സമ്മാനിച്ചത് 1500 കോടിയുടെ 22 നില ബംഗ്ലാവ്, അംബാനിയുടെ വലംകൈ മനോജ് മോഡിയുടെ കഥ

  • ജിയോ ഫേസ്ബുക്കുമായി 43,000 കോടി രൂപയുടെ കരാറിലൊപ്പുവച്ചത് കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമ്പോഴാണ്

Update: 2023-03-16 06:45 GMT

മുകേഷ് അംബാനിയെന്ന ഇന്ത്യയിലെ നമ്പര്‍ വണ്‍ ശതകോടീശ്വരന്റെ ജൈത്രയാത്രക്കു പിന്നില്‍ ഒരാളുണ്ട്. മനോജ് മോഡി. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വലംകൈയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

റിലയന്‍സുമായി ബന്ധപ്പെട്ട ശതകോടികളുടെ ബിസിനസ് ഇടപാടിനു പിന്നിലെല്ലാം മനോജ് മോഡിയുടെ ബുദ്ധിയാണ്. വ്യക്തിപരമായി ആളു വളരെ സിംപിളാണെങ്കിലും മികച്ച നെഗോഷ്യേറ്ററായാണ് ബിസിനസ് ലോകത്ത് ഇദ്ദേഹം അറിയപ്പെടുന്നത്.

കോളജ് കാലം മുതല്‍ കൂട്ടുകാര്‍

ബിസിനസ് രംഗത്തെത്തുന്നതിനു മുമ്പേ മുകേഷ് അംബാനിയുടെ കൂടെ മനോജ് ഉണ്ട് എന്നതാണ് വസ്തുത. മുംബൈ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിങ് പഠനം നടത്തുന്ന കാലം മുതലേ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഒരേ ക്ലാസില്‍ പഠിച്ചവര്‍ പിന്നീട് ബിസിനസ് രംഗത്തും ഒന്നിച്ചായി യാത്ര. രണ്ടുപേരും കെമിക്കല്‍ എഞ്ചിനീയര്‍മാരാണ്.

തലമുറകളുടെ ഉപദേഷ്ടാവ്

മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയുടെ തലപ്പത്തിരിക്കവെ 1980കളിലാണ് മനോജ് മോഡി റിലയന്‍സില്‍ ചേരുന്നത്. മുകേഷിന്റെ പത്നി നിത അംബാനിയുമായും മികച്ച സൗഹൃദമുള്ള മനോജ് അംബാനി കുടുംബത്തിലെ പുതുതലമുറയിലെ ആകാശ് അംബാനി, ഇഷ അംബാനി എന്നിവരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു. മുകേഷ് അംബാനിയുടെ മക്കളായ ഇവര്‍ക്കും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നത് മനോജ് തന്നെ.

ജിയോഫേസ്ബുക് 43,000 കോടി രൂപ കരാര്‍

2020ല്‍ സമൂഹമാധ്യമ ഭീമന്‍ ഫേസ്ബുക്കുമായി റിലയന്‍സിന്റെ ജിയോ കരാറുണ്ടാക്കിയതിനു പിന്നിലും മനോജ് മോഡിയുടെ തലച്ചോറായിരുന്നു. നിലവില്‍ ആകാശ് അംബാനിയാണ് ജിയോയുടെ തലപ്പത്ത്. ജിയോ ഫേസ്ബുക്കുമായി 43,000 കോടി രൂപയുടെ കരാറിലൊപ്പുവച്ചത് കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്ക്കുമ്പോഴാണ്. അന്ന് ഈ ബ്രഹ്‌മാണ്ഡ കരാറിലൊപ്പുവയ്ക്കാന്‍ ആകാശ് അംബാനിക്കൊപ്പം മനോജ് മോഡിയുമുണ്ടായിരുന്നു.

അംബാനിയുടെ സമ്മാനം, 22 നില ബംഗ്ലാവ്

അതേസമയം മനോജ് മോഡി മാധ്യമങ്ങള്‍ക്ക് അധികം പിടികൊടുക്കാറില്ല. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആര്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. ഇദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം എത്രയെന്നോ ആകെ ആസ്തി എത്രയെന്നോ ആര്‍ക്കുമറിയില്ല.

കഴിഞ്ഞ വര്‍ഷമാണ് മുകേഷ് അംബാനി ഒരു 22 നില കെട്ടിടം മനോജ് മോഡിക്ക് സമ്മാനമായി നല്‍കിയത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ഇതിന്. മുംബൈയില്‍ നെപിയന്‍ കടല്‍ റോഡിലാണ് ഈ ബഹുനില കെട്ടിടം. ഇതിന് 1500 കോടി രൂപ വിലമതിക്കുമെന്നാണ് പറയപ്പെടുന്നത്.

സിഇഒ

റിലയന്‍സ് ഗ്രൂപ്പില്‍ ഏറെ സ്വാധീനമുള്ള മനോജ് മോഡി എംഎം എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഏറെ കാലം റിലയന്‍സില്‍ സ്ഥാനമാനങ്ങളൊന്നും വഹിക്കാതിരുന്ന മനോജ് മോഡി ഇന്ന് റിലയന്‍സ് റീടെയില്‍, റിലയന്‍സ് ജിയോ എന്നിവയുടെ ഡയറക്ടറാണ്. റിലയന്‍സ് ഗ്രൂപ്പില്‍ ഔദ്യോഗികമായി സിഇഒ പദവിയില്ല. എന്നാല്‍ സിഇഒക്ക് സമാനമായ പദവിയാണ് മുകേഷ് മോഡിക്കുള്ളത്.

റിലയന്‍സിന്റെ വന്‍കിയ പദ്ധതികളായ ഹരീജ പെട്രോകെമിക്കല്‍സ്, ജാംനഗര്‍ റിഫൈനറി, ടെലികോം ബിസിനസ്, റിലയന്‍സ് റീടെയില്‍, റിലയന്‍സ് 4ജി തുടങ്ങിയവയെല്ലാം വന്‍ വിജയമായതിനു പിന്നില്‍ മനോജ് മോഡി എന്ന ബുദ്ധികേന്ദ്രമാണ്.

Tags:    

Similar News