ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 6.9 ശതമാനമാക്കി ഉയര്‍ത്തി ലോക ബാങ്ക്

Update: 2022-12-06 09:17 GMT

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പ്രവചനം 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാക്കി ലോക ബാങ്ക് ഉയര്‍ത്തി. ഇന്ത്യ വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണെന്നും, വളര്‍ന്നു വരുന്ന സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം ഇന്ത്യയെ ബദല്‍ നിക്ഷേപ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം രാജ്യത്തെ ശരാശരി റീട്ടെയില്‍ പണപ്പെരുപ്പം 7.1 ശതമാനമാകുമെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുഎസ്, യൂറോ മേഖല, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചേക്കാം. എങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി 6.4 ശതമാനമായി കുറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഗവണ്മെന്റിനു സാധിച്ചു. ലോക ബാങ്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6.9 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8.7 ശതമാനമായിരുന്നു.

സാമ്പത്തിക നയം കര്‍ശനമാക്കുന്നതും ഉയര്‍ന്ന കമ്മോഡിറ്റി വിലയുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം, മിതത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ജനുവരി മുതല്‍ കേന്ദ്ര ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.

മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇളവ് വരുത്തിയതാണ് കാരണം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍പുള്ള മൂന്ന് മാസത്തെ വളര്‍ച്ച 13.5 ശതമാനമായിരുന്നു.

Tags:    

Similar News