ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകും
- ഇന്ത്യയുടെ പണനയവും സാമ്പത്തിക നയവും സമ്പദ് വളര്‍ച്ചയെ പിന്തുണയ്ക്കും
- ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യുഎസ്, യൂറോപ്പ്, ചൈന എന്നിവയേക്കാള്‍ ശക്തം
;
ഇന്ത്യ ലോകത്തെ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയായി മാറുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. ഉല്‍പ്പാദന മേഖലയിലെ ഉണര്‍വ്, ജനസംഖ്യ വളര്‍ച്ച, മാക്രോ ഇക്കണോമിക് സൂചകങ്ങള്‍ എന്നിവ വിപണിയ്ക്ക് ശക്തിയേകുമെന്നാണ് വിലയിരുത്തല്‍.
ആഗോള ഉല്‍പ്പന്ന ഹബ്ബായി മാറി കൊണ്ടിരിക്കുകയാണ് ഇന്ത്യ. മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളാണ് ഇന്ന് രാജ്യത്തുള്ളത്. ഇത് ചരക്ക് സേവനങ്ങള്‍ അതിവേഗത്തില്‍ കൈമാറ്റം ചെയ്യുന്നതിന് സഹായിക്കുമെന്നും മോര്‍ഗന്‍ സ്റ്റാല്‍ലിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യയുടെ പണനയവും സാമ്പത്തിക നയവും സമ്പദ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതാണ്. 2025ല്‍ 6.3 ശതമാനവും 26ല്‍ 6.5 ശതമാനവും ജിഡിപി വളര്‍ച്ച കൈവരിക്കും.
ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും, ഏഷ്യയില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യുഎസ്, യൂറോപ്പ്, ചൈന എന്നിവയേക്കാള്‍ ശക്തമാണ്. ശക്തമായ സേവന കയറ്റുമതി, ചരക്ക് കയറ്റുമതിയിലുള്ള കുറഞ്ഞ ആശ്രയത്വം, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയാണ് മേഖലയിലെ മറ്റ് സമ്പദ് വ്യവസ്ഥകളെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍.
സ്ഥിരതയുള്ള സര്‍ക്കാര്‍, സാമ്പത്തിക സ്ഥിരത, വളര്‍ന്നുവരുന്ന സംരംഭകത്വം എന്നിവ ഇന്ത്യന്‍ വിപണിക്ക് ശക്തിയേകും. വരും ദശകങ്ങളില്‍ ആഗോള ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയൊരു പങ്ക് നേടുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം പോവുന്നത്. ധനകമ്മി ലക്ഷ്യം 4.5 ശതമാനമായിരിക്കും എന്നായിരുന്നു മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു.
ബജറ്റില്‍ സര്‍ക്കാര്‍ മൂലധന ചെലവിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ദീര്‍ഘകാല സാമ്പത്തിക വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് ഈ പണംം വിനിയോഗിക്കുന്നത്. ഇതും സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് വഴിയൊരുക്കലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിച്ചു.