റിസ്‌കെടുക്കാതെ നിക്ഷേപിക്കാം; പിപിഎഫില്‍ നിന്ന് പരമാവധി നേടാവുന്ന് 1 കോടി രൂപ വരെ

  • നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി മാന്യമായ പലിശ നിരക്ക്, നികുതി ഇളവുകള്‍ എന്നിവ പിപിഎഫിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്

Update: 2023-03-01 06:30 GMT

രാജ്യത്ത് പഴക്കം ചെന്നൊരു നിക്ഷേപ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ വിരമിക്കല്‍ കാല സമ്പാദ്യമായി കണ്ടാണ് 1968 ജൂലായ് 1 ന് പിപിഎഫ് ആരംഭിച്ചത്. ഇന്ന് ഏതൊരാള്‍ക്കും ആരംഭിക്കാവുന്ന നിക്ഷേപമാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടി മാന്യമായ പലിശ നിരക്ക്, നികുതി ഇളവുകള്‍ എന്നിവ പിപിഎഫിനെ ജനകീയമാക്കുന്ന ഘടകങ്ങളാണ്.

1.50 ലക്ഷം വരെ നിക്ഷേപിക്കാം

പബ്ലിക്ക് പ്രൊവിന്റ് ഫണ്ടില്‍ വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക 1.50 ലക്ഷം രൂപയാണ്. കുറഞ്ഞത് 500 രൂപയും. മാസത്തിലോ ഒറ്റത്തവണയായോ നിക്ഷേപിക്കാം. മാസത്തില്‍ പരമാവധി 12,500 രൂപയും കുറഞ്ഞത് 42 രൂപയും നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപത്തിന് പൂര്‍ണമായും നികുതി ഇളവുണ്ട്. നിക്ഷേപിക്കുന്ന തുക ആദായ നികുതി നിയമത്തിലെ 80സി പ്രകാരം നികുതി ഇളവുണ്ട്. കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും പലിശ വരുമാനത്തിനും നികുതി ഇളവ് ലഭിക്കും.

അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ

പോസ്റ്റ് ഓഫീസുകള്‍ വഴിയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കില്‍ നിന്നും പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എടുക്കാന്‍ സാധിക്കും. ഒരാള്‍ക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമെ അനുവദിക്കുകയുള്ളൂ. അപേക്ഷ പൂരിപ്പിച്ച് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എന്നിവയിലെങ്കിലും ഒന്നും ചേര്‍ത്ത് സമര്‍പ്പിക്കണം.

ആര്‍ക്കൊക്കെ അക്കൗണ്ടെടുക്കാം

പിപിഎഫില്‍ അക്കൗണ്ടെടുക്കാന്‍ പ്രായ വ്യത്യാസില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. എന്‍ആര്‍ഐ കള്‍ക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ നേരത്ത ഇന്ത്യയിലായിരിക്കുമ്പോള്‍ ആരംഭിച്ച അക്കൗണ്ട് തുടര്‍ന്ന കൊണ്ടു പോകുന്നതിന് തടസങ്ങളില്ല.

പലിശ നിരക്ക്

കാലാവധിയോളം സ്ഥിരമായ പലിശ നിരക്ക് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് ലഭിക്കില്ല. കാരണം, ത്രൈമാസത്തില്‍ പിപിഎഫിന്റെ പലിശ നിരക്ക് അവലോകനം ചെയ്യുന്നുണ്ട്. സമാന കാലയളവുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റുകളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.10 ശതമാനം പലിശയാണ് നല്‍കുന്നത്. പലിശ നിരക്ക് മാറുന്നതിന് അനുസരിച്ച് നിക്ഷേപകര്‍ക്ക് ഗുണം ലഭിക്കും. 2019തില്‍ 8 ശതമനമായിരുന്നു പിപിഎഫിന്റെ പലിശ നിരക്ക്.

കാലാവധി

15 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. 15 വര്‍ഷത്തിന് ശേഷം അഞ്ച് വര്‍ഷത്തേക്ക് വീതം കാലാവധി ഉയര്‍ത്താം. ഇതിന് നിക്ഷേപമുള്ളിടത്ത് 16H ഫോം സമര്‍പ്പിക്കണം. 15 വര്‍ഷം പൂര്‍ത്തിയായി അടുത്ത വര്‍ഷത്തിന് മുന്‍പ് ഫോം സമര്‍പ്പിക്കണം.

ലിക്വിഡിറ്റി

15 വര്‍ഷ ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപമാണ് പിപിഎഫ്. പിപിഎഫില്‍ നിന്ന് വായ്പ സൗകര്യം ഉപയോ?ഗിച്ച് പണം പിന്‍വലിക്കാം. നിക്ഷേപം ആരംഭിച്ച സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷം വായ്പ എടുക്കാം. അതായത് 2022-23 ല്‍ അക്കൗണ്ടെടുത്ത വ്യക്തിക്ക് 2024-25 ല്‍ വായ്പ ലഭിക്കും. നിക്ഷേപം ആരംഭിച്ച സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തൊട്ട് 5 വര്‍ഷത്തിനുള്ളില്‍ വായ്പ എടുക്കണം. വായ്പ അപേക്ഷിച്ച വര്‍ഷത്തിന് രണ്ടാം വര്‍ഷത്തെ ബാലന്‍സ് തുകയുടെ 25 ശതമാനം വരെ വായ്പ എടുക്കാം.

1 കോടി നേടാന്‍ എത്ര കാലമെടുക്കും

ഇന്നത്തെ പലിശ നിരക്കായ 7.10 ശതമാനം പലിശ നിരക്കില്‍ കണക്കാക്കിയാല്‍ 25 വര്‍ഷം വേണം 1 കോടി രൂപ നേടാന്‍. വര്‍ഷത്തില്‍ പരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ പിപിഎഫിലേക്ക് മാറ്റിയാല്‍ 15 വര്‍ഷത്തെ നിക്ഷേപം വഴി 22.50 ലക്ഷം രൂപയാണ് ആകെ നിക്ഷേപമായി പിപിഎഫ് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇതിന് 18.18 ലക്ഷം രൂപ പലിശയും ലഭിക്കും. ആകെ 40.68 ലക്ഷം രൂപ ലഭിക്കും. 5 വര്‍ഷം വീതം 2 തവണ നിക്ഷേപ കാലാവധി നീട്ടുമ്പോള്‍ 1.03 കോടി രൂപ നിക്ഷേപകന് ലഭിക്കും. 25 വര്‍ഷത്തേക്ക് 37.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ 65.58 ലക്ഷമാണ് പലിശയായി ലഭിക്കുന്നത്. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും വലിയ തുക നേടാന്‍ സഹായിച്ചത്.

Tags:    

Similar News