9 റഷ്യന്‍ ബാങ്കുകള്‍ക്ക് വാസ്ട്രോ അക്കൗണ്ട് തുറക്കാന്‍ അനുമതി

Update: 2022-11-16 09:17 GMT

russian banks to open vostro accounts for india 


ഡെല്‍ഹി: റഷ്യയുമായുള്ള രൂപയുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് സ്പെഷ്യല്‍ വാസ്ട്രോ അക്കൗണ്ട് തുറക്കാന്‍ ഒമ്പത് ബാങ്കുകള്‍ക്ക്ക്കൂടി ആര്‍ബിഐ അനുമതി നല്‍കി. മൂന്നു മാസം മുമ്പാണ് ആര്‍ബിഐ റഷ്യയുമായുള്ള വ്യാപാര ഇടപാടുകളുടെ സെറ്റില്‍മെന്റിന് രൂപ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ അനുമതി ലഭിച്ച ഒമ്പത് ബാങ്കുകളില്‍ ഗാസ്പ്രോംബാങ്ക് യൂക്കോ ബാങ്കുമായി ചേര്‍ന്നും, വിടിബി, സ്ബെര്‍ബാങ്ക് എന്നിവ അവരുടെ തന്നെ ബ്രാഞ്ച് ഓഫീസുകളിലുമാണ് അക്കൗണ്ട് തുറന്നത്. വിവിധ റഷ്യന്‍ ബാങ്കുകളുടെ മറ്റ് ആറ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലാണ്.

സ്പെഷ്യല്‍ വാസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതോടെ ഇന്ത്യ-റഷ്യ വ്യാപാര പേയ്മെന്റുകള്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിക്കാം. ആര്‍ബിഐയുടെ പ്രധാന ലക്ഷ്യമായ അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിക്കാനുള്ള അവസരവുമാണ് ഇതുവഴി ഒരുങ്ങുന്നത്. ഈ സ്പെഷ്യല്‍ വാസ്ട്രോ അക്കൗണ്ടുകളിലെ അധിക തുക ഇന്ത്യയിലെ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കുന്നുണ്ട്. ഇത് പുതിയ നീക്കത്തെ ജനപ്രിയമാക്കുന്നതാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം.


റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 410 ശതമാനം വര്‍ധിച്ച് 21 ബില്യണ്‍ ഡോളറായി. ക്രൂഡോയിലിന്റെയും, വളത്തിന്റെയും ഇറക്കുമതി വര്‍ധിച്ചതാണ് ഇതിനു കാരണം. റഷ്യ 20 ബില്യണ്‍ ഡോളറിന്റെ വ്യാപാര വിടവ് നികത്താന്‍ കൂടുതല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വ്യാപാര ഇടപാടുകളിലെ രൂപയുടെ ഉപയോഗം വിജയിക്കണമെങ്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംതുലിതമായ വ്യാപാരം നടത്തേണ്ടതുണ്ട്.

Tags:    

Similar News