ഡാഡ വനസ്പതി നെയ്യ് അങ്ങനെ ഡാൽഡ വനസ്പതി നെയ്യായി മാറി.ലിവർ അതിന്റെ അതിവ്യാപകമായ വിതരണശൃംഗലകളിലൂടെ എല്ലാ മധ്യവർഗ്ഗത്തിന്റെയും അടുക്കളയിൽ ഡാൽഡ എത്തിച്ചു. അതോടെ ഡാൽഡ ഇന്ത്യൻ മധ്യവർഗത്തിന്റെ ജീവിതത്തിന്റെ ഭാഗമായി.
വിഭജന കാലം
.വിഭജനം വന്നതോടെ എല്ലാം കീഴ്‌മേൽ മറിഞ്ഞു. ഡാൽഡയുടെ ഭൂരിപക്ഷം വിതരണക്കാരും അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ പെടുകയും അത് ഡാല്‍ഡയുടെ വിതരണത്തെ തകർക്കുകയും ചെയ്തു. വിഭജകാലത്തു ഇന്ത്യയിലെ ഡാല്‍ഡ വില്‍പ്പന സംഘത്തിന്റെ തലവൻ പ്രകാശ് ടണ്ടന്‍ (ഹിന്ദുസ്ഥാന്‍ യുണീലീവറിന്റെ ആദ്യത്തെ ഇന്ത്യന്‍ ചെയര്‍മാന്‍) ആയിരുന്നു. അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പില്‍ അന്നത്തെ രംഗങ്ങൾ ഇങ്ങനെ ഓർക്കുന്നു: `` ഞങ്ങളുടെ വളരെ അധികം വിതരണക്കാർ പാക്കിസ്ഥാനിലേക്ക് പോയി. അവർ രാജ്യം കടക്കുന്നതുവരെ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനും, അവിടെ എത്തിയപ്പോൾ അവർക്കു ജോലി കണ്ടെത്താനും,അവിടെ ബിസിനസുകള്‍ തുടങ്ങാനും വീടുകള്‍ കണ്ടുപിടിക്കാനും, അവരുടെ ഡാല്‍ഡ ട്രക്കുകളും മറ്റു വണ്ടികളും കൈമാറ്റം ചെയ്യുന്നതിനും ഞങ്ങൾ ഞങ്ങളെ കൊണ്ട് കഴിയും വിധം സഹായിച്ചു''..
അതിനുശേഷമുള്ള കുറച്ചു വർഷങ്ങൾ കൊണ്ട് ബിസിനസ് തിരിച്ചു പിടിച്ചു.. 1956 ആയപ്പോഴേക്കും യുണീലീവര്‍ ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ആയി മാറി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.. ഡാല്‍ഡ അഥവാ വനസ്പതി നെയ്യ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ഒരു ഭാഗം ഇതോടെ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനും അവസരം കിട്ടി.
1950 തുകളില്‍ കമ്പനി പാക്കിസ്ഥാനിലേക്കും പ്രവേശിച്ചു. രൂചികളില്‍ ഇന്ത്യയുമായി സാമ്യമുണ്ട് പിന്നെ എന്തുകൊണ്ട് ഡാല്‍ഡ അവിടെ വിറ്റുകൂട. ഈ ലോജിക്കായിരുന്ന കമ്പനിയെ പാകിസ്ഥാൻ വിപണിയിൽ എത്തിച്ചത്.
അങ്ങനെ അവസാനം പച്ച ഈന്തപ്പനയുടെ ചിത്രം ആലേഖന ച്യ്ത മഞ്ഞ ടിന്‍ അതിര്‍ത്തിയുടെ അപ്പുറവും ഇപ്പുറവുമായി വിജയഗാഥ തുടർന്ന്. .
കാലക്രമേണ, വനസ്പതി നെയ്യ് അത്ര ആരോഗ്യകരമല്ലെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. അവര്‍ ശുദ്ധീകരിച്ച സസ്യ എണ്ണകളിലേക്ക് മാറി. അങ്ങനെ വില്‍പ്പനയും വിപണി വിഹിതവും കുറഞ്ഞതിനാലാകം 2003 ആയപ്പോഴേക്കും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഡാല്‍ഡ ബിസിനസിനു പൂർണവിരാമം ഇടാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഡാല്‍ഡയെ അമേരിക്കന്‍ ഭക്ഷ്യ ബ്രാന്‍ഡായ ബംഗെയ്ക്ക് വിറ്റു. 2004-ല്‍ പാകിസ്ഥാന്‍ ബിസിനസ് വെസ്റ്റ്ബറി ഗ്രൂപ്പിനും. അവര്‍ കമ്പനിയെ ഡാല്‍ഡ ഫുഡ് പ്രൊഡക്ട്‌സ് എന്ന് പുനര്‍നാമകരണം ചെയ്തു.
ഏതാണ്ട് 200 വര്ഷങ്ങള്ക്കു അടുത്ത് ഡെന്മാർക്കിൽ ജനിച്ച, ഇന്ത്യയിൽ വളർന്നഡാൽഡ വാർധക്യത്തിൽ ഇന്ത്യയിലും, പാകിസ്താനിലും ജീവിക്കുന്നു.