പ്ലാസ്റ്റിക്ക് കുപ്പി 'യൂണിഫോമാകും', ഒഴിവാകുക 405 ടണ്‍ മാലിന്യമെന്ന് ഐഒസി

കുടിവെള്ളം, ശീതളപാനീയങ്ങള്‍ എന്നിവ പായ്ക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് സ്റ്റാഫിന് യൂണിഫോം തയാറാക്കാനുള്ള ശ്രമത്തിലാണ് ഐഒസി.

Update: 2022-12-01 10:22 GMT

ഡെല്‍ഹി: പ്ലാസ്റ്റിക്ക് മലിനീകരണത്തില്‍ നിന്നും മുക്തമായ ഭൂമിയെന്ന ആശയം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പടെ മിക്കവരും. ഈ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതിയാണ് ഇന്ത്യയിലെ മുന്‍നിര എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) തയാറാക്കുന്നത്. കുടിവെള്ളം, ശീതളപാനീയങ്ങള്‍ എന്നിവ പായ്ക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് സ്റ്റാഫിന് യൂണിഫോം തയാറാക്കാനുള്ള ശ്രമത്തിലാണ് ഐഒസി.

ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന കുപ്പികളും മറ്റ് രൂപത്തിലുള്ള ബോട്ടിലുകളും റീസൈക്കിള്‍ ചെയ്യുന്നത് വഴി പ്രതിവര്‍ഷം 405 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കാന്‍ സാധിക്കും. അതായത് ഏകദേശം 2 കോടി പ്ലാസ്റ്റിക്ക് കുപ്പികള്‍ക്കാണ് രൂപവും ഭാവവും മാറാന്‍ പോകുന്നത്. ഇവ നൂല്‍ രൂപത്തിലാക്കി മാറ്റിയ ശേഷം ഐഒസിയിടെ റിഫൈനറികളിലും പമ്പുകളിലും മറ്റ് വിതരണ ശൃംഖലകളിലുമുള്ള ജീവനക്കാര്‍ക്ക് ജാക്കറ്റ് രൂപത്തിലുള്ള യൂണിഫോം തയാറാക്കും. ഇതില്‍ നല്ലൊരു ഭാഗവും എത്തുക മൂന്നു ലക്ഷത്തോളം വരുന്ന ഫ്യുവല്‍ സ്റ്റേഷന്‍ ജീവനക്കാരിലേക്കും എല്‍പിജി ഗ്യാസ് വിതരണം ചെയ്യുന്നവരിലേക്കുമാണ്.

പരിസ്ഥിതി സൗഹാര്‍ദ്ദമായിട്ടുള്ള യൂണിഫോമുകളാകും ഇത്തരത്തില്‍ ഒരുക്കുക എന്നും കമ്പനി അറിയിപ്പിലുണ്ട്. കമ്പനിയുടെ പെട്രോള്‍ പമ്പുകളിലേക്ക് പ്രതിദിനം 3.1 കോടി ആളുകളാണ് എത്തുന്നത്. ദിവസം 27 ലക്ഷം എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുകയും 3,500 വിമാനങ്ങള്‍ റീഫ്യുവല്‍ ചെയ്യുന്ന കമ്പനിയുമാണ് ഐഒസി. കമ്പനിയുടെ ടാങ്ക് ട്രക്കുകള്‍ പ്രതിദിനം 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഇന്ധന ആവശ്യത്തിന്റെ പകുതിയും നടത്തിയെടുക്കുന്നത് ഐഒസിയെ ആശ്രയിച്ചാണ്.

2046 ആകുമ്പോഴേയ്ക്കും രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം 'നെറ്റ് സീറോ'യില്‍ (പൂര്‍ണമായും ഇല്ലാതാക്കുക) എത്തിക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. നിലവിലുള്ള പഠനങ്ങള്‍ പ്രകാരം പ്രതിവര്‍ഷം കടലിലേക്ക് ഏകദേശം 80 ലക്ഷം മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് എത്തുന്നത്. ഇങ്ങനെയെങ്കിലാണെങ്കില്‍ 2050 ആകുമ്പോഴേയ്ക്കും കടലില്‍ മത്സ്യത്തെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ആയിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News