എണ്ണവിലയിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല, പണപ്പെരുപ്പം നേരിടാന്‍ കേന്ദ്രം നികുതി കുറച്ചേക്കും
രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പ്രതിരോധം എന്ന നിലയ്ക്ക് ഇന്ധനത്തിന്റെ നികുതിയില്‍ ഇളവ് നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി മാസത്തെ പണപ്പെരുപ്പ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
ജനുവരി മാസത്തില്‍ രാജ്യത്തിന്റെ റീട്ടെയില്‍ പണപ്പെരുപ്പം 5.72 ശതമാനത്തില്‍ നിന്ന് 6.52 ശതമാനമായി ഉയര്‍ന്നു. പാല്‍, ചോളം, എണ്ണ, മുതലായ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഉയര്‍ന്ന നിലയില്‍ തുടരും. ഇത് ഹ്രസ്വ കാലത്തേക്ക് പണപ്പെരുപ്പ ആശങ്കകകള്‍ക്ക് ആക്കം കൂട്ടും.
ചോളം പോലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തോളമാണ് തീരുവയുള്ളതെന്നും അതിനാല്‍ അത് വെട്ടി കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയമോ, കേന്ദ്ര ബാങ്കോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഇളവ് വന്നിട്ടുണ്ടെങ്കിലും, വിലയിലെ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഇന്ധന കമ്പനികള്‍ ഇനിയും തയാറായിട്ടില്ല.
ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ സര്‍ക്കാര്‍ നികുതി വെട്ടി കുറക്കുന്നത് മൂലം റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ നേട്ടം എത്തിക്കുന്നതിനും പണപ്പെരുപ്പം കുറക്കുന്നതിനും കഴിയും. ഒക്ടോബറിന് ശേഷം ആദ്യമായാണ് റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ പോവുന്നത്.