രാജ് സുബ്രഹ്‌മണ്യം; ഫെഡ്എക്സിനെ നയിക്കുന്ന മലയാളി
- നിലവില്‍ ഫെഡ്എക്സ് പ്രസിഡന്റും ഡയരക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് 56കാരനായ രാജ് സുബ്രഹ്‌മണ്യം
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മള്‍ട്ടിനാഷണല്‍ കൊറിയര്‍ സര്‍വീസ് കമ്പനിയായ ഫെഡ്എക്സ് കോര്‍പ്പിന്റെ തലപ്പത്തുള്ളത് ഒരു മലയാളിയാണെന്ന് എത്രപേര്‍ക്കറിയാം. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്‌മണ്യം 1991ലാണ് ഫെഡ്എക്സില്‍ എത്തുന്നത്. ഫെഡ്എക്സ് എക്സ്പ്രസിന്റെ പ്രസിഡന്റ്, സി.ഇ.ഒ, ഫെഡ്എക്സ് കോര്‍പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നിലവില്‍ ഫെഡ്എക്സ് പ്രസിഡന്റും ഡയരക്ടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് 56കാരനായ രാജ് സുബ്രഹ്‌മണ്യം. ഫെഡ്എക്സ് സ്ഥാപകന്‍ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ ജൂണില്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ഇദ്ദേഹം അമരത്തെത്തിയത്. സ്മിത്തിന്റെ പിന്‍ഗാമിയായി ഡയരക്ടര്‍ ബോര്‍ഡിന് ഒറ്റ പേരേ ഉണ്ടായിരുന്നുള്ളു. അതാണ് രാജ് സുബ്രഹ്‌മണ്യം.
കാനഡയിലെ ഫെഡ്എക്സ് എക്സ്പ്രസിന്റെ പ്രസിഡന്റായും ഫെഡ്എക്സില്‍ ചേര്‍ന്നശേഷം ഏഷ്യയിലും യു.എസിലുടനീളമുള്ള മറ്റ് നിരവധി മാനേജ്മെന്റ്, മാര്‍ക്കറ്റിങ് റോളുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും കഴിവു തെളിയിച്ച ശേഷമാണ് കമ്പനിയുടെ തലപ്പത്തെത്തിയത്.
മുന്‍ ഡിജിപിയുടെ മകന്‍
കേരളത്തിലെ മുന്‍ ഡിജിപിയായ സി. സുബ്രഹ്‌മണ്യത്തിന്റെയും ആരോഗ്യവകുപ്പില്‍ നിന്നു വിരമിച്ച ഡോ. ബി കമലമ്മാളിന്റെയും മകനാണ് രാജ്. തിരുവനന്തപുരം ലയോള സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഐഐടി ബോംബെയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. സിറാക്കൂസ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായാണ് യുഎസില്‍ എത്തിയത്. തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാര്‍ക്കറ്റിങ്ങിലും ഫിനാന്‍സിലും എം.ബി.എ ബിരുദം നേടി.
ഫെഡ്എക്സിലെ മുന്‍ ജീവനക്കാരിയായ ഉമയാണ് ഭാര്യ. രാജ് സുബ്രഹ്‌മണ്യത്തിന്റെ മകന്‍ അര്‍ജുന്‍ രാജേഷ്, സഹോദരന്‍ രാജീവ് സുബ്രഹ്‌മണ്യം എന്നിവരെല്ലാം ഫെഡ്എക്സില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
ആറു ലക്ഷം ജീവനക്കാര്‍
പോസ്റ്റ് ഓഫീസുകളെക്കാള്‍ വേഗത്തില്‍ പാര്‍സലുകളും ഡോക്യുമെന്റുകളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1973ല്‍ ഫ്രെഡറിക് സ്മിത്ത് തുടങ്ങിയ സംരംഭമാണ് ഫെഡ്എക്സ്. ടെന്നസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ന് ആഗോളതലത്തില്‍ 6,00,000 ജീവനക്കാരുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഇഒ ആയി രാജ് സുബ്രഹ്‌മണ്യത്തെ നിയമിക്കണമെന്ന് ഏതാനും വര്‍ഷം മുമ്പ് തന്നെ ബോര്‍ഡ് അംഗങ്ങളോട് സ്മിത്ത് ആവശ്യപ്പെട്ടിരുന്നു. 77കാരനായ സ്മിത്ത് എക്സിക്യൂട്ടീവ് ചെയര്‍മാനായി കമ്പനിയില്‍ തുടരും.
ശമ്പളം 54.4 ലക്ഷം ഡോളര്‍
പ്രസിഡന്റ്, സിഇഒ, ഡയരക്ടര്‍ എന്നീ നിലകളില്‍ രാജിന്റെ ആകെ ശമ്പളം 54,49,986 ഡോളറാണ്. അതേസമയം കമ്പനി സ്ഥാപകനായ ഫ്രെഡറിക് സ്മിത്തിന്റെ ശമ്പളം 1,17,62,752 ഡോളറാണ്. 9,350 കോടി ഡോളറാണ് 2022ല്‍ ഫെഡ്എക്സ് നേടിയത്.
വലിയ ചുമതല
ഫെഡ്എക്സ് എക്സ്പ്രസ്, ഫെഡ്എക്സ് ഗ്രൗണ്ട്, ഫെഡ്എക്സ് ഫ്രൈറ്റ്, ഫെഡ്എക്സ് സര്‍വീസസ്, ഫെഡ്എക്സ് ഓഫീസ്, ഫെഡ്എക്സ് ലോജിസ്റ്റിക്സ്, ഫെഡ്എക്സ് ഡേറ്റവര്‍ക്ക്സ് എന്നിവയുള്‍പ്പെടെ ഫെഡ്എക്സിന്റെ എല്ലാ ഓപ്പറേറ്റിങ് കമ്പനികള്‍ക്കും തന്ത്രപരമായ ദിശാബോധം നല്‍കുന്നതിന് പ്രസിഡന്റും സി.ഇ.ഒയുമായി തിരഞ്ഞെടുക്കപ്പെട്ട രാജ് സുബ്രഹ്‌മണ്യം ഉത്തരവാദിയായിരിക്കും.