ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കും
- മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് വരെ കുറച്ചേക്കും
- ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സിപിഐ പണപ്പെരുപ്പം 3.9 ശതമാനമായിരിക്കും
;
റിസര്‍വ് ബാങ്ക് മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് വരെ കുറയ്ക്കാന്‍ സാധ്യതയെന്ന് എസ്ബിഐ. ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്ക് കുറയ്ക്കല്‍ ഉണ്ടാവും.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ച്ചയായ ധനനയ യോഗങ്ങളില്‍ 25 ബേസിസ് പോയിന്റ് വീതമായിരിക്കും റിപ്പോ നിരക്ക് കുറയ്ക്കുക. ഒക്ടോബറിലെത്തുമ്പോഴേക്കും പ്രതീക്ഷിക്കുന്നത് 75 ബേസിസ് പോയിന്റിന്റെ കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സിപിഐ പണപ്പെരുപ്പം 3.9 ശതമാനമായിരിക്കും. വാര്‍ഷിക ശരാശരി 4.7 ശതമാനമായിരിക്കുമെന്നും അവര്‍ ചൂണ്ടികാട്ടി.2026 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ പണപ്പെരുപ്പം 4.0 ശതമാനത്തിനും 4.2 ശതമാനത്തിനും ഇടയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രവണത കണക്കിലെടുക്കുമ്പോഴാണ് റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് നിരക്ക് കുറയുമെന്ന് വിലയിരുത്തല്‍ എസ്ബിഐ നടത്തുന്നത്. ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാലു ശതമാനത്തിനുതാഴെയായതും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് ഇത് കുറഞ്ഞത്.
2024 ജൂലായിലെ 3.6 ശതമാനം കഴിഞ്ഞാലുള്ള കുറഞ്ഞ നിരക്കാണിത്.പുതിയ കണക്കുപ്രകാരം ജനുവരിയില്‍ 4.26 ശതമാനമാണ് ഉപഭോക്തൃ പണപ്പെരുപ്പം. ഇതിനെക്കാള്‍ 0.65 ശതമാനത്തിന്റെ കുറവാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്നു ഇത്.ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിന് വേഗം കുറഞ്ഞതാണ് ഫെബ്രുവരിയില്‍ പണപ്പെരുപ്പം ഇത്രയും കുറയാന്‍ സഹായകമായത്. ജനുവരിയിലെ 5.97 ശതമാനത്തില്‍നിന്ന് 3.75 ശതമാനമായാണ് ഇത് കുറഞ്ഞത്. 2023 മേയ് മാസത്തിനുശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്നും എസ്ബിഐ വ്യക്തമാക്കി.