മികച്ച വരുമാനം നേടാം അക്വാപോണിക്സിലൂടെ
- ചീര, പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫല്‍വര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം
കുറഞ്ഞ നിക്ഷേപത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന ബിസിനസ് മേഖലയാണ് അക്വാപോണിക്സ്. കൃഷിയില്‍ അല്‍പം താല്‍പര്യം വേണമെന്നു മാത്രം. കരയിലും ജലത്തിലും ചെയ്യുന്ന കൃഷിരീതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള കൃഷിരീതിയാണ്.
മണ്ണും രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും മറ്റും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മത്സ്യം വളര്‍ത്താനുള്ള ടാങ്ക്, ചെടികള്‍ വളര്‍ത്താനുള്ള ഗ്രോ ബെഡ്, വെള്ളം ഒഴുക്കുന്നതിനാവാശ്യമായ പമ്പ് എന്നിവയാണ് അടിസ്ഥാന ഘടകങ്ങള്‍. വീടിനു പിറകിലെ നാലുസെന്റ് ഭൂമിയില്‍ കുളം കുഴിച്ച് അതില്‍ മീന്‍ വളര്‍ത്തി ഇത്തരത്തില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കും.
അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാം. കൂടാതെ വരുമാന മാര്‍ഗവുമാകും.
ഒരു ടാങ്കില്‍ മൂന്നു കൃഷി!
ടാങ്കില്‍ മീനുകള്‍ക്കൊപ്പം പച്ചക്കറിയും അലങ്കാരസസ്യങ്ങളും കൃഷി ചെയ്യാം. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷിചെയ്ത് വിളവെടുക്കാനാകും. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ കൃഷിരീതി പരീക്ഷിക്കാം. 40,000-50,000 രൂപ മുതല്‍മുടക്കിലും ഈ കൃഷിരീതി പരീക്ഷിക്കാം.
1,000 ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ്. വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം. അക്വാപോണിക്സ് ജലകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി രൂപരേഖയായിട്ടില്ല. അതുവന്നാല്‍ കര്‍ഷകര്‍ക്ക് സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
മണ്ണ് വേണ്ട; പകരം ഇതു മതി
മണ്ണിന്റെ സഹായമില്ലാതെ പോഷകസമ്പുഷ്ടമായ ജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക്സ്. മത്സ്യങ്ങളെയും സസ്യങ്ങളെയും ഒരുമിച്ച് വളര്‍ത്തുന്നതാണ് രീതി. മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറക്കഷണങ്ങള്‍, ചരല്‍ എന്നിവകൊണ്ട് സപ്പോര്‍ട്ട് നല്‍കും. ടാങ്കിന്റെ അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍കുന്നു.
വളമായി മത്സ്യവിസര്‍ജ്യം
കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളം ചെടികള്‍ക്കു വളമാകും. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കും. നല്ല വിളവും ലഭിക്കും. ചീര, പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫല്‍വര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.
കട്ല മുതല്‍ വാള വരെ
ശുദ്ധജലമത്സ്യങ്ങളായ കട്ല, രോഹു, തിലാപ്പിയ, മലേഷ്യന്‍ വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ ഇങ്ങനെ സസ്യങ്ങള്‍ക്കൊപ്പം വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വാപോണിക് ക്രമീകരിക്കുന്ന രീതിയും ഇപ്പോള്‍ വ്യാപകമാണ്. അടിത്തട്ടില്‍ മത്സ്യക്കുളം, രണ്ടാമത്തെ തട്ടില്‍ പച്ചക്കറി, മൂന്നാം തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ടാങ്കിന്റെ ക്രമീകരണം. അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. പരമ്പരാഗത കൃഷിരീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അധികം ജലമോ സ്ഥലമോ ഒന്നും ഇതിന് ആവശ്യമില്ല. അതിനാല്‍ താരതമ്യേന ലാഭകരവുമാണ്.
വരുമാനം ലക്ഷത്തിലേറെ
വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ വരുമാനം നേടാന്‍ ഈ രീതി പ്രയോജനപ്പെടുത്താം. കര്‍ഷകന് വീട്ടുമുറ്റത്തെ അര സെന്റില്‍ 10,000 ലിറ്റര്‍ വെള്ളമുള്ള ഒരു കുളത്തില്‍ 500 കിലോ മത്സ്യം വളര്‍ത്താം. വാണിജ്യാവശ്യങ്ങള്‍ക്ക് കുറഞ്ഞത് നാല് സെന്റും 5,000 കിലോ മത്സ്യവും പരമാവധി 50,000 ലിറ്റര്‍ വെള്ളവും ആവശ്യമായി വരാം. 1.50 ലക്ഷം രൂപ ചെലവിലും ടാങ്ക് നിര്‍മിക്കാം. ഈ രീതിയില്‍ കൃഷിചെയ്ത് രണ്ടുലക്ഷം രൂപയിലേറെ വരുമാനം നേടുന്നവരുണ്ട്. നാല് ലക്ഷം രൂപയിലേറെ ഒരുവര്‍ഷം അധിക വരുമാനം കണ്ടെത്താം. ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ഹോബി എന്ന നിലയിലും അക്വാപോണിക്സിനെ കാണുന്നവരുണ്ട്.