സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം; പെന്‍ഷന്‍ നേടാന്‍ വെറേ വഴി നേക്കേണ്ട; ഇതാ ഒരു സര്‍ക്കാര്‍ പദ്ധതി
- പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കിലോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കിലോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നൊരു നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 2004 ല്‍ കേന്ദ്ര സര്‍ക്കാറാണ് പദ്ധതി ആരംഭിക്കുന്നത്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെന്‍ഷന്‍ കണക്കെ പലിശ വരുമാനം പദ്ധതിയില്‍ നിന്ന് ലഭിക്കും. പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കിലോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കിലോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.
60 വസയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് മാത്രമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ ചേരാന്‍ അവസരമുള്ളത്. വളണ്ടറി റിട്ടയര്‍മെന്റ് എടുത്തവര്‍ക്ക് 55 വയസില്‍ പദ്ധതിയില്‍ ചേരാം. സൈന്യത്തില്‍ നിന്ന് വിരമിച്ചവരാണെങ്കില്‍ 50 വയസില്‍ പദ്ധതിയില്‍ ചേരാം വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുടങ്ങാം. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗങ്ങവാന്‍ സാധിക്കുക. പദ്ധതിയുടെ മറ്റു പ്രത്യേകതകള്‍ നോക്കാം.
നിക്ഷേപം
1,000 രൂപ മുതല്‍ പദ്ധതിയില്‍ നിക്ഷേപിക്കാം. 1000 രൂപയുടെ ഗുണിതങ്ങളായി നിലവില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാല്‍ 2023-24 ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നിക്ഷേപ പരിധി 30 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ ഒന്നു മുതല്‍ അക്കൗണ്ടെടുക്കുന്നവര്‍ക്ക് 30 ലക്ഷം നിക്ഷേപിക്കാം.
പലിശ നിരക്ക്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ സ്‌കീമില്‍ നിക്ഷേപിക്കുന്ന സമയം തൊട്ട് കാലാവധിയോളം പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് അവലോകനം ചെയ്യും. ജനുവരി- മാര്‍ച്ച് പാദത്തില്‍ എട്ട് ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ സ്‌കീമിലെ പലിശ നിരക്ക്. നിക്ഷേപകര്‍ക്ക് ത്രൈമാസത്തില്‍ പലിശ വിതരണം നടക്കും. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്‌സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
കാലാവധി
അഞ്ച് വര്‍ഷമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ കാലാവധി. ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷം കൂടി കാലാവധി ഉയര്‍ത്തി നല്‍കും. കാലാവധിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
ആദായ നികുതി ഇളവ്
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നല്‍കണം. നിക്ഷേപത്തില്‍ നിന്നുള്ള പലിശ വര്‍ഷത്തില്‍ 50,000 രൂപയക്ക് മുകളിലായാല്‍ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. നികുതി അടയ്‌ക്കേണ്ട വരുമാനം ഇല്ലാത്തവരാണെങ്കില്‍ ഫോം15എച്ച് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാം.
നേരത്തെ പിന്‍വലിക്കല്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന ലിക്വിഡിറ്റി നല്‍കുന്ന നിക്ഷേപമാണിത്. എപ്പോള്‍ വേണമെങ്കിലും സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. ഒരു വര്‍ഷത്തിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിച്ചാല്‍ പലിശയൊന്നും ലഭിക്കില്ല. പലിശ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇത് കിഴിച്ച് തുക അനുവദിക്കും. രണ്ട് വര്‍ഷത്തിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിച്ചാല്‍ നിക്ഷേപത്തില്‍ നിന്ന് 1.5 ശതമാനം കിഴിച്ച് ബാക്കി അനുവദിക്കും. രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ ഒരു ശതമാനമാണ് പിഴ. കാലാവധി നീട്ടിയ നിക്ഷേപം ആണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം പിഴയൊന്നുമില്ലാതെ നിക്ഷേപം അവസാനിപ്പിക്കാം.