നാല് ദിവസം ജോലി, ദിവസം 12 മണിക്കൂര്‍: തൊഴില്‍ നിയമം ജൂലായ് മുതല്‍?

ഇന്ത്യന്‍ തൊഴില്‍ മേഖലയിലും വ്യവസായ ലോകത്തും വലിയ വിവാദമുണ്ടാക്കിയേക്കാവുന്ന പുതിയ തൊഴില്‍ നിയമം ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ജീവനക്കാരുടെ ജോലിസമയം, ശമ്പളം, ലീവ്, പെന്‍ഷന്‍, പിഎഫ്, അടക്കം വലിയ തോതില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നതാണ് പുതിയ തൊഴില്‍ നിയമം. ജൂലായ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വന്നാല്‍ തൊഴില്‍ മേഖലയിലും വ്യാവസായിക രംഗത്തും വലിയ ആഘാതം ഉണ്ടായേക്കാം. പ്രധാന പരിഷ്‌കാരം പുതിയ തൊഴില്‍ ചട്ടത്തിലെ പ്രധാനപ്പെട്ട രണ്ട് പരിഷ്‌കാരങ്ങളാണ് ആഴ്ചയില്‍ നാല് ദിവസം […]

Update: 2022-06-24 03:27 GMT

ഇന്ത്യന്‍ തൊഴില്‍ മേഖലയിലും വ്യവസായ ലോകത്തും വലിയ വിവാദമുണ്ടാക്കിയേക്കാവുന്ന പുതിയ തൊഴില്‍ നിയമം ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ജീവനക്കാരുടെ ജോലിസമയം, ശമ്പളം, ലീവ്, പെന്‍ഷന്‍, പിഎഫ്, അടക്കം വലിയ തോതില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നതാണ് പുതിയ തൊഴില്‍ നിയമം. ജൂലായ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വന്നാല്‍ തൊഴില്‍ മേഖലയിലും വ്യാവസായിക രംഗത്തും വലിയ ആഘാതം ഉണ്ടായേക്കാം.

പ്രധാന പരിഷ്‌കാരം

പുതിയ തൊഴില്‍ ചട്ടത്തിലെ പ്രധാനപ്പെട്ട രണ്ട് പരിഷ്‌കാരങ്ങളാണ് ആഴ്ചയില്‍ നാല് ദിവസം ജോലിയും, തൊഴില്‍ സമയത്തിന്റെ വര്‍ധനയും. നാല് ദിവസം ജോലി എന്ന പുതിയ നിയമത്തിലെ ചട്ടം ഫാക്ടറീസ് ആക്ടിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പക്ഷെ, നടപ്പാക്കുക ബുദ്ധിമുട്ടാണ് എന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെയാണ് ദിവസം 12 മണിക്കൂര്‍ വരെ തൊഴില്‍ സമയം എന്ന പരിഷ്‌കാരവും. ഒരു ജീവനക്കാരന് ദിവസം 9 മണിക്കൂറില്‍ കൂടുതലോ, ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ ജോലി ചെയ്യാന്‍ നിലവിലെ ഫാക്ടറീസ് ആക്ട് അനുവദിക്കുന്നില്ല. കൂടുതല്‍ ജോലിയുള്ളപ്പോള്‍ ഓവര്‍ടൈം ആനുകൂല്യം നല്‍കിയാണ് അധിക ജോലി കമ്പനികള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ ചട്ടത്തില്‍ 12 മണിക്കൂര്‍ ജോലിക്ക് ശേഷം ഓവര്‍ടൈം സാധ്യമല്ല. എന്തായാലും ജൂലായ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എല്ലാ തരത്തിലുമുള്ള തൊഴില്‍ ചട്ടങ്ങളെ ക്രോഡീകരിച്ച് നാല് നിയമങ്ങളാക്കുകയാണ് പുതിയ നീക്കത്തിലൂടെ. പ്രധാന മാറ്റങ്ങള്‍ ഇവയാണ്.

ആഴ്ചയില്‍ നാല് ദിവസം

ആഴ്ചയില്‍ അഞ്ചിന് പകരമായി നാല് ദിവസമായി തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയ്ക്കും. ഇതിന് പക്ഷെ, അധിക സമയം വിനിയോഗിക്കേണ്ടി വരും. എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ ഒരു ദിവസം പണിയെടുക്കേണ്ടി വരും.

