മാര്‍ച്ചില്‍ സേവന മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

ഫെബ്രുവരിയില്‍ 12 മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായിരുന്നു.

Update: 2023-04-05 07:23 GMT

ഇന്ത്യയുടെ സേവന മേഖലയുടെ വളര്‍ച്ചയില്‍ മാര്‍ച്ചില്‍ ഇടിവ് പ്രകടമായതായി എസ്&പി ഗ്ലോബല്‍ പുറത്തിറക്കിയ സര്‍വെ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ 12 മാസ കാലയളവിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച സ്വന്തമാക്കിയതില്‍ നിന്നാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ 59.4 ആയിരുന്നു പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്‌സ് (പിഎംഐ). മാര്‍ച്ചിലിത് 57.8 ആയി താഴ്ന്നു. റോയ്‌ട്ടേര്‍സ് പോള്‍ പ്രവചിച്ചിരുന്ന 58.3 എന്നതിനും താഴെയാണിത്.

തുടര്‍ച്ചയായ 20-ാം മാസമാണ് സേവന മേഖയുടെ പിഎംഐ വളര്‍ച്ചയെ സൂചിപ്പിക്കുന്ന 50നു മുകളിലുള്ള പോയിന്‍റ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയിലെ വളര്‍ച്ചാ ആക്കത്തിന്‍റെ തുടര്‍ച്ചയായി മാര്‍ച്ചിലും പുതിയ ബിസിനസുകളുടെ കാര്യത്തില്‍ വളര്‍ച്ചയുണ്ടായി. 'അസംസ്‌കൃത വസ്തുക്കളുടെ ചെലവ് നല്‍കുന്ന സമ്മര്‍ദം മാനുഫാക്ചറിംഗ് മേഖലയുടേതിന് സമാനമായി സേവന മേഖലയിലും മയപ്പെട്ടു. ഇന്‍പുട്ട് കോസ്റ്റ് പണപ്പെരുപ്പത്തിന്‍റെ മൊത്തം നിരക്ക് മാര്‍ച്ചില്‍ രണ്ടര വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലെത്തി,' എസ്&പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്‍റെ പോളിയാന്ന ഡി ലിമ പറഞ്ഞു.

ഈയാഴ്ച ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചിലെ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ മൂന്നു മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ സേവന മേഖലയുടെ വളര്‍ച്ചയിലുണ്ടായ ഇടിവിന്‍റെ ഫലമായി സംയോജിത പിഎംഐ 58.4 ആയി. ഫെബ്രുവരിയിലിത് 59.0 ആയിരുന്നു.

Tags:    

Similar News