ഇന്ത്യന്‍ ഐടി മേഖല സജീവമാകുന്നു; ഈ ഓഹരികളെ ശ്രദ്ധിക്കാം

  • അടുത്ത വർഷം മുതല്‍ ഐടി മേഖല വരുമാന വളർച്ച പ്രതീക്ഷിക്കുന്നു
  • ഐടി സേവന കയറ്റുമതിയില്‍ നല്ലൊരു പങ്കും യുഎസ്, യുറോ മേഖലകളിലേക്ക്
  • ഐടി കമ്പനികളുടെ ഓർഡർ ബുക്കില്‍ വർധന
;

Update: 2023-09-04 11:01 GMT
indian it industry | stock market
  • whatsapp icon

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സര്‍വീസ് മേഖല പ്രതേകിച്ച് ഐടി മേഖല അത്ര മികച്ചതായിരിക്കില്ലെന്ന് വിവിധ ഓഹരി ഗവേഷകര്‍ വിലയിരുത്തുന്നുണ്ടെങ്കിലും വരുംവര്‍ഷങ്ങളില്‍ വന്‍ കുതിപ്പിനൊരുങ്ങുകയാണ് ഇന്ത്യയുടെ ഐടി മേഖല.

ഇന്ത്യന്‍ ഐടി മേഖലയിലെ പ്രശ്‌നങ്ങളേക്കാള്‍ ആഗോള രംഗത്ത്, പ്രത്യേകിച്ച് യുഎസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ മാറ്റങ്ങളുടെ പ്രത്യാഘാതമാണ് ഇന്ത്യന്‍ ഐടി മേഖലയില്‍ പ്രതിഫലിക്കുന്നത്. വികസിത രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് ചലനം സൃഷ്ടിക്കുന്ന മേഖലയാണ് ഐടി. കാരണം, ഇന്ത്യയുടെ ഐടി സേവന കയറ്റുമതിയുടെ 55.5 ശതമാനത്തോളം യുഎസിലേക്കും ശേഷിച്ചതില്‍ നല്ലൊരു പങ്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ്.

കുറേ മാസങ്ങളായി ഈ രാജ്യങ്ങള്‍ വിവിധ തരത്തിലുള്ള രാഷ്ട്രീയ- സാമ്പത്തിക അസ്ഥിരതകളില്‍ കൂടി കടന്നുപോകുകയാണ്. ഉദാഹരണത്തിന്,  2022 ല്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ യുദ്ധം വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുപോലെ 2023 ജനുവരിയില്‍ അമേരിക്കയിലെ രണ്ടാം നിര ബാങ്കുകളുടെ തകര്‍ച്ച, ജര്‍മന്‍-യുകെ സമ്പദ്കഘടനകള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യ ഭീഷണി, ചൈന നേരിടുന്ന നാണ്യച്ചുരുക്കം തുടങ്ങിയവയെല്ലാം തന്നെ ആഗോളതലത്തില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐടി രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്.

സ്വാഭാവികമായും ലോകമെങ്ങും ഐടി സ്‌പെന്‍ഡിംഗ് കുറഞ്ഞു. അതു തല്‍ക്കാലത്തേക്കു നീട്ടിവച്ചു എന്നു പറയുന്നതാവും ശരി. കാരണം സാങ്കേതികവിദ്യയുടെ ഉപയോഗം മുമ്പെങ്ങുമില്ലാത്തവിധം ജീവിത ശൈലിയിലേ്ക്കു കടന്നുവന്നിരിക്കുന്നു. എല്ലാ മേഖലയിലുമുള്ള കമ്പനികള്‍ സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ് ബിസിനസ് നടത്തുന്നത്. സാങ്കേതികവിദ്യയില്‍ കാലത്തിനൊത്തു നീങ്ങുന്നില്ലെങ്കില്‍ ബിസിനസില്‍നിന്നു പുറത്താകുന്ന അവസ്ഥയാണ്. മിക്ക കമ്പനികളും താല്‍ക്കാലികമായി ടെക് സ്‌പെന്‍ഡിംഗ് നീട്ടിവച്ചിരിക്കുന്നുവെന്നേയുള്ളു.

ഈ നീട്ടിവയ്ക്കല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഐടി വ്യവസായത്തിന്റെ വളര്‍ച്ച മിതമാക്കുമെന്നു വിലയിരുത്തപ്പെടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3-5 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദംവരെ ( 2023 ഏപ്രില്‍-ജൂണ്‍) യു എസ്, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഐടി സേവനങ്ങള്‍ക്കുള്ള ഡിമാണ്ടില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ ഇന്ത്യന്‍ ഐടി രംഗം ശരാശരി നാലു ശതമാനത്തില്‍ താഴെ  വളര്‍ച്ച കൈവരിക്കുവാനേ സാധ്യതയുള്ളുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മികച്ച 10 കമ്പനികളുടെ ഇക്കാലയളവിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഈ റിപ്പോര്‍ട്ട് തായറാക്കിയിട്ടുള്ളത്. ഇത് കഴിഞ്ഞ 10 പാദങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈക്രയുടെ റിപ്പോര്‍ട്ടനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികളുടെ പ്രവര്‍ത്തന മാര്‍ജിന്‍ 70-100 ബേസിസ് പോയിന്റ്‌സ് വര്‍ധിച്ച് 20-21 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.അതുകൊണ്ടുതന്നെ കമ്പനികളുടെ വരുമാന വളര്‍ച്ച മൂന്നു ശതമാനത്തില്‍ താഴെ ആയിരിക്കുമെന്നും ഇക്രയിലെ വിദഗ്ധര്‍ കണക്കാക്കുന്നു.

ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ടിലും ഇന്ത്യന്‍ ഐടി രംഗത്തെ സംബന്ധിച്ച് സമാനമായ കാഴ്ചപ്പാടാണ് പങ്ക് വച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടനുസരിച്ച്, ആഗോള ഐടി-ടെക്‌നോളജി മേഖലയില്‍ ഉള്ള ചെലവഴിക്കലില്‍ ഈ വര്‍ഷം ഇടിവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 2024, 2025 വര്‍ഷങ്ങളില്‍ മിതമായ രീതിയിലുള്ള ഉണര്‍വും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ 2024 മുതലേ കമ്പനികളുടെ വരുമാനത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുള്ളു.

കഴിഞ്ഞ പാദങ്ങളില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓര്‍ഡര്‍ ബുക്കില്‍ മികച്ച വളര്‍ച്ചയാണ് കാണുന്നത്. എന്നാല്‍ ഈ ഓര്‍ഡറുകള്‍ വരുമാനത്തിലേക്ക് എത്തണമെങ്കില്‍ 2-3 പാദങ്ങളെങ്കിലും കഴിയണം അതായത് ഒന്നാം പാദത്തില്‍ ലഭിക്കുന്ന ഓര്‍ഡറിന്റെ വരുമാനം, ലഭിച്ചു തുടങ്ങുക മൂന്നാം പാദത്തിലോ നാലാം പാദത്തിലോ ആയിരിക്കും. അതുകൊണ്ട് തന്നെ വരുന്ന പാദങ്ങളില്‍ വരുമാനത്തില്‍ നേരിയ വളര്‍ച്ചയെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളൂ. 2025-ലെ വരുമാനത്തില്‍ ഒരു കുതിച്ചു ചാട്ടമാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നത്. 2025-ല്‍ വരുമാനത്തില്‍ 9-10 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നു റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം 2023-ല്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രതീക്ഷിക്കുന്നത്.

Full View

ജനറേറ്റീവ് എഐയുടെ അനന്ത സാധ്യതകളും വര്‍ധിച്ചു വരുന്ന ടെക് ഡിമാന്‍ഡും ക്ളൗഡ് സേവനകളിലേക്കുള്ള മാറ്റവും ഭാവിയില്‍ ഈ മേഖലയെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറ്റുമെന്നതില്‍ സംശയമില്ല. ആഗോള തലത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനുസരിച്ച് ഇന്ത്യയെ ലോകത്തിന്റെ ഉന്നതയിലേക്കെത്തിക്കുവാന്‍ ശേഷിയുള്ള മേഖലയാണ് ഐടി. സേവനങ്ങള്‍. ശക്തമായ ആഭ്യന്തര ഡിമാന്‍ഡും മെച്ചപ്പെട്ട വ്യാവസായിക അന്തരീക്ഷം കൂടി സൃഷ്ടിക്കുവാന്‍ സാധിച്ചാല്‍ ഐടി മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാനും ആഗോള തലത്തില്‍ സിലിക്കണ്‍വാലിക്ക് ബദലായി മാറാന്‍ ഇന്ത്യന്‍ വിപണിക്ക് സാധിക്കുമെന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News