നിലവില്‍ പല സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ ദിനങ്ങള്‍ അഞ്ചാകുമ്പോഴുള്ള നഷ്ടം പരിഹരിക്കാന്‍ രാവിലെയോ വൈകിട്ടോ സമയം കൂട്ടി നല്‍കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ചട്ടം കര്‍ക്കശമാക്കിയിട്ടില്ല. ഫലത്തില്‍ കൂടുതല്‍ സമയം എന്ന കടമ്പയില്ലാതെ അവര്‍ക്ക് തൊഴില്‍ ദിനത്തിലെ കുറവ് ആസ്വദിക്കാനാവുന്നു. നാലു ദിവസമാക്കി തൊഴില്‍ സമയം കുറയ്ക്കുമ്പോഴും ഭാവിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതേ നില തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ദിവസം 12 മണിക്കൂര്‍ ജോലി

ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന കമ്പനിയില്‍ ജീവനക്കാരുടെ തൊഴില്‍ സമയം വര്‍ധിപ്പിക്കും. അതായത് നിലവില്‍ എട്ട് മണിക്കൂര്‍ എന്നുള്ളത് 12 മണിക്കൂര്‍ വരെയാകാം. ഇതു മൂലം ആകെ തൊഴില്‍ സമയം കുറയില്ല. ആഴ്ചയില്‍ പരമാവധി 48 മണിക്കൂര്‍ ജോലി.

ലീവ്, ബേസിക് പേ

പുതിയ ചട്ടം ഏണ്‍ഡ് ലീവുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡത്തിലും മാറ്റം വരുത്തുന്നുണ്ട്. അതായത് നിലവിലെ 240 ദിവസം എന്നുള്ളത് 180 ദിവസമാക്കി കുറച്ചു. ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി 240 ദിവസം കഴിഞ്ഞ് എടുക്കാന്‍ ആര്‍ഹതയുണ്ടായിരുന്ന ലീവിന് പുതിയ നിയമത്തില്‍ ഇത് 180 ദിവസമാക്കി കുറച്ചിട്ടുണ്ട്. ശമ്പളവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു മാറ്റവും പുതിയ നിയമത്തിലുണ്ട്. പുതിയ ശമ്പള ചട്ടത്തില്‍ ഗ്രോസ് സാലറിയുടെ 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളമുണ്ടായിരിക്കണം എന്നാണ് വ്യവസ്്ഥ. ഇപ്പോള്‍ ഗ്രോസ് സാലറി ഉയര്‍ന്നിരുന്നാലും അടിസ്ഥാന ശമ്പളം വളരെ കുറഞ്ഞ നിലയിലായിരിക്കും. ഇത് വായ്പ എടുക്കുമ്പോഴും മറ്റും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ബേസിക് സാലറി കണക്കാക്കിയാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുക. ഇപ്പോള്‍ അലവന്‍സുകളും മറ്റുമായി നല്‍കുന്ന വേതന വര്‍ധന അടിസ്ഥാന ശമ്പളത്തില്‍ പ്രതിഫലിച്ചിരുന്നില്ല. ബേസിക് കൂടുമ്പോള്‍ പിഎഫില്‍ കൂടുതല്‍ വിഹിതം അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ ഈ മാറ്റം ജീവനക്കാരന്റെ ഡിസ്‌പോസിബ്ള്‍ ഇന്‍കത്തെ ബാധിക്കും.

നാല് നിയമങ്ങള്‍

നിലിവിലുണ്ടായിരുന്ന ഏകദേശം 29 തൊഴില്‍ നിയമങ്ങളെ നാലാക്കി ചുരുക്കിയാണ് പുതിയ തൊഴില്‍ നിയമം കൊണ്ടുവരുന്നത്. ദി കോഡ് ഓണ്‍ വേജസ് (2019), ദി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് (2020), കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി (2020), ദി ഓകുപേഷണല്‍ സേഫ്റ്റി, ഹെല്‍ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് (2020) എന്നിവയാണ് അവ.

ജപ്പാന്‍, ന്യൂസിലാന്‍ഡ്, അയർലാന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗീകമായോ, പൂര്‍ണമായോ നാല് ദിവസം ജോലി എന്ന ആശയം നടപ്പിലാക്കുന്നുണ്ട്.

 

Tags:    

Similar News