ഹെലികോപ്റ്റര്‍ തോല്‍ക്കും മദ്രാസ് ഐഐടിയുടെ ഈ പറക്കും ടാക്‌സിക്കു മുമ്പില്‍
- നഗര യാത്രകള്‍ വേഗമേറിയതും തടസ്സരഹിതവുമാക്കാന്‍ ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സി വഴി സാധിക്കും
വരാനിരിക്കുന്നത് പറക്കും കാറുകളുടെ കാലമാണ്. ട്രാഫിക് ജാമുകളോ റോഡിന്റെ ഡിവൈഡറുകളോ ഇല്ലാതെ ആകാശത്തിലൂടെയുള്ള സുന്ദരമായ യാത്ര. ഇതിനു പറ്റിയ ഒരു കിടിലന്‍ ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) മദ്രാസ് ആണ് ഹെലികോപ്റ്ററുകളെ വെല്ലുന്ന ഈ പറക്കും ടാക്‌സിക്കു പിന്നില്‍.
ഈ ടാക്‌സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവില്‍ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്സി പ്രദര്‍ശിപ്പിച്ചത്. 2017ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്.
നഗര യാത്രകള്‍ വേഗമേറിയതും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സി വികസിപ്പിച്ചെടുത്തതെന്ന് കമ്പനി പറയുന്നു. ഒരു ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVOTL) മോഡലാണ് ഈ പ്രോട്ടോടൈപ്പ്. ഒറ്റ ചാര്‍ജില്‍ ഏകദേശം 200 കിലോമീറ്റര്‍ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.
കാറുകളേക്കാള്‍ 10 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സിക്ക് കഴിയുമെന്നാണ് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നത്. ഒരേ ദൂരത്തിന് യൂബര്‍ സാധാരണയായി ഈടാക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരിക്കും യാത്രാ നിരക്ക്. എന്നാല്‍ സമയം ഏറെ ലാഭിക്കാന്‍ സാധിക്കും. ഇലക്ട്രിക് ഗ്രൗണ്ട് ട്രാന്‍സ്പോര്‍ട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ട ശേഷമാണ് ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സി നിര്‍മിക്കാനുള്ള ആശയം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇ-പ്ലെയിന്‍ കമ്പനിയുടെ സിഇഒ പ്രഞ്ജല്‍ മേത്തയും സ്റ്റാര്‍ട്ടപ്പിന്റെ സിടിഒ പ്രൊഫസര്‍ സത്യ ചക്രവര്‍ത്തിയും പറഞ്ഞു.
പറക്കും ടാക്സിക്ക് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാര്‍ക്ക് ചെയ്യാന്‍ 25 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം മതി. ഇതിന് ഏകദേശം 200 കിലോഗ്രാം ഭാരമുണ്ട്. അതിന്റെ പ്രൊപ്പല്ലറുകളായി നാല് ഡക്റ്റഡ് ഫാനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സവാരിയില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാനും മണിക്കൂറില്‍ 150 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനും കഴിയും. 457 മീറ്റര്‍ (1,500 അടി) ആണ് പറക്കും ടാക്‌സിയുടെ പരമാവധി യാത്രാ ഉയരം.
ഫ്‌ളയിംഗ് ടാക്‌സി വൈദ്യുതി എടുക്കുന്ന ബാറ്ററി മാറ്റാനാകില്ല. ഇതിന്റെ വലുപ്പത്തെക്കുറിച്ചും ചാര്‍ജിംഗ് വിശദാംശങ്ങളെക്കുറിച്ചും കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്റ്റാര്‍ട്ടപ്പിന്റെ അഭിപ്രായത്തില്‍ ഏത് നഗരത്തിലും റൂഫ് ടോപ്പ് മുതല്‍ റൂഫ് ടോപ്പ് അര്‍ബന്‍ എയര്‍ മൊബിലിറ്റിക്ക് ഫ്‌ളയിംഗ് ടാക്‌സി അനുയോജ്യമാണ്. മോഡല്‍ വികസിപ്പിക്കുന്നതിനായി ഇ-പ്ലെയിന്‍ കമ്പനി ഏകദേശം 10 ലക്ഷം ഡോളര്‍ സമാഹരിച്ചു.
തുടക്കത്തില്‍ പൈലറ്റിന്റെ സഹായത്തോടെ പറക്കുന്ന പറക്കും ടാക്‌സിയാണ് പുറത്തിറക്കുക. എന്നാല്‍ ഭാവിയില്‍ പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യ ഉള്ള ടാക്‌സിയാണ് ഉണ്ടാക്കുകയെന്നും സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ടാക്‌സിയില്‍ ബംഗളൂരുവിലെ എം ജി റോഡില്‍ നിന്ന് കെംപഗൗഡ വിമാനത്താവളത്തിലെത്താന്‍ വേണ്ടത് 11 മിനുട്ടു മാത്രം.
ലോകത്തെ ആദ്യ പറക്കും ടാക്‌സി 2017ല്‍ ദുബായില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ഒരു ജര്‍മന്‍ കമ്പനിയായിരുന്നു അത് നിര്‍മിച്ചത്.