റീട്ടെയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട്
- വാര്‍ഷിക ശരാശരി 4.8 ശതമാനമായിരിക്കുമെന്നും എസ്ബിഐ റിപ്പോര്‍ട്ട്
- 2026ലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്താനും സാധ്യത
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി കുറയും. വാര്‍ഷിക ശരാശരി 4.8 ശതമാനമായിരിക്കുമെന്നും എസ്ബിഐയുടെ റിപ്പോര്‍ട്ട്.
2026ല്‍ പണപ്പെരുപ്പം ശരാശരി 4.2 ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിലെത്തും. റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം 2026ലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തെ കുറിച്ചുള്ള പ്രവചനമാണ്. ഈ കാലയളവില്‍ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ പോവാനുള്ള സാധ്യതയാണ് പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ ലക്ഷ്യപരിധിയില്‍ ഈ വര്‍ഷം അവസാനത്തോടെ പണപെരുപ്പമെത്തുമെന്ന സൂചനയാണ് അത് നല്‍കുന്നത്. അതേസമയം, ഭക്ഷണ, ഇന്ധന വിലകളിലെ ചാഞ്ചാട്ടം വെല്ലുവിളിയാണ്. ഒപ്പം ആഗോള വ്യാപാര യുദ്ധവും പ്രതിസന്ധി സൃഷ്ടിക്കാം. പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും ഉയര്‍ന്നതലത്തില്‍ തുടരുന്നതായിരുന്നു റിപ്പോ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്‍തിരിപ്പിച്ചത്.
പണപ്പെരുപ്പം കുറയുന്നതോടെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് കുറയ്ക്കല്‍ ഉണ്ടാവാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വെള്ളിയാഴ്ചയാണ് ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വരുന്നത്. നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷയാണ് സാമ്പത്തിക ലോകത്തിനുള്ളതും.
ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍, ആഗോള സമ്പദ് രംഗത്തെ ചലനങ്ങള്‍, ക്രൂഡ് വില വര്‍ധന തുടങ്ങിയ വെല്ലുവിളികളും യോഗം പരിഗണിക്കും